---
title: "മലപ്പുറം വിരുദ്ധ പരാമർശം: 'നന്ദകുമാർ പറഞ്ഞത് പാർട്ടി നിലപാടല്ല, മുസ്ലിം മതന്യൂനപക്ഷങ്ങളെ ചേർത്തുപിടിക്കുന്നതാണ് സിപിഐഎമ്മിന്റെ നിലപാട് ' - എംവി ഗോവിന്ദൻ"
english_title: "MV Govindan Says Nandakumar’s Malappuram Remark Is Not Party Line"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385450/mv-govindan-malappuram-remark-party-line"
published_at: "2026-10-04T10:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac1dfc5193f9_mv-govindan-malappuram-remark-party-line.jpg"
keywords: ["CPI(M)", "MVGovindan", "Malappuram", "KeralaPolitics", "MuslimMinorities"]
---

# മലപ്പുറം വിരുദ്ധ പരാമർശം: 'നന്ദകുമാർ പറഞ്ഞത് പാർട്ടി നിലപാടല്ല, മുസ്ലിം മതന്യൂനപക്ഷങ്ങളെ ചേർത്തുപിടിക്കുന്നതാണ് സിപിഐഎമ്മിന്റെ നിലപാട് ' - എംവി ഗോവിന്ദൻ

> **Lead Summary:** **പാലക്കാട്: **നന്ദകുമാർ പറഞ്ഞത് പാർട്ടി നിലപാടല്ല. മലപ്പുറം വിരുദ്ധ പരാമർശത്തിൽ പി നന്ദകുമാറിനെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മുസ്ലിം മതന്യൂനപക്ഷങ്ങളെ ചേർത്തുപിടിക്കുന്നതാണ് സിപിഐഎമ്മിന്റെ നിലപാടെന്നും സംസ്ഥാന സെക്രട്ടറി പറയുന്നതാണ് പാർട്ടി നിലപാടെന്നും അദ്ദേഹം പറഞ്ഞു.

## Article Content

**പാലക്കാട്: **നന്ദകുമാർ പറഞ്ഞത് പാർട്ടി നിലപാടല്ല. മലപ്പുറം വിരുദ്ധ പരാമർശത്തിൽ പി നന്ദകുമാറിനെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മുസ്ലിം മതന്യൂനപക്ഷങ്ങളെ ചേർത്തുപിടിക്കുന്നതാണ് സിപിഐഎമ്മിന്റെ നിലപാടെന്നും സംസ്ഥാന സെക്രട്ടറി പറയുന്നതാണ് പാർട്ടി നിലപാടെന്നും അദ്ദേഹം പറഞ്ഞു.

മതമൗലിക വർഗീയവാദികളുടെ കൂടാണ് മലപ്പുറം ജില്ല എന്നായിരുന്നു പി നന്ദകുമാറിന്റെ പരാമർശം. പൊന്നാനിയിൽ നടന്ന സിപിഐഎം മലപ്പുറം ജില്ലാ വിപുലീകൃത കമ്മിറ്റി പ്രതിനിധി സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു പരാമർശം. 'മലപ്പുറം ജില്ലയെ സംബന്ധിച്ചിടത്തോളം സവിശേഷമായ പല സാഹചര്യങ്ങളുമുണ്ട്. മതമൗലിക വർഗീയവാദികളുടെ കൂടാണ് മലപ്പുറം ജില്ല.

സ്വാഭാവികമായും അതിനെ പ്രതിരോധിച്ച് മതനിരപേക്ഷ പ്രസ്ഥാനങ്ങളെ യോജിപ്പിച്ച് മുന്നോട്ടുപോകുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി, പുതിയ കാലത്ത് അതിന്റെ രാഷ്ട്രീയ കടമകൾ എങ്ങനെ ഏറ്റെടുക്കണമെന്ന് പരിശോധിക്കണം', എന്നായിരുന്നു നന്ദകുമാർ പറഞ്ഞത്. പ്രതിപക്ഷ നേതാവും മുതിർന്ന നേതാക്കളും വേദിയിൽ ഇരിക്കെയായിരുന്നു നന്ദകുമാറിന്റെ പരാമർശം എന്നും റിപ്പോർട്ടുകളുണ്ട്.

നന്ദകുമാറിന്റെ പരാമർശത്തിൽ രൂക്ഷ വിമർശനമാണ് ഉയരുന്നത്. മലപ്പുറത്തെ ജനങ്ങളുടെ ഹൃദയത്തിലാണ് സിപിഐഎം മുറിവേൽപ്പിച്ചിരിക്കുന്നത് എന്നാണ് കെപി നൗഷാദ് അലി എംഎൽഎ പ്രതികരിച്ചത്. സിപിഐഎമ്മിനെ സമ്പൂർണമായി കയ്യൊഴിയാൻ മലപ്പുറത്തെ ജനങ്ങൾ മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പി നന്ദകുമാറിനെതിരെ എപി സമസ്തയും രംഗത്തെത്തിയിട്ടുണ്ട്. സിപിഐഎം നേതാവ് നന്ദകുമാറിന്റെ പ്രസ്താവന പ്രതിഷേധാർഹമാണെന്നും അവജ്ഞയോടെ തള്ളിക്കളയണമെന്നുമാണ് കേരള മുസ്ലിം ജമാഅത്ത് സെൻട്രൽ കാബിനറ്റ് പ്രതികരിച്ചത്. മതസൗഹാർദ്ദത്തിന് കേളികേട്ട നാടാണ് മലപ്പുറമെന്നും നന്ദകുമാറിന്റെ പ്രസ്താവനയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നയം വ്യക്തമാക്കണമെന്നും ആവശ്യം ഉയർന്നിരുന്നു.

CPI(M) state secretary MV Govindan has distanced the party from P Nandakumar’s controversial remarks on Malappuram, saying they do not reflect the party’s position. He said the CPI(M) stands with Muslim minority communities, while the comment has drawn sharp criticism from political and religious groups.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385450/mv-govindan-malappuram-remark-party-line)