---
title: "പാകിസ്താനെ തകർത്തെറിഞ്ഞു; ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യക്ക് സ്വർണത്തിളക്കം"
english_title: "India Crush Pakistan to Clinch Asian Games Cricket Gold"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385338/india-beat-pakistan-asian-games-cricket-gold"
published_at: "2026-10-03T13:51:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac0bb9bd4181_india-beat-pakistan-asian-games-cricket-gold.jpg"
keywords: ["AsianGames", "IndiaCricket", "PakistanCricket", "TilakVarma", "AbhishekSharma"]
---

# പാകിസ്താനെ തകർത്തെറിഞ്ഞു; ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യക്ക് സ്വർണത്തിളക്കം

> **Lead Summary:** നഗോയ: ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലിൽ ചിരവൈരികളായ പാകിസ്താനെ 19 റൺസിന് തകർത്ത് ഇന്ത്യക്ക് സ്വർണത്തിളക്കം! കൊറോഗി സ്പോർട്സ് പാർക്ക് സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ പോരാട്ടത്തിലാണ് ഇന്ത്യ ചരിത്രവിജയം സ്വന്തമാക്കിയത്.

## Article Content

നഗോയ: ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലിൽ ചിരവൈരികളായ പാകിസ്താനെ 19 റൺസിന് തകർത്ത് ഇന്ത്യക്ക് സ്വർണത്തിളക്കം! കൊറോഗി സ്പോർട്സ് പാർക്ക് സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ പോരാട്ടത്തിലാണ് ഇന്ത്യ ചരിത്രവിജയം സ്വന്തമാക്കിയത്.

ഇതോടെ നടപ്പുവർഷത്തെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ സ്വർണനേട്ടം 19 ആയി ഉയർന്നു. ഓപ്പണർ വൈഭവ് സൂര്യവംശിയെയും വിക്കറ്റ് കീപ്പർ സഞ്ജു സാംസണെയും പവർപ്ലേയിൽ തന്നെ തുടക്കത്തിലേ നഷ്ടമായെങ്കിലും, ആരാധകരെ നിരാശരാക്കാതെ ഓപ്പണർ അഭിഷേക് ശർമ തകർത്തടിച്ചു.

28 പന്തിൽ 3 ഫോറും 7 സിക്സറുമടക്കം 61 റൺസ് അടിച്ചുകൂട്ടിയ അഭിഷേക് ഇന്ത്യക്ക് സ്ഫോടനാത്മക തുടക്കമാണ് നൽകിയത്. ഇഷാൻ കിഷനും ക്യാപ്റ്റൻ ശ്രേയസ് അയ്യരും ആറ് പന്തുകളുടെ വ്യത്യാസത്തിൽ പുറത്തായതോടെ ഇന്ത്യ മധ്യഓവറുകളിൽ ചെറിയൊരു തകർച്ച നേരിട്ടു.

എന്നാൽ വൈസ് ക്യാപ്റ്റൻ തിലക് വർമയുടെ തകർപ്പൻ ഇന്നിങ്സ് കളി ഇന്ത്യയുടെ കൈകളിലെത്തിച്ചു. കേവലം 21 പന്തിൽ 3 ഫോറും 4 സിക്സറുമടക്കം അർധസെഞ്ചുറി തികച്ച തിലകിന്റെ പ്രകടനം സ്കോർ 200 കടത്താൻ സഹായിച്ചു.

212 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്റെ തുടക്കം മന്ദഗതിയിലായിരുന്നു. എന്നാൽ മധ്യഓവറുകളിൽ ഹസൻ നവാസ് ആഞ്ഞടിച്ചതോടെ ഇന്ത്യ അല്പം ഭയന്നു. ലെഗ് സ്പിന്നർ രവി ബിഷ്ണോയിയുടെ 3 ഓവറിൽ 44 റൺസ് അടിച്ചെടുത്ത നവാസ് അർധസെഞ്ചുറിയോടെ പാകിസ്ഥാനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ചു.

അവസാന 2 ഓവറിൽ 44 റൺസ് വേണമെന്നിരിക്കെ, പന്തെടുത്ത ഇന്ത്യയുടെ പേസ് കുന്തമുന ജസ്പ്രീത് ബുമ്ര പത്തൊൻപതാം ഓവറിൽ മികച്ച ബൗളിങ്ങിലൂടെ പാകിസ്ഥാന്റെ പ്രതീക്ഷകൾ തല്ലിക്കെടുത്തി. അവസാന ഓവറിൽ 33 റൺസ് വേണമെന്നിരിക്കെ പാകിസ്ഥാൻ പോരാട്ടം 19 റൺസ് അകലെ അവസാനിച്ചു.

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ തുടർച്ചയായ 2-ാം സ്വർണമാണിത് 2023 ഹങ്ഷൂ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ വനിതാ ടീമിന് പിന്നാലെ പുരുഷ ടീമും തങ്ങളുടെ കിരീടം നിലനിർത്തി. 2021-ന് ശേഷം ട്വന്റി20യിൽ പാകിസ്ഥാനെതിരെ ഇന്ത്യ നേടുന്ന തുടർച്ചയായ ഏഴാം വിജയമാണിത്. 2007-ന് ശേഷമുള്ള 18 ടി20 പോരാട്ടങ്ങളിൽ ഇന്ത്യയുടെ 15-ാം ജയം.

India defeated Pakistan by 19 runs in the Asian Games men’s cricket final in Nagoya to win the gold medal. Abhishek Sharma’s 61 and Tilak Varma’s brisk fifty powered India past 200, while Jasprit Bumrah’s late spell sealed the victory.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385338/india-beat-pakistan-asian-games-cricket-gold)