---
title: "കാമുകിയുമൊത്ത് മോമോസ് കഴിച്ച ഭർത്താവിനെ പൊക്കി ഭാര്യ; ബോണറ്റിലിട്ട് 100 മീറ്റർ ഡ്രൈവ്, ഒടുവിൽ ഭർത്താവിനെതിരെ കേസ്"
english_title: "Wife Catches Husband Eating Momos With Girlfriend; He Drives 100 Metres With Her on Bonnet"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385520/wife-catches-husband-eating-momos"
published_at: "2026-10-04T22:17:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac283e2bdbe9_wife-catches-husband-eating-momos.jpg"
keywords: ["MeerutIncident", "MomosDrama", "MarriageDispute", "AttemptedMurder", "PoliceAction"]
---

# കാമുകിയുമൊത്ത് മോമോസ് കഴിച്ച ഭർത്താവിനെ പൊക്കി ഭാര്യ; ബോണറ്റിലിട്ട് 100 മീറ്റർ ഡ്രൈവ്, ഒടുവിൽ ഭർത്താവിനെതിരെ കേസ്

> **Lead Summary:** മീററ്റ്: കാമുകിയുമൊത്ത് കാറിലിരുന്ന് മോമോസ് തിന്നുന്നതിനിടെ ഭാര്യയുടെ കയ്യിൽ പെട്ട ഭർത്താവ്, ഭാര്യയെ കാറിന്റെ ബോണറ്റിലിട്ട് 100 മീറ്ററോളം വണ്ടിയോടിച്ച് കൊല്ലാൻ ശ്രമിച്ചു. മീററ്റിൽ ശനിയാഴ്ച വൈകുന്നേരമാണ് സിനിമകളെപ്പോലും വെല്ലുന്ന സംഭവങ്ങൾ അരങ്ങേറിയത്.

## Article Content

മീററ്റ്: കാമുകിയുമൊത്ത് കാറിലിരുന്ന് മോമോസ് തിന്നുന്നതിനിടെ ഭാര്യയുടെ കയ്യിൽ പെട്ട ഭർത്താവ്, ഭാര്യയെ കാറിന്റെ ബോണറ്റിലിട്ട് 100 മീറ്ററോളം വണ്ടിയോടിച്ച് കൊല്ലാൻ ശ്രമിച്ചു. മീററ്റിൽ ശനിയാഴ്ച വൈകുന്നേരമാണ് സിനിമകളെപ്പോലും വെല്ലുന്ന സംഭവങ്ങൾ അരങ്ങേറിയത്.

മായങ്ക് എന്ന യുവാവാണ് കാമുകിയെന്ന് ആരോപിക്കപ്പെടുന്ന മഹി എന്ന യുവതിയോടൊപ്പം കാറിലിരുന്ന് മോമോസ് കഴിക്കാൻ പോയത്. ഈ സമയം ആകസ്മികമായി അങ്ങോട്ടെത്തിയ മായങ്കിന്റെ ഭാര്യ സുനിത ഇവരെ ഒരുമിച്ച് കാണുകയായിരുന്നു. രോഷാകുലയായ സുനിത കാറിന്റെ ജനലിൽ ശക്തമായി തട്ടി ചോദ്യം ചെയ്യാൻ തുടങ്ങി. ആകെ പരിഭ്രാന്തനായ മായങ്ക് വാതിൽ ഉള്ളിൽനിന്ന് പൂട്ടി പെട്ടെന്ന് വണ്ടി മുന്നോട്ടെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചു.

> എന്നാൽ വിട്ടുകൊടുക്കാൻ തയ്യാറാകാതിരുന്ന സുനിത കാറിന് മുന്നിലേക്ക് കയറി ബോണറ്റിൽ വലിഞ്ഞുകയറി പിടിച്ചു കിടന്നു. എന്നിട്ടും വണ്ടി നിർത്താൻ കൂട്ടാക്കാതിരുന്ന മായങ്ക്, സുനിതയെ ബോണറ്റിലിരുത്തി 100 മീറ്ററോളം മുന്നോട്ട് വണ്ടിയോടിക്കുകയായിരുന്നു. ഓടുന്ന കാറിന്റെ ബോണറ്റിലിരുന്ന് സുനിത "രക്ഷിക്കൂ..." എന്ന് നിലവിളിച്ചതോടെ വഴിയാത്രക്കാരും നാട്ടുകാരും കാറിന് പിന്നാലെ പാഞ്ഞു. ആൾക്കൂട്ടം വളഞ്ഞതോടെ മായങ്കിന് വണ്ടി നിർത്തേണ്ടി വന്നു.

തുടർന്ന് നാട്ടുകാർ ചേർന്നാണ് സുനിതയെ രക്ഷപ്പെടുത്തി ഇരുവരേയും പോലീസിലേൽപ്പിച്ചത്. മായങ്കിനെതിരെ മർദ്ദനം, സ്ത്രീധന പീഡനം, വഞ്ചന, വധശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തതായി കോട്വാലി സർക്കിൾ ഓഫീസർ സംഗ്രാം സിങ് അറിയിച്ചു. മായങ്കിനെയും കാമുകി മഹിയെയും പോലീസ് അറസ്റ്റ് ചെയ്തതിനൊപ്പം അപകടമുണ്ടാക്കിയ കാറും കസ്റ്റഡിയിലെടുത്തു.

**English Summary:**

In Meerut, a man allegedly tried to run over his wife after she caught him eating momos with his alleged girlfriend. Police arrested the man and the woman, and seized the car after locals stopped the vehicle and rescued the wife.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385520/wife-catches-husband-eating-momos)