---
title: "എം.എൽ.എയുടെ പി.എ ആണ്, പെട്ടെന്ന് പണം വേണം!; പെരുമ്പാവൂരിൽ പ്രമുഖരുടെ പേരിൽ തട്ടിപ്പ് നടത്തുന്ന വൻ തട്ടുകാരൻ ഒടുവിൽ പോലീസിന്റെ പിടിയിൽ"
english_title: "Man Arrested for Posing as MLA’s PA and Trying to Cheat Money"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385666/perumbavoor-mla-pa-money-fraud-arrest"
published_at: "2026-10-05T21:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac3cf0e7348a_perumbavoor-mla-pa-money-fraud-arrest.jpg"
keywords: ["PerumbavoorPolice", "MLAFraud", "GooglePayScam", "CyberFraud", "KeralaCrime"]
---

# എം.എൽ.എയുടെ പി.എ ആണ്, പെട്ടെന്ന് പണം വേണം!; പെരുമ്പാവൂരിൽ പ്രമുഖരുടെ പേരിൽ തട്ടിപ്പ് നടത്തുന്ന വൻ തട്ടുകാരൻ ഒടുവിൽ പോലീസിന്റെ പിടിയിൽ

> **Lead Summary:** **കൊച്ചി: ** പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് വ്യാജേന പരിചയപ്പെടുത്തി ഗൂഗിൾ പേ വഴി പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രധാന പ്രതി പോലീസിന്റെ പിടിയിലായി. കോട്ടപ്പടി ഇടയാത് വീട്ടിൽ സുരേഷിനെയാണ് പെരുമ്പാവൂർ പോലീസ് സാഹസികമായി അറസ്റ്റ് ചെയ്തത്. കാഞ്ഞിരക്കാട് സ്വദേശിയായ സജിത്ത് നൽകിയ പരാതിയിലാണ് പോലീസിന്റെ നിർണ്ണായക നടപടി.

## Article Content

**കൊച്ചി: ** പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് വ്യാജേന പരിചയപ്പെടുത്തി ഗൂഗിൾ പേ വഴി പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രധാന പ്രതി പോലീസിന്റെ പിടിയിലായി. കോട്ടപ്പടി ഇടയാത് വീട്ടിൽ സുരേഷിനെയാണ് പെരുമ്പാവൂർ പോലീസ് സാഹസികമായി അറസ്റ്റ് ചെയ്തത്. കാഞ്ഞിരക്കാട് സ്വദേശിയായ സജിത്ത് നൽകിയ പരാതിയിലാണ് പോലീസിന്റെ നിർണ്ണായക നടപടി.

കഴിഞ്ഞ ജൂലൈ 15-നാണ് സജിത്തിന്റെ ഫോണിലേക്ക് എം.എൽ.എയുടെ ഓഫീസിൽ നിന്നാണെന്നും പി.എ ആണെന്നും പറഞ്ഞ് സുരേഷ് വിളിക്കുന്നത്. എം.എൽ.എയുടെ വീടിനടുത്തുള്ള ചേച്ചിക്ക് അടിയന്തരമായി ഡയാലിസിസ് ചെയ്യാൻ പണത്തിന് ബുദ്ധിമുട്ടുണ്ടെന്നും എത്രയും വേഗം ഗൂഗിൾ പേ (Google Pay) വഴി പണം അയച്ചു നൽകണമെന്നുമായിരുന്നു ആവശ്യപ്പെട്ടത്. എന്നാൽ ഫോൺ സംഭാഷണത്തിൽ സംശയം തോന്നിയ സജിത്ത് പണം അയക്കാതെ ഉടൻ തന്നെ പെരുമ്പാവൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.

അറസ്റ്റിലായ സുരേഷ് സ്ഥിരം തട്ടിപ്പുകാരനാണെന്ന് പോലീസ് വ്യക്തമാക്കി. കാട്ടാക്കട, പെരുമ്പാവൂർ, കുറുപ്പംപടി, കോട്ടപ്പടി, കോടാട്, കോതമംഗലം തുടങ്ങിയ പോലീസ് സ്റ്റേഷൻ അതിർത്തികളിലായി ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. കാട്ടാക്കടയിലും സമാനമായ രീതിയിൽ പ്രമുഖരുടെ പേരുപറഞ്ഞു തട്ടിപ്പ് നടത്തിയതിന് ഇയാൾക്കെതിരെ കേസുണ്ട്.

പെരുമ്പാവൂർ എസ്.എച്ച്.ഒ എ. അക്ഷയ് കുമാർ, എസ്.ഐമാരായ മാർട്ടിൻ ജോസഫ്, എസ്.എൽ. അർജുൻ, എ.എസ്.ഐ രതി, സീനിയർ സി.പി.ഒ കെ.ബി. മാഹിൻഷാ, സി.പി.ഒമാരായ സിബിൻ, നജ്മി എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

**English Summary:**

Perumbavoor police arrested Suresh, 42, for allegedly impersonating the Perumbavoor MLA’s Personal Assistant and attempting to extract money via Google Pay. The accused, described by police as a habitual fraudster, was taken into custody following a complaint from a Kanjirakkad resident and later remanded.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385666/perumbavoor-mla-pa-money-fraud-arrest)