---
title: "സൈനികന്റെ മൃതദേഹവുമായി പോയ ആംബുലൻസ് ട്രക്കിലിടിച്ച് അപകടം; മകനും സഹോദരനുമടക്കം നാല് പേർക്ക് ദാരുണാന്ത്യം"
english_title: "Ambulance Carrying Soldier’s Body Crashes Into Truck; Four Killed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385518/ambulance-carrying-soldiers-body-crashes-truck"
published_at: "2026-10-04T21:51:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac27df2d0200_ambulance-carrying-soldiers-body-crashes-truck.jpg"
keywords: ["UttarPradesh", "RoadAccident", "IndianArmy", "PurvanchalExpressway", "AmbulanceCrash"]
---

# സൈനികന്റെ മൃതദേഹവുമായി പോയ ആംബുലൻസ് ട്രക്കിലിടിച്ച് അപകടം; മകനും സഹോദരനുമടക്കം നാല് പേർക്ക് ദാരുണാന്ത്യം

> **Lead Summary:** **ഉത്തർപ്രദേശ്: **അന്ത്യയാത്രയ്ക്കൊടുവിലും വിധി തട്ടിയെടുത്ത് ഒരു കുടുംബത്തിലെ ആണുങ്ങളെ മുഴുവൻ! ചണ്ഡിഗഡിൽനിന്ന് ഉത്തർപ്രദേശിലെ ദിയോറിയ ജില്ലയിലേക്ക് സൈനികന്റെ മൃതദേഹവുമായി പോയ ആംബുലൻസ് പൂർവാഞ്ചൽ എക്സ്പ്രസ് വേയിൽ നിർത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ സൈനികന്റെ മകനും സഹോദരനും അനന്തരവനും ആംബുലൻസ് ഡ്രൈവറും ഉൾപ്പെടുന്നു.

## Article Content

**ഉത്തർപ്രദേശ്: **അന്ത്യയാത്രയ്ക്കൊടുവിലും വിധി തട്ടിയെടുത്ത് ഒരു കുടുംബത്തിലെ ആണുങ്ങളെ മുഴുവൻ! ചണ്ഡിഗഡിൽനിന്ന് ഉത്തർപ്രദേശിലെ ദിയോറിയ ജില്ലയിലേക്ക് സൈനികന്റെ മൃതദേഹവുമായി പോയ ആംബുലൻസ് പൂർവാഞ്ചൽ എക്സ്പ്രസ് വേയിൽ നിർത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ സൈനികന്റെ മകനും സഹോദരനും അനന്തരവനും ആംബുലൻസ് ഡ്രൈവറും ഉൾപ്പെടുന്നു.

ദിയോറിയ ജില്ലയിലെ രുദ്രാപുർ മേഖലയിലെ ഗാലിയ ദുധൈല്ല ഗ്രാമവാസിയായ സുബേദാർ മേജർ സത്യവാന്റെ മൃതദേഹവും വഹിച്ച് പോവുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപെട്ടത്. ഞായറാഴ്ച രാവിലെ എട്ട് മണിയോടെ അയോധ്യ-സുൽത്താൻപുർ അതിർത്തിക്ക് സമീപമുള്ള ഹാലിയാപ്പുർ മേഖലയിൽ പൂർവാഞ്ചൽ എക്സ്പ്രസ്വേയിലെ 79.6-ാം കിലോമീറ്റർ മാർക്കിന് സമീപത്തുവെച്ചായിരുന്നു ദുരന്തം.

സുബേദാർ മേജറിന്റെ മകൻ ഗൗരവ് സിങ് (28), സഹോദരൻ രാജൻ ചൗധരി (35), അനന്തരവൻ റാം സമുജ് സിങ് (40), ആംബുലൻസ് ഡ്രൈവർ ജസ്പാൽ (30) എന്നിവരാണ് മരണപ്പെട്ടത്. അതിവേഗത്തിൽ സഞ്ചരിക്കവെ നിയന്ത്രണംവിട്ട ആംബുലൻസ് റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിന്റെ പിൻഭാഗത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. ശക്തമായ ഇടിയുടെ ആഘാതത്തിൽ ആംബുലൻസ് പൂർണമായും തകർന്നു.

അപകടസ്ഥലത്തുവെച്ചുതന്നെ ഗൗരവ് സിങ്ങും ഡ്രൈവർ ജസ്പാലും മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ രാജൻ ചൗധരിയെയും റാം സമുജ് സിങ്ങിനെയും അയോധ്യ ജില്ലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

സൈനികന്റെ അവസാന യാത്രയ്ക്കിടെയുണ്ടായ ദാരുണ സംഭവം ഒരു ഗ്രാമത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. തുടർന്നുള്ള നടപടികൾ പൂർത്തിയാകുന്നതുവരെ സത്യവാന്റെ മൃതദേഹം ഹാലിയാപുർ പോലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരിക്കുകയാണ്. വിവരമറിഞ്ഞ് സുൽത്താൻപുർ എസ്.പി. വിനീത് ജയ്സ്വാളും ജില്ലാ മജിസ്ട്രേറ്റ് ഇന്ദ്രജീത് സിങ്ങും സംഭവസ്ഥലം സന്ദർശിച്ചു.

**English Summary:**

A tragic accident on the Purvanchal Expressway in Uttar Pradesh killed four people, including the son, brother and nephew of a deceased Indian Army soldier. The ambulance carrying Subedar Major Satyawan’s mortal remains from Chandigarh to Deoria crashed into a parked truck near the Ayodhya-Sultanpur border.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385518/ambulance-carrying-soldiers-body-crashes-truck)