---
title: "കായിക മന്ത്രിയുടെ ശ്രദ്ധ ഔദ്യോഗിക ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിലല്ല, അടിയന്തര വിശദീകരണം നൽകണം -  പ്രതിപക്ഷ നേതാവ്"
english_title: "Opposition Demands Urgent Explanation Over Sports Meet Safety Lapses"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385323/sports-meet-safety-lapses-explanation"
published_at: "2026-10-03T12:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac0ac67b9563_sports-meet-safety-lapses-explanation.jpg"
keywords: ["SportsMeet", "KeralaPolitics", "SchoolStudents", "SafetyLapse", "OppositionLeader"]
---

# കായിക മന്ത്രിയുടെ ശ്രദ്ധ ഔദ്യോഗിക ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിലല്ല, അടിയന്തര വിശദീകരണം നൽകണം -  പ്രതിപക്ഷ നേതാവ്

> **Lead Summary:** തിരുവനന്തപുരം : സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കാൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ദിവസങ്ങളോളം പരിശീലനം നടത്തി തൃശൂരിലെത്തിയ വിദ്യാർഥികൾക്ക് നേരിടേണ്ടിവന്ന അനുഭവങ്ങൾ അതീവ ഗൗരവത്തോടെ പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.

## Article Content

തിരുവനന്തപുരം : സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കാൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ദിവസങ്ങളോളം പരിശീലനം നടത്തി തൃശൂരിലെത്തിയ വിദ്യാർഥികൾക്ക് നേരിടേണ്ടിവന്ന അനുഭവങ്ങൾ അതീവ ഗൗരവത്തോടെ പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.

തൃശൂർ അക്വാട്ടിക് കോംപ്ലക്സിലെ താൽക്കാലിക മേൽക്കൂരയിലെ ഷീറ്റുകൾ തകർന്നുവീണ് വിദ്യാർഥികൾക്കും മറ്റുള്ളവർക്കും പരിക്കേറ്റ സംഭവം തന്നെ മേള നടത്തിപ്പുകാരുടെ അവഗണനയുടെ ഭാഗമായി വന്ന ഗുരുതരമായ സുരക്ഷാ വീഴ്ചയാണ്. സംഭവത്തിന് പിന്നാലെ നീന്തൽ മത്സരങ്ങൾ മാറ്റിവയ്ക്കുകയും ചെയ്തു.

അതോടൊപ്പം, മത്സരാർഥികളായ കുട്ടികളുടെ രക്ഷിതാക്കൾ ഉന്നയിച്ച മറ്റ് പരാതികളും സർക്കാർ ഗൗരവമായി പരിശോധിക്കണം. ഭക്ഷണം ലഭിച്ചില്ല, കുടിവെള്ളം ലഭിച്ചില്ല, താമസസൗകര്യം പര്യാപ്തമായിരുന്നില്ല എന്നുള്ള പരാതികൾ വ്യാപകമായി ഉണ്ട്.

മത്സരത്തിൽ പങ്കെടുക്കാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ കുട്ടികൾക്ക് ഇത്തരം അടിസ്ഥാന സൗകര്യങ്ങൾ പോലും ഉറപ്പാക്കാൻ കഴിയാത്ത സാഹചര്യം എങ്ങനെ ഉണ്ടായി എന്നത് വിശദീകരിക്കേണ്ടതാണ്.

മത്സരം മാറ്റിവെച്ച വിവരം കുട്ടികൾ വേദിയിലെത്തിയ ശേഷമാണ് അറിഞ്ഞതെന്ന പരാതിയും ഉയർന്നിട്ടുണ്ട്. യാത്രയ്ക്കും മറ്റ് ചെലവുകൾക്കുമായി സമയം ചെലവഴിച്ച് എത്തിയ കുട്ടികൾക്ക് പിന്നീട് 150 രൂപ ട്രാവൽ അലവൻസ് നൽകുമെന്ന അറിയിപ്പ് മാത്രം മതിയാകുമോ പരിഹാരമായി.

ആർക്കാണ് ഇതിന്റെയെല്ലാം ഉത്തരവാദിത്തം? കായിക വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംഭവത്തിന്റെ ഉത്തരവാദിത്തത്തെക്കുറിച്ച് പരസ്പരം വ്യത്യസ്ത വിശദീകരണങ്ങളാണ് നൽകുന്നത്.

സംഘാടക സമിതി രൂപീകരിച്ചോ, താൽക്കാലിക നിർമാണത്തിന് ആവശ്യമായ അനുമതികൾ ഉണ്ടായിരുന്നോ, സുരക്ഷാ മുന്നറിയിപ്പുകൾ കൃത്യമായി പാലിച്ചോ തുടങ്ങിയ കാര്യങ്ങൾ സമഗ്രമായി അന്വേഷിക്കണം.

തൃശൂർ ജില്ലയിലെ ഒരേയൊരു മന്ത്രി കൂടിയായ കായിക മന്ത്രിക്ക് ഔദ്യോഗിക ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിലായിരുന്നില്ല കഴിഞ്ഞ ദിവസങ്ങളിലെ ശ്രദ്ധ മുഴുവൻ. അന്വേഷണം നടത്തേണ്ടത് വിദ്യാഭ്യാസ വകുപ്പാണെന്ന് പറഞ്ഞു കായികമന്ത്രി ഒഴിഞ്ഞുമാറുകയാണ് ഉണ്ടായത്.

സംസ്ഥാന സ്കൂൾ കായികമേള എന്നത് ഒരു സാധാരണ പരിപാടിയല്ല. കേരളത്തിന്റെ കായിക ഭാവി രൂപപ്പെടുത്തുന്ന കുട്ടികളാണ് അവിടെ എത്തുന്നത്. അവരുടെ സുരക്ഷ, ഭക്ഷണം, കുടിവെള്ളം, താമസം, ചികിത്സ, മത്സര നടത്തിപ്പ് എന്നിവ ഉറപ്പാക്കുന്നത് സർക്കാരിന്റെ അടിസ്ഥാന ഉത്തരവാദിത്തമാണ്.

അപകടമുണ്ടായതിന് ശേഷം പരസ്പരം പഴിചാരുകയല്ല വേണ്ടത്. ഇത്തരത്തിലൊരു അനാസ്ഥ മുൻകാലങ്ങളിൽ ഉണ്ടായിട്ടില്ല. സർക്കാർ അടിയന്തരമായി വ്യക്തമായ വിശദീകരണം നൽകണം.

സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി ഉത്തരവാദികളായവർക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കുകയും, കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉണ്ടായ സാമ്പത്തികവും മറ്റ് ബുദ്ധിമുട്ടുകളും പരിഹരിക്കുകയും വേണം.

കുട്ടികളുടെ സുരക്ഷയിലും അവകാശങ്ങളിലും ഒരു വിട്ടുവീഴ്ചയും അംഗീകരിക്കാനാവില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385323/sports-meet-safety-lapses-explanation)