---
title: "മരണം തൊട്ടുമുന്നിൽ എത്തി, രക്ഷകയായി വളർത്തുപൂച്ച! കാസർകോട് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് രണ്ട് മരണം, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്"
english_title: "Pet Cat Saves Family as Lorry Topples Onto House in Kasaragod"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385419/kasaragod-lorry-crashes-onto-house-"
published_at: "2026-10-04T07:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac1b04e252d3_kasaragod-lorry-crashes-onto-house.jpg"
keywords: ["KasaragodAccident", "RoadSafety", "TruckCrash", "MigrantWorkers", "RescueOperation"]
---

# മരണം തൊട്ടുമുന്നിൽ എത്തി, രക്ഷകയായി വളർത്തുപൂച്ച! കാസർകോട് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് രണ്ട് മരണം, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

> **Lead Summary:** **കാസർകോട്: ** വരക്കാട് കുത്തിറക്കത്തിൽ നിയന്ത്രണം വിട്ട ലോറി വീടിനു മുകളിലേക്ക് മറിഞ്ഞ് രണ്ട് അതിഥിത്തൊഴിലാളികൾ മരിച്ചു. ഇന്നലെ പുലർച്ചെ രണ്ട് മണിയോടെ വെസ്റ്റ് എളേരി സഹകരണ ബാങ്കിനു സമീപത്തായിരുന്നു ദാരുണമായ അപകടം സംഭവിച്ചത്. ചീർക്കയം ഭാഗത്ത് കുഴൽക്കിണർ കുഴിച്ച ശേഷം ചെറുപുഴ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് ഭീമനടി – ചിറ്റാരിക്കാൽ റോഡിലേക്ക് തിരിയേണ്ട ഇറക്കത്തിൽ നിയന്ത്രണം വിട്ട് നേരെ വീടിനു മുകളിലേക്ക് പതിച്ചത്.

## Article Content

**കാസർകോട്: ** വരക്കാട് കുത്തിറക്കത്തിൽ നിയന്ത്രണം വിട്ട ലോറി വീടിനു മുകളിലേക്ക് മറിഞ്ഞ് രണ്ട് അതിഥിത്തൊഴിലാളികൾ മരിച്ചു. ഇന്നലെ പുലർച്ചെ രണ്ട് മണിയോടെ വെസ്റ്റ് എളേരി സഹകരണ ബാങ്കിനു സമീപത്തായിരുന്നു ദാരുണമായ അപകടം സംഭവിച്ചത്. ചീർക്കയം ഭാഗത്ത് കുഴൽക്കിണർ കുഴിച്ച ശേഷം ചെറുപുഴ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് ഭീമനടി – ചിറ്റാരിക്കാൽ റോഡിലേക്ക് തിരിയേണ്ട ഇറക്കത്തിൽ നിയന്ത്രണം വിട്ട് നേരെ വീടിനു മുകളിലേക്ക് പതിച്ചത്.

അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന മധ്യപ്രദേശ് സ്വദേശി ദേവേന്ദ്ര (29), ഛത്തീസ്ഗഡ് സ്വദേശി മനാസർ (25) എന്നിവർ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. അപകടസമയം ഈ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന കുടുംബത്തിലെ ഗൃഹനാഥൻ ജയ്സനും ഭാര്യ ഏലിയാമ്മയും വളർത്തുപൂച്ചയുടെ ഇടപെടൽ കാരണം മാത്രമാണ് തലനാരിഴയ്ക്ക് ജീവനോടെ രക്ഷപ്പെട്ടത്.

ചൂട് കാരണമായി വീട്ടിലെ ഹാളിൽ ഉറങ്ങുകയായിരുന്ന ഇവർ, പൂച്ച പിടിച്ചുകൊണ്ടുവന്ന എലിയെ കളയാനായി പുറത്തേക്കിറങ്ങിയ സമയത്തായിരുന്നു ലോറി വീടിനു മുകളിലേക്ക് പതിക്കുന്നത്. എലിയെ കളഞ്ഞ് തിരിച്ചുകയറുന്നതിന് തൊട്ടുമുമ്പ് വീടിന്റെ ഹാളിനു മുകളിലേക്ക് ലോറി വീഴുകയും ഭിത്തി തകർന്ന് ചെങ്കല്ലുകൾ ഹാളിലേക്ക് പതിക്കുകയുമായിരുന്നു. ശബ്ദം കേട്ടുണർന്ന അടുത്ത മുറികളിലുണ്ടായിരുന്ന മകൻ ജസ്റ്റിനും ഏലിയാമ്മയുടെ സഹോദരി ശാന്തമ്മയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയത്.

**English Summary:**

Two migrant workers were killed when a rig-lorry lost control on a steep slope and crashed onto a house in Varakkad near West Eleri, Kasaragod. A family sleeping in the living room escaped unhurt after stepping outside moments earlier to discard a rat brought by their pet cat.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385419/kasaragod-lorry-crashes-onto-house-)