---
title: "മലപ്പുറം വർഗീയ അധിക്ഷേപം: പിണറായി വിജയനും സിപിഎമ്മിനും അതേ നിലപാടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ"
english_title: "Malappuram Sectarian Slur: V.D. Satheesan Says Pinarayi and CPI(M) Share the Same Stand"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385470/malappuram-sectarian-slur-vd-satheesan"
published_at: "2026-10-04T13:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac202e86a461_malappuram-sectarian-slur-vd-satheesan.jpg"
keywords: ["KeralaPolitics", "VDSatheesan", "PinarayiVijayan", "CPIM"]
---

# മലപ്പുറം വർഗീയ അധിക്ഷേപം: പിണറായി വിജയനും സിപിഎമ്മിനും അതേ നിലപാടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

> **Lead Summary:** **തിരുവനന്തപുരം: **മലപ്പുറം ജില്ലയിലെ ജനങ്ങളെ വർഗീയമായി അധിക്ഷേപിച്ച് സിപിഎം നേതാവ് പി. നന്ദകുമാർ നടത്തിയ പ്രസംഗം കേരളത്തിന്റെ മതേതര നിലപാടിനെതിരായ വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. മത മൗലിക വർഗീയവാദികളുടെ കൂടാണ് മലപ്പുറമെന്നാണ് പുരോഗമന പ്രസ്ഥാനമെന്ന് സ്വയം അവകാശപ്പെടുന്ന സിപിഎമ്മിന്റെ സമുന്നത നേതാവ് പറഞ്ഞത്.

## Article Content

**തിരുവനന്തപുരം: **മലപ്പുറം ജില്ലയിലെ ജനങ്ങളെ വർഗീയമായി അധിക്ഷേപിച്ച് സിപിഎം നേതാവ് പി. നന്ദകുമാർ നടത്തിയ പ്രസംഗം കേരളത്തിന്റെ മതേതര നിലപാടിനെതിരായ വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. മത മൗലിക വർഗീയവാദികളുടെ കൂടാണ് മലപ്പുറമെന്നാണ് പുരോഗമന പ്രസ്ഥാനമെന്ന് സ്വയം അവകാശപ്പെടുന്ന സിപിഎമ്മിന്റെ സമുന്നത നേതാവ് പറഞ്ഞത്.

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കൂടി പങ്കെടുത്ത യോഗത്തിലായിരുന്നു ഈ വർഗീയ അധിക്ഷേപം ഉണ്ടായത്. അധിക്ഷേപം നടത്തിയ നേതാവിന്റെ അതേ നിലപാട് തന്നെയാണ് പിണറായി വിജയനും സിപിഎമ്മിനും ഉള്ളതെന്ന് വേണം കരുതാൻ. അതുകൊണ്ടാണ് തള്ളിപ്പറയാനോ തിരുത്താനോ പിണറായി വിജയൻ തയ്യാറാകാതിരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയായിരുന്ന കാലത്ത് പിണറായി വിജയൻ മലപ്പുറം ജില്ലയെ അവഹേളിച്ച് ദേശീയ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിന്റെയും തുടർന്ന് നടത്തിയ അധിക്ഷേപങ്ങളുടെയും തുടർച്ചയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു. ഒരു പ്രത്യേക മത വിഭാഗത്തിൽപ്പെട്ടവരെ ഇരുട്ടിൽ നിർത്തി സിപിഎം കാലങ്ങളായി നടത്തിപ്പോരുന്ന ഹീനമായ രാഷ്ട്രീയ നയത്തിന്റെ തുടർച്ചയാണിത്.

സിപിഎമ്മിന്റെ വർഗീയ പ്രചരണത്തിന് തെരഞ്ഞെടുപ്പുകളിൽ ജനം മറുപടി നൽകിയിട്ടും തിരുത്താൻ തയ്യാറാകാത്തത് അപലപനീയമാണ്. രാജ്യത്ത് വർഗീയതയുടെ വിഷവിത്ത് വിതയ്ക്കുന്ന സംഘപരിവാറും കേരളത്തിലെ സിപിഎമ്മും രണ്ടല്ല ഒന്നു തന്നെയാണെന്നാണ് ഇവർ ഇപ്പോഴും ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

വർഗീയ അധിക്ഷേപത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നിലപാട് വ്യക്തമാക്കണമെന്നും സിപിഎം കേന്ദ്ര നേതൃത്വവും ഈ നിലപാടിനൊപ്പമാണോയെന്ന് ജനങ്ങളോട് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തോട് മാപ്പ് പറയാൻ സിപിഎമ്മും പി. നന്ദകുമാറും തയ്യാറാകണമെന്നും കേരളത്തിൽ ആര് വർഗീയത പറഞ്ഞാലും ശക്തമായ നടപടികളുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

V.D. Satheesan said the CPI(M) leader’s communal remarks against Malappuram amount to a challenge to Kerala’s secular stance. He alleged that Pinarayi Vijayan’s silence shows he shares the same position, and demanded that the CPI(M) and its central leadership clarify their stand and apologise to Kerala.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385470/malappuram-sectarian-slur-vd-satheesan)