---
title: "യുവതിയെ ഉപദ്രവിക്കാൻ മുന്നിൽ നിന്നത് മറ്റൊരു സ്ത്രീ; സ്പായിൽ ജോലി വാഗ്ദാനം ചെയ്ത് കൂട്ടബലാത്സംഗം, ഒളിവിലുള്ള പ്രതികൾക്കായി അന്വേഷണം"
english_title: "Woman Among Accused in Spa Job Offer Gang Rape Case in Kochi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385692/spa-job-offer-gang-rape-kochi"
published_at: "2026-10-06T08:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac2f4e43ed25_spa-job-offer-rape-case-kochi.jpg"
keywords: ["KochiCrime", "GangRapeCase", "SpaJobFraud", "KeralaPolice", "OLXScam"]
---

# യുവതിയെ ഉപദ്രവിക്കാൻ മുന്നിൽ നിന്നത് മറ്റൊരു സ്ത്രീ; സ്പായിൽ ജോലി വാഗ്ദാനം ചെയ്ത് കൂട്ടബലാത്സംഗം, ഒളിവിലുള്ള പ്രതികൾക്കായി അന്വേഷണം

> **Lead Summary:** **കൊച്ചി: **എറണാകുളം കളമശ്ശേരിയിൽ സ്പായിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ വിളിപ്പിച്ചു വരുത്തി ലഹരി നൽകി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ക്രൂരമായ അതിക്രമത്തിന് പിന്നിൽ പ്രതികൾ വൻ ആസൂത്രണം നടത്തിയിരുന്നതായി പോലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശി ശ്രീരാജ്, എറണാകുളം സ്വദേശി ജിത്ത് മാർട്ടിൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

**കൊച്ചി: **എറണാകുളം കളമശ്ശേരിയിൽ സ്പായിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ വിളിപ്പിച്ചു വരുത്തി ലഹരി നൽകി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ക്രൂരമായ അതിക്രമത്തിന് പിന്നിൽ പ്രതികൾ വൻ ആസൂത്രണം നടത്തിയിരുന്നതായി പോലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശി ശ്രീരാജ്, എറണാകുളം സ്വദേശി ജിത്ത് മാർട്ടിൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

കൊച്ചിയിലെ സ്പായിൽ മാനേജരായി ആളെ ആവശ്യമുണ്ടെന്ന OLX-ലെ പരസ്യം കണ്ടാണ് അതിജീവിത പ്രതികളെ ഫോണിൽ ബന്ധപ്പെടുന്നത്. ഒക്ടോബർ രണ്ടാം തീയതി പകൽ പത്തടിപ്പാലത്തെ സ്പായിൽ അഭിമുഖത്തിനെത്താൻ പ്രതികൾ ആവശ്യപ്പെട്ടു. അഭിമുഖത്തിനുശേഷം തിരികെ വീട്ടിലെത്തിയ യുവതിയുടെ ഭർത്താവ് ടാക്സി ഓടിക്കാൻ പുറത്തുപോയെന്ന് കൃത്യമായി ഉറപ്പുവരുത്തിയ ശേഷമാണ് പ്രതികൾ യുവതിക്ക് വാഹനം അയച്ച് വൈകുന്നേരം ഇടപ്പള്ളിയിലെ ലോഡ്ജിലേക്ക് വിളിപ്പിച്ചു വരുത്തിയത്.

ലോഡ്ജിലെത്തിച്ച യുവതിക്ക് ആദ്യം മദ്യവും തുടർന്ന് നിർബന്ധിച്ച് രാസലഹരിയും നൽകുകയായിരുന്നു. അപകടം മണത്ത യുവതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികൾ തടഞ്ഞു നിർത്തി. തുടർന്ന് അബോധാവസ്ഥയിലായ യുവതിയെ നാലംഗ സംഘം ചേരുന്ന് ക്രൂരമായി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന രണ്ടാം പ്രതിയായ സ്ത്രീയും തനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നും തന്നോട് കൂടുതൽ ക്രൂരത കാണിച്ചത് ഈ സ്ത്രീയാണെന്നും അതിജീവിത മൊഴി നൽകി. പീഡനത്തിനുശേഷം യുവതിക്ക് തിരികെ പോകാനായി പുതിയ വസ്ത്രങ്ങൾ വാങ്ങി നൽകിയാണ് പ്രതികൾ മടക്കി അയച്ചത്.

കൊച്ചിയിൽ നാല് സ്പാകളുടെ നടത്തിപ്പുകാരനാണ് പിടിയിലായ പ്രതികളിലൊരാൾ. സ്പായുടെ മറവിൽ പ്രതികൾ മുൻപും സമാനമായ രീതിയിൽ യുവതികളെ ഉപദ്രവിച്ചിട്ടുണ്ടോയെന്നും ഇവർക്ക് സെക്സ് റാക്കറ്റുമായി ബന്ധമുണ്ടോയെന്നും അന്വേഷിച്ചു വരികയാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം വിശദമായ മൊഴി രേഖപ്പെടുത്തും. കേസിൽ ഒളിവിൽ കഴിയുന്ന രണ്ടാം പ്രതിയായ യുവതിക്കും നാലാം പ്രതിക്കുമായി പോലീസ് തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

**English Summary:**

Police in Kochi say a woman was lured with a spa job offer, drugged, and gang-raped in a premeditated attack in Kalamassery and Edappally. Two accused have been arrested, while two others, including a woman, remain on the run.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385692/spa-job-offer-gang-rape-kochi)