---
title: "'കൂടിയാലോചനകളില്ല'; മുഖ്യമന്ത്രി വി ഡി സതീശനെതിരെ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് പരാതി നല്‍കി അടൂര്‍ പ്രകാശ്"
english_title: "No Consultations: Adoor Prakash Complains to Kharge Against V D Satheesan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385636/adoor-prakash-complains-kharge-satheesan"
published_at: "2026-10-05T16:40:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac386468e9a2_adoor-prakash-complains-kharge-satheesan.jpg"
keywords: ["UDF", "Congress", "MallikarjunKharge", "VDSatheesan", "AdoorPrakash"]
---

# 'കൂടിയാലോചനകളില്ല'; മുഖ്യമന്ത്രി വി ഡി സതീശനെതിരെ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് പരാതി നല്‍കി അടൂര്‍ പ്രകാശ്

> **Lead Summary:** ന്യൂഡൽഹി: യുഡിഎഫിൽ പരസ്പര കൂടിയാലോചന നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് പരാതി നൽകി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. പരാതി നൽകിയെന്ന് അറിയിച്ച അടൂർ പ്രകാശ് മറ്റ് ചോദ്യങ്ങളിൽ പ്രതികരിച്ചില്ല.

## Article Content

ന്യൂഡൽഹി: യുഡിഎഫിൽ പരസ്പര കൂടിയാലോചന നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് പരാതി നൽകി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. പരാതി നൽകിയെന്ന് അറിയിച്ച അടൂർ പ്രകാശ് മറ്റ് ചോദ്യങ്ങളിൽ പ്രതികരിച്ചില്ല.

യുഡിഎഫ് ചെയർമാൻ കൂടിയായ മുഖ്യമന്ത്രി വി ഡി സതീശൻ കൂടിയാലോചന നടത്തുന്നില്ലെന്ന വിമർശനവുമായി അടൂർ പ്രകാശ് നേരത്തെ രംഗത്തെത്തിയിരുന്നു. വി ഡി സതീശനെതിരായ വിമർശനം അനുഭവത്തിന്റെ വെളിച്ചത്തിലുള്ളതെന്ന് അടൂർ പ്രകാശ് ആവർത്തിച്ചിരുന്നു.

വിഷയത്തിൽ ആരുടെയും പിന്തുണ തേടിയിട്ടില്ലെന്നും തനിക്ക് പറയാനുള്ള കാര്യങ്ങൾ എഐസിസിയെ അറിയിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.

അതൃപ്തി അറിയിച്ചുകൊണ്ട് അടൂർ പ്രകാശ് മുഖ്യമന്ത്രി വി ഡി സതീശനെതിരെ അസാധാരണ വാർത്താസമ്മേളനവും നടത്തിയിരുന്നു. ബോർഡ്, കോർപ്പറേഷൻ നിയമനങ്ങൾ നടന്നത് ചർച്ചയില്ലാതെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

ഭരണ പരിഷ്കാര കമ്മീഷൻ അധ്യക്ഷ നിയമനത്തിലും, ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി നിയമനത്തിലുമുള്ള അതൃപ്തി അദ്ദേഹം വ്യക്തമാക്കി. പല കാര്യങ്ങളും അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നും വാർത്താസമ്മേളനത്തിൽ അടൂർ പ്രകാശ് തുറന്നടിച്ചിരുന്നു.

'യുഡിഎഫിൽ യാതൊരു കൂടിയാലോചനയും ഉണ്ടായില്ല. യുഡിഎഫ് യോഗം ചേരാൻ കഴിഞ്ഞില്ല. യോഗം വിളിക്കേണ്ടിയിരുന്നത് ചെയർമാൻ എന്ന നിലയിൽ മുഖ്യമന്ത്രിയായിരുന്നു. ഇതിന് മുഖ്യമന്ത്രി മുൻകൈ എടുത്തില്ല.

പല കാര്യങ്ങളും ചർച്ച ചെയ്ത് തീരുമാനമെടുക്കേണ്ടതായിരുന്നു', എന്നായിരുന്നു അടൂർ പ്രകാശ് പറഞ്ഞത്. യുഡിഎഫും കോൺഗ്രസും തമ്മിൽ സംഘർഷമില്ല. അത്തരം കാര്യങ്ങൾ പറയേണ്ടിവന്നുവെന്നത് യാഥാർത്ഥ്യമാണ്.

പറഞ്ഞതിനപ്പുറം ഒന്നും പറയാൻ ഇല്ല. സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഒറ്റത്തവണയേ ക്ലിഫ് ഹൗസിൽ യോഗം ചേർന്നിട്ടുള്ളൂ. ആർക്കെങ്കിലും സ്ഥാനമാനങ്ങൾ കൊടുത്തതിൽ എതിരല്ല. കൂട്ടായ ചർച്ചയിലൂടെ വേണമായിരുന്നു തീരുമാനം.

യുഡിഎഫ് കൺവീനർ എന്ന നിലയിൽ കൂടി ആലോചിക്കണമായിരുന്നുവെന്നും അടൂർ പ്രകാശ് പറഞ്ഞിരുന്നു. മുസ്‌ലിം ലീഗിന് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷപദവി നൽകിയതിന് പിന്നാലെയാണ് പാർട്ടിയിലെ പോർ പരസ്യമായത്.

Adoor Prakash has complained to Congress president Mallikarjun Kharge, alleging that there is no proper consultation within the UDF. He reiterated his criticism of Chief Minister and UDF chairman V D Satheesan, saying key decisions were being taken without discussion.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385636/adoor-prakash-complains-kharge-satheesan)