---
title: "‘ജോലിക്ക് പോകുമ്പോൾ മുറിയിൽ പൂട്ടിയിടും’; സൗദിയിൽ ഭർത്താവിന്റെ ക്രൂരമർദ്ദനമെന്ന് പരാതി; ഗുരുതര പരുക്കുകളോടെ നാട്ടിലെത്തിയ നവവധു ആശുപത്രിയിൽ"
english_title: "Newlywed Alleges Brutal Abuse in Saudi Arabia, Says She Was Locked In Room"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385536/newlywed-alleges-abuse-saudi-arabia"
published_at: "2026-10-05T07:22:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac30357ab08f_newlywed-alleges-abuse-saudi-arabia.jpg"
keywords: ["SaudiAbuse", "DomesticViolence", "KeralaNews", "WomenSafety", "PoliceInvestigation"]
---

# ‘ജോലിക്ക് പോകുമ്പോൾ മുറിയിൽ പൂട്ടിയിടും’; സൗദിയിൽ ഭർത്താവിന്റെ ക്രൂരമർദ്ദനമെന്ന് പരാതി; ഗുരുതര പരുക്കുകളോടെ നാട്ടിലെത്തിയ നവവധു ആശുപത്രിയിൽ

> **Lead Summary:** ചവറ (കൊല്ലം): സൗദി അറേബ്യയിൽ ഭർത്താവിന്റെ ക്രൂരമർദനത്തിന് ഇരയായെന്ന പരാതിയുമായി ഗുരുതര പരുക്കുകളോടെ നാട്ടിലെത്തിയ നവവധു കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ. നീണ്ടകര പരിമണം മണ്ണാത്തറ അനഘ മന്ദിരത്തിൽ അഞ്ജു ആണ് ചികിത്സയിലുള്ളത്.

## Article Content

ചവറ (കൊല്ലം): സൗദി അറേബ്യയിൽ ഭർത്താവിന്റെ ക്രൂരമർദനത്തിന് ഇരയായെന്ന പരാതിയുമായി ഗുരുതര പരുക്കുകളോടെ നാട്ടിലെത്തിയ നവവധു കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ. നീണ്ടകര പരിമണം മണ്ണാത്തറ അനഘ മന്ദിരത്തിൽ അഞ്ജു ആണ് ചികിത്സയിലുള്ളത്.

സ്ത്രീധനം ആവശ്യപ്പെട്ടും സൗന്ദര്യം കുറഞ്ഞെന്ന് ആരോപിച്ചും ഭർത്താവ് മർദിച്ചെന്നാണ് അഞ്ജുവിന്റെ പരാതി. സംഭവത്തിൽ ഭർത്താവ് നീണ്ടകര മുണ്ടകത്തിൽ വീട്ടിൽ നന്ദു ദിനേശ്, മാതാപിതാക്കളായ ദിനേശ്, ജഗദമ്മ എന്നിവർക്കെതിരെ ഗാർഹിക പീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു.

നന്ദു നിലവിൽ സൗദി അറേബ്യയിലാണെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ജൂലൈ 27നായിരുന്നു അഞ്ജുവിന്റെയും നന്ദുവിന്റെയും വിവാഹം.

വിവാഹം കഴിഞ്ഞ് ആഴ്ചകൾക്കുള്ളിൽ ഭർത്താവിന്റെയും വീട്ടുകാരുടെയും ഭാഗത്തുനിന്ന് മാനസിക പീഡനം ആരംഭിച്ചതായി അഞ്ജു പൊലീസിന് മൊഴി നൽകി. വിവാഹം കഴിഞ്ഞ് ഏകദേശം ഒരു മാസത്തിന് ശേഷം നന്ദു സൗദിയിലേക്ക് പോയി. പിന്നീട് ഫോണിലൂടെ അസഭ്യം പറയുന്നത് തുടർന്നതോടെ അഞ്ജു സ്വന്തം വീട്ടിലേക്ക് മടങ്ങിയതായും പരാതിയിൽ പറയുന്നു.

പിന്നീട് അനുനയിപ്പിച്ച ശേഷം കഴിഞ്ഞ മാസം നാലിന് നന്ദു അഞ്ജുവിനെ സൗദിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ ഫ്ലാറ്റിൽ പൂട്ടിയിട്ട് കുക്കർ, ഇടികല്ല്, ചൂൽ, മോപ്, ബെൽറ്റ്, ലാപ്ടോപ് ചാർജർ തുടങ്ങിയവ ഉപയോഗിച്ച് മർദിച്ചെന്നാണ് അഞ്ജുവിന്റെ ആരോപണം.

കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയതായും കൊലപ്പെടുത്തുമെന്ന് പറഞ്ഞതായും അവർ മൊഴി നൽകിയിട്ടുണ്ട്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മർദനമേറ്റതിന്റെ പാടുകളും മുറിവുകളുമുണ്ടെന്നാണ് വിവരം.

തന്നെ മോശമായി ചിത്രീകരിക്കുന്ന തരത്തിലുള്ള കാര്യങ്ങൾ നിർബന്ധിച്ച് ഓഡിയോയിൽ പറയിപ്പിക്കുകയും അത് വീട്ടുകാർക്കും ബന്ധുക്കൾക്കും അയയ്ക്കുകയും ചെയ്തതായും അഞ്ജു ആരോപിച്ചു. വിവാഹത്തിന് മുമ്പും ശേഷവും മറ്റു പലരുമായി ബന്ധമുണ്ടായിരുന്നെന്നും അതിന്റെ ദൃശ്യങ്ങൾ അശ്ലീല വെബ്‌സൈറ്റുകളിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നും നിർബന്ധിച്ച് പറയിപ്പിച്ചതായും പരാതിയിലുണ്ട്.

നന്ദു ജോലിക്ക് പോകുമ്പോൾ തന്നെ മുറിയിൽ പൂട്ടിയിട്ടിരുന്നതായും അഞ്ജു പറയുന്നു. ഡേറ്റ അനലിറ്റിക്സിൽ പി.ജി. പൂർത്തിയാക്കിയ ശേഷമായിരുന്നു അഞ്ജുവിന്റെ വിവാഹം. വിവാഹത്തിന് മുമ്പുതന്നെ നന്ദു സംശയത്തോടെ പെരുമാറിയിരുന്നെങ്കിലും അന്ന് അത് ഗൗരവമായി എടുത്തിരുന്നില്ലെന്ന് അഞ്ജു പറഞ്ഞു.

വിവാഹശേഷം ഫോൺ നമ്പർ മാറ്റിച്ചതായും സുഹൃത്തുക്കളുമായി സംസാരിക്കുന്നതിൽ വിലക്കേർപ്പെടുത്തിയതായും സമൂഹമാധ്യമ അക്കൗണ്ടുകൾ പരിശോധിക്കാൻ ആവശ്യപ്പെട്ടതായും അവർ ആരോപിക്കുന്നു.

സെപ്റ്റംബർ 30നാണ് അഞ്ജുവിനെ നാട്ടിലേക്ക് തിരിച്ചയച്ചത്. തുടർന്ന് ചികിത്സ തേടുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മന്ത്രി ബിന്ദു കൃഷ്ണയും ബന്ധുക്കൾക്ക് ഉറപ്പുനൽകിയതായി കുടുംബം അറിയിച്ചു. കേസിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

A newlywed woman from Kollam is undergoing treatment at a district hospital after returning from Saudi Arabia with serious injuries, alleging brutal abuse by her husband. She claims she was assaulted over dowry demands and subjected to repeated physical and mental harassment, while police have registered a case and begun an investigation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385536/newlywed-alleges-abuse-saudi-arabia)