---
title: "യുവ അഭിഭാഷക പരാതി നൽകിയത് ഡിജിറ്റൽ തെളിവുകളോടെ; ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയ ഇ.എൻ സുരേഷ് ബാബുവിനെതിരെ കൂടുതൽ നടപടിക്ക് സാധ്യത"
english_title: "Digital Evidence in Complaint: More Action Likely Against E.N. Suresh Babu"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385551/digital-evidence-complaint-suresh-babu-action"
published_at: "2026-10-05T09:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac322f78e430_digital-evidence-complaint-suresh-babu-action.jpg"
keywords: ["CpiM", "PalakkadPolitics", "DigitalEvidence", "PartyAction", "KeralaNews"]
---

# യുവ അഭിഭാഷക പരാതി നൽകിയത് ഡിജിറ്റൽ തെളിവുകളോടെ; ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയ ഇ.എൻ സുരേഷ് ബാബുവിനെതിരെ കൂടുതൽ നടപടിക്ക് സാധ്യത

> **Lead Summary:** പാലക്കാട്: സിപിഐഎം പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇ. എൻ. സുരേഷ് ബാബുവിനെതിരെ കൂടുതൽ പാർട്ടി നടപടികൾക്ക് സാധ്യത. വനിതാ പ്രവർത്തകയുടെ പരാതി പരിശോധിച്ച ശേഷം ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.

## Article Content

പാലക്കാട്: സിപിഐഎം പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇ. എൻ. സുരേഷ് ബാബുവിനെതിരെ കൂടുതൽ പാർട്ടി നടപടികൾക്ക് സാധ്യത. വനിതാ പ്രവർത്തകയുടെ പരാതി പരിശോധിച്ച ശേഷം ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.

ഇ. എൻ. സുരേഷ് ബാബുവിനെതിരെ പാർട്ടി അന്വേഷണം വരാനാണ് സാധ്യത. പ്രത്യേക കമ്മീഷനെ വെച്ചാകും അന്വേഷിക്കുക. സംഘടനാപരമായി ഉയർന്ന പരാതികളും കമ്മീഷൻ അന്വേഷിക്കും.

അടുത്ത സംസ്ഥാന കമ്മിറ്റിയിൽ കമ്മീഷനെ നിശ്ചയിച്ചേക്കും. യുവ അഭിഭാഷകയുടെ ലൈംഗിക പരാതി ഗൗരവതരമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. പാർട്ടി ഓഫീസിൽ വിളിച്ചുവരുത്തി അപമാനിച്ചതിന്റെ ഡിജിറ്റൽ തെളിവുകൾ പരാതിക്കാരി പാർട്ടിക്ക് നൽകിയിട്ടുണ്ട്.

സുരേഷ് ബാബുവിനെ പാർട്ടിയുടെ എല്ലാ ചുമതലകളിൽ നിന്നും പുറത്താക്കണമെന്ന ശക്തമായ ആവശ്യം ജില്ലാ സെക്രട്ടറിയേറ്റിലും ജില്ലാ കമ്മിറ്റിയിലും ഉയർന്നിരുന്നു. ഗുരുതരമായ ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ പാർട്ടി പദവികളിൽ സുരേഷ് ബാബു തുടരുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് ജില്ലാ നേതൃത്വം.

അതുകൊണ്ടുതന്നെ സംസ്ഥാന കമ്മിറ്റിയിൽ നിന്നും ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയേക്കുമെന്നും സൂചനയുണ്ട്. തുടർനടപടികൾ പരാതികൾ പരിശോധിച്ച ശേഷമെന്നാണ് എം. വി. ഗോവിന്ദൻ പ്രതികരിച്ചത്. ജില്ലയിൽ നിന്നുള്ള കേന്ദ്ര, സംസ്ഥാന വനിതാ നേതാക്കൾ യുവതിയുടെ പീഡന പരാതി അന്വേഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇ. എൻ. സുരേഷ് ബാബുവിന്റെ സെക്രട്ടറി സ്ഥാനം തെറിച്ചത്.

സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഇ. എൻ. സുരേഷ് ബാബുവിനെ മാറ്റി പകരം വി. ചെന്താമരാക്ഷനെയാണ് നിയമിച്ചിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാൽ സ്ഥാനമൊഴിയുന്നതായി സുരേഷ് ബാബു പാർട്ടിയെ അറിയിച്ചുവെന്നും ഇതിനാൽ പകരം തന്നെ പാർട്ടി ചുമതലപ്പെടുത്തുകയായിരുന്നുവെന്നുമാണ് ഇരുവരും ചേർന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ വി. ചെന്താമരാക്ഷൻ ഇന്നലെ പ്രതികരിച്ചത്.

വ്യക്തിപരമായ കാരണങ്ങളാലാണ് പിന്മാറുന്നതെന്ന് സുരേഷ് ബാബുവും പറഞ്ഞിരുന്നു. ചെന്താമരാക്ഷൻ തന്നേക്കാൾ പ്രബലനായ ജില്ലാ സെക്രട്ടറിയായി മാറുന്ന കാഴ്ച ഭാവിയിൽ കാണാമെന്നും സുരേഷ് ബാബു പറഞ്ഞിരുന്നു.

The CPI(M) may initiate further disciplinary action against former Palakkad district secretary E.N. Suresh Babu after reviewing a complaint from a young woman lawyer. The party leadership is expected to appoint a special commission, while digital evidence submitted by the complainant is being treated as serious.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385551/digital-evidence-complaint-suresh-babu-action)