---
title: "'ചികിത്സാച്ചെലവ് മൂന്നിലൊന്നായി കുറയും, കോഴിക്കോട് അവയവമാറ്റ ആശുപത്രി മുപ്പത് മാസത്തിനുള്ളിൽ പൂർത്തിയാക്കും'- മുഖ്യമന്ത്രി വി.ഡി. സതീശൻ"
english_title: "Kozhikode Organ Transplant Hospital to Be Completed in 30 Months, Says Satheesan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385361/kozhikode-organ-transplant-hospital-30-months"
published_at: "2026-10-03T16:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac0de10d7812_kozhikode-organ-transplant-hospital-30-months.jpg"
keywords: ["KeralaHealth", "OrganTransplant", "Kozhikode", "MedicalTourism", "HealthCare"]
---

# 'ചികിത്സാച്ചെലവ് മൂന്നിലൊന്നായി കുറയും, കോഴിക്കോട് അവയവമാറ്റ ആശുപത്രി മുപ്പത് മാസത്തിനുള്ളിൽ പൂർത്തിയാക്കും'- മുഖ്യമന്ത്രി വി.ഡി. സതീശൻ

> **Lead Summary:** **കോഴിക്കോട്: **കേരളത്തിൽ സ്ഥാപിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് (അവയവമാറ്റ ആശുപത്രി) മുപ്പത് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ വ്യക്തമാക്കി. കേരള ഹാര്‍ട്ട് കെയര്‍ സൊസൈറ്റിയുടെ സില്‍വര്‍ ജൂബിലി ആഘോഷം കോഴിക്കോട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**കോഴിക്കോട്: **കേരളത്തിൽ സ്ഥാപിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് (അവയവമാറ്റ ആശുപത്രി) മുപ്പത് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ വ്യക്തമാക്കി. കേരള ഹാര്‍ട്ട് കെയര്‍ സൊസൈറ്റിയുടെ സില്‍വര്‍ ജൂബിലി ആഘോഷം കോഴിക്കോട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചേവായൂര്‍ ഗോള്‍ഫ് ലിങ്ക് റോഡിലെ 20 ഏക്കര്‍ സ്ഥലത്ത് 271 കോടി രൂപ ചെലവിലാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഈ ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്നത്. അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ ചികിത്സകളും സേവനങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാകുന്നതോടെ നിലവിലെ ചികിത്സാച്ചെലവ് മൂന്നിലൊന്നായി കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആകെ 350 കിടക്കകളും 10 അത്യാധുനിക ഓപ്പറേഷന്‍ തിയേറ്ററുകളും ഉള്‍പ്പെടുന്നതാണ് പുതിയ ആശുപത്രി സമുച്ചയം. ഇതിനോടൊപ്പം ചേവായൂരിലെ ഇതേ വളപ്പില്‍ 35 കോടി രൂപ ചെലവില്‍ സര്‍വ്വസൗകര്യങ്ങളോടും കൂടിയ പുതിയ ത്വക്ക് രോഗ ആശുപത്രി കെട്ടിടവും നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വലിയൊരു റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടായി ഉയര്‍ത്തുന്ന ഈ കേന്ദ്രത്തില്‍ ഒരു വര്‍ഷം കൊണ്ട് 1100 കോര്‍ണിയ, 520 വൃക്ക, 50 ഹൃദയം, 40 ശ്വാസകോശം, 120 മജ്ജ എന്നിവ മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ നടത്താനാണ് ലക്ഷ്യമിടുന്നത്.

അനുകൂലമായ കാലാവസ്ഥയും മറ്റ് മികച്ച സാഹചര്യങ്ങളും പ്രയോജനപ്പെടുത്തി സ്വദേശികളും വിദേശികളും ചികിത്സയ്ക്കായി എത്തുന്ന പ്രധാന ഹെല്‍ത്ത് ഡെസ്റ്റിനേഷനായി കേരളത്തെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി വെല്‍നസ് സെന്ററുകള്‍, റീഹാബിലിറ്റേഷന്‍ സെന്ററുകള്‍, സ്‌ട്രോക്ക് ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് ഹോളിസ്റ്റിക് ചികിത്സ നല്‍കുന്ന പ്രത്യേക സംവിധാനങ്ങള്‍ എന്നിവ ആരംഭിക്കും. രോഗപ്രതിരോധത്തിനും കൃത്യമായ രോഗനിര്‍ണയത്തിനുമായി സംസ്ഥാനത്ത് വിപുലമായ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കേരള ഹാര്‍ട്ട് കെയര്‍ സൊസൈറ്റി പ്രസിഡന്റ് ഡോ. കെ. കുഞ്ഞാലി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ അഡ്വ. കെ. ജയന്ത്, അഡ്വ. കെ. പ്രവീണ്‍കുമാര്‍ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായി സംസാരിച്ചു.

Kerala Chief Minister V.D. Satheesan said the upcoming Kerala Institute of Organ and Tissue Transplant in Kozhikode will be completed within 30 months. He said the Rs 271-crore facility will bring transplant-related treatments under one roof, cut costs to one-third, and help position Kerala as a major health destination.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385361/kozhikode-organ-transplant-hospital-30-months)