---
title: "പ്ലാനിങ് ഒക്കെ തെറ്റിപ്പോയല്ലോ..! ദുബൈ യാത്രയ്ക്കായി വിമാനത്താവളത്തിൽ മണിക്കൂറുകൾക്ക് മുമ്പേ എത്തി; മദ്യലഹരിയിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിയ പ്രവാസിക്ക് വിമാനം നഷ്ടമായി"
english_title: "Drunk Passenger Misses Dubai Flight After Sleeping in Airport Parking Lot"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385327/drunk-passenger-misses-dubai-flight-"
published_at: "2026-10-03T13:16:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac0b504e03d9_drunk-passenger-misses-dubai-flight.jpg"
keywords: ["DubaiFlight", "AirportIncident", "AirIndiaExpress", "TravelNews", "DrunkPassenger"]
---

# പ്ലാനിങ് ഒക്കെ തെറ്റിപ്പോയല്ലോ..! ദുബൈ യാത്രയ്ക്കായി വിമാനത്താവളത്തിൽ മണിക്കൂറുകൾക്ക് മുമ്പേ എത്തി; മദ്യലഹരിയിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിയ പ്രവാസിക്ക് വിമാനം നഷ്ടമായി

> **Lead Summary:** **വാരാണസി: ദു**ബൈയിലേക്ക് പോകാൻ വിമാനത്താവളത്തിൽ മണിക്കൂറുകൾക്ക് മുമ്പേ എത്തിയ പ്രവാസിക്ക് മദ്യപിച്ച് ലഹരിമൂത്ത് പാർക്കിങ് ഏരിയയിൽ കിടന്നുറങ്ങിയതിനെ തുടർന്ന് വിമാനം നഷ്ടമായി. ഉത്തർപ്രദേശിലെ ഗൊരാഖ്പൂർ സ്വദേശിയായ ഭൂഷൺ കുമാറിനാണ് ലാൽ ബഹദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് അപ്രതീക്ഷിത അമളി പിണഞ്ഞത്.

## Article Content

**വാരാണസി: ദു**ബൈയിലേക്ക് പോകാൻ വിമാനത്താവളത്തിൽ മണിക്കൂറുകൾക്ക് മുമ്പേ എത്തിയ പ്രവാസിക്ക് മദ്യപിച്ച് ലഹരിമൂത്ത് പാർക്കിങ് ഏരിയയിൽ കിടന്നുറങ്ങിയതിനെ തുടർന്ന് വിമാനം നഷ്ടമായി. ഉത്തർപ്രദേശിലെ ഗൊരാഖ്പൂർ സ്വദേശിയായ ഭൂഷൺ കുമാറിനാണ് ലാൽ ബഹദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് അപ്രതീക്ഷിത അമളി പിണഞ്ഞത്.

എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദുബായിലേക്ക് പോകാനാണ് ഭൂഷൺ എത്തിയത്. രാത്രി 9.05-നുള്ള വിമാനത്തിനായി വൈകിട്ട് 5.30-ഓടെ തന്നെ, അതായത് ഏകദേശം നാല് മണിക്കൂർ മുമ്പേ ഇയാൾ വിമാനത്താവളത്തിലെത്തിയിരുന്നു. എന്നാൽ ടെർമിനലിനുള്ളിലേക്ക് കയറി ചെക്ക്-ഇൻ നടപടികൾ പൂർത്തിയാക്കുന്നതിന് പകരം ഇയാൾ നേരെ പാർക്കിങ് ഏരിയയിലേക്ക് കടക്കുകയായിരുന്നു. അവിടെ വെച്ച് നന്നായി മദ്യപിച്ച ഭൂഷൺ ലഹരിയുടെ പുറത്ത് പാർക്കിങ് ലോട്ടിൽ തന്നെ കിടന്നുറങ്ങിപ്പോവുകയായിരുന്നു.

പാർക്കിങ് ഏരിയയിൽ ഒരാൾ ദീർഘനേരമായി ബോധമില്ലാതെ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട സുരക്ഷാ ജീവനക്കാരാണ് അടുത്തേക്ക് ചെന്ന് പരിശോധിച്ചത്. ഇയാൾ കടുപ്പത്തിൽ മദ്യപിച്ചിട്ടുണ്ടെന്ന് മനസ്സിലായതോടെ സെക്യൂരിറ്റി ജീവനക്കാർ ഉടൻ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. എന്നാൽ പൊലീസെത്തി ഇയാളെ ഉണർത്തുമ്പോഴേക്കും വിമാനം പറന്നുയർന്നിരുന്നു. ഒടുവിൽ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തിച്ച് വൈദ്യപരിശോധന നടത്തി. വിമാനത്താവളത്തിൽ ഇയാൾക്കൊപ്പം ബന്ധുക്കളാരും ഉണ്ടായിരുന്നില്ല. തുടർന്ന് പൊലീസ് ഗൊരാഖ്പൂരിലുള്ള കുടുംബാംഗങ്ങളെ വിവരം അറിയിക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു.

A Gorakhpur native missed his Air India Express flight to Dubai after arriving early at Varanasi airport, drinking heavily, and falling asleep in the parking area instead of checking in. Security staff alerted police, but the flight had already departed by the time he was awakened.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385327/drunk-passenger-misses-dubai-flight-)