---
title: "കരച്ചിൽ കേട്ട് ഓടിയെത്തി, ഏണിയെടുത്ത് കിണറ്റിലേക്ക്; എരുമേലിയിൽ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ ഒന്നര വയസ്സുകാരന് രക്ഷകനായി അയൽവാസി"
english_title: "Neighbour Saves Toddler Who Fell Into Well in Erumely"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385427/erumely-toddler-falls-well-neighbour-rescues"
published_at: "2026-10-04T08:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac1bbef39d84_erumely-toddler-falls-well-neighbour-rescues.jpg"
keywords: ["Erumely", "ToddlerRescue", "WellAccident", "NeighborHero", "KeralaNews"]
---

# കരച്ചിൽ കേട്ട് ഓടിയെത്തി, ഏണിയെടുത്ത് കിണറ്റിലേക്ക്; എരുമേലിയിൽ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ ഒന്നര വയസ്സുകാരന് രക്ഷകനായി അയൽവാസി

> **Lead Summary:** **കോട്ടയം: ** എരുമേലി തുമരംപാറയിൽ വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസ്സുകാരൻ പത്തടി താഴ്ചയുള്ള കിണറ്റിൽ വീണു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കാവുങ്കൽ ജയിംസ് - ജോസ്‌നി ദമ്പതികളുടെ ഇളയ മകൻ എയ്ദൻ‌ ആണ് അപകടത്തിൽപ്പെട്ടത്. എന്നാൽ സമീപത്തെ പുരയിടത്തിൽ ജോലി ചെയ്തിരുന്ന അയൽവാസിയുടെ സമയോചിതമായ ഇടപെടൽ മൂലം കുഞ്ഞിനെ ജീവനോടെ രക്ഷപ്പെടുത്താൻ സാധിച്ചു. കുട്ടിയെ ഉടൻ തന്നെ മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**കോട്ടയം: ** എരുമേലി തുമരംപാറയിൽ വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസ്സുകാരൻ പത്തടി താഴ്ചയുള്ള കിണറ്റിൽ വീണു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കാവുങ്കൽ ജയിംസ് - ജോസ്‌നി ദമ്പതികളുടെ ഇളയ മകൻ എയ്ദൻ‌ ആണ് അപകടത്തിൽപ്പെട്ടത്. എന്നാൽ സമീപത്തെ പുരയിടത്തിൽ ജോലി ചെയ്തിരുന്ന അയൽവാസിയുടെ സമയോചിതമായ ഇടപെടൽ മൂലം കുഞ്ഞിനെ ജീവനോടെ രക്ഷപ്പെടുത്താൻ സാധിച്ചു. കുട്ടിയെ ഉടൻ തന്നെ മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവസമയത്ത് കുഞ്ഞിന്റെ അമ്മയും മുത്തശ്ശിയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ പെട്ടെന്ന് കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീടിനോടു ചേർന്നുള്ള ചുറ്റുമതിലില്ലാത്ത കിണറ്റിൽ വീണുകിടക്കുന്നത് കണ്ടത്. വീട്ടുകാരുടെ നിലവിളി കേട്ട് അടുത്ത പറമ്പിൽ കൃഷിപ്പണി ചെയ്തിരുന്ന പുലിപ്രപതാലിൽ പി.കെ.ഷാജഹാൻ ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു.

സമീപവാസി കൊണ്ടുവന്ന ഏണി ഉപയോഗിച്ച് ഷാജഹാൻ സാഹസികമായി കിണറ്റിലിറങ്ങി കുഞ്ഞിനെ കൈയിലെടുക്കുകയായിരുന്നു. മുട്ടിനു മുകളിൽ മാത്രമാണ് കിണറ്റിൽ വെള്ളം ഉണ്ടായിരുന്നതെങ്കിലും കിണറ്റിൽ നിന്ന് എടുക്കുമ്പോൾ കുഞ്ഞിന് ഒട്ടും അനക്കം ഇല്ലായിരുന്നുവെന്ന് ഷാജഹാൻ പറഞ്ഞു. കിണറ്റിൽ വച്ചും പുറത്തെത്തിച്ച ശേഷവും പ്രാഥമിക ശുശ്രൂഷ നൽകിയാണ് കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റിയത്.

ആശുപത്രിയിലേക്കു പോകുന്ന വഴിക്കാണ് കുട്ടിക്ക് ബോധം വീണതെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. ആദ്യം മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്.

**English Summary:**

A one-and-a-half-year-old boy, Aidan, fell into a 10-foot-deep well in Thumarappara, Erumely, while playing in the yard. Hearing the family’s cries, neighbour P.K. Shahjahan climbed down using a ladder and rescued the child, who was later shifted to the Medical College Children’s Hospital.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385427/erumely-toddler-falls-well-neighbour-rescues)