---
title: "'ഞാൻ എന്റെ അമ്മയെ കൊന്നു'.... ലിംഗമാറ്റ ശസ്ത്രക്രിയയെ എതിർത്തു; അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി 17-കാരൻ"
english_title: "17-Year-Old Kills Mother After She Opposed Gender-Affirming Surgery"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385223/teen-kills-mother-over-surgery-dispute-new"
published_at: "2026-10-02T20:08:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8c784aceffc_meerut-man-kills-second-wife-for-son-arrested-up-crime.jpg"
keywords: ["LucknowCrime", "TeenViolence", "PoliceInvestigation", "GenderAffirmation", "IndiaNews"]
---

# 'ഞാൻ എന്റെ അമ്മയെ കൊന്നു'.... ലിംഗമാറ്റ ശസ്ത്രക്രിയയെ എതിർത്തു; അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി 17-കാരൻ

> **Lead Summary:** ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിസമ്മതിച്ചതിനെത്തുടർന്ന് 17-കാരനായ മകൻ മാതാവിനെ കൊലപ്പെടുത്തി. വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം.

## Article Content

ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിസമ്മതിച്ചതിനെത്തുടർന്ന് 17-കാരനായ മകൻ മാതാവിനെ കൊലപ്പെടുത്തി. വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം.

താൻ ഒരു സ്ത്രീയാണെന്നും ലിംഗമാറ്റ ശസ്ത്രക്രിയ നടത്തണമെന്നും കൗമാരക്കാരൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കുടുംബം ഇത് അംഗീകരിച്ചിരുന്നില്ല. ശസ്ത്രക്രിയയ്ക്ക് പകരം കൗൺസിലിങ്ങിന് വിധേയനാകാൻ അമ്മ ഉപദേശിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

വ്യാഴാഴ്ച ലഖ്‌നൗവിലെ വീട്ടിലെത്തിയ മകൻ അമ്മയോട് ചായ ചോദിക്കുകയും, അമ്മ അടുക്കളയിലേക്ക് പോകുന്നതിനിടെ പുറകിൽനിന്ന് മാസ്റ്റർ റെഞ്ച്(കട്ടികൂടിയ സ്പാനർ) കൊണ്ട് തലയിൽ അടിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

> സംഭവത്തിനുശേഷം, 15 മിനിറ്റിനുള്ളിൽ പ്രതി പിതാവിനെയും പൊലീസിനെയും വിളിച്ച് കൊലപാതകവിവരം അറിയിച്ചു."ഞാൻ എന്റെ അമ്മയെ കൊന്നു" എന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. തുടർന്ന് നാകാ ഹിന്ദോല പൊലീസും ഡി.സി.പി വെസ്റ്റ് ജിതേന്ദ്ര ശ്രീവാസ്തവയുടെ നേതൃത്വത്തിലുള്ള ഫോറൻസിക് സംഘവും സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.

കൊലപാതകത്തിന് ഉപയോഗിച്ച റെഞ്ച്, രക്തം പുരണ്ട വസ്ത്രങ്ങൾ, പ്രതിയുടെ മൊബൈൽ ഫോൺ, ഡയറി എന്നിവ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവം ആസൂത്രിത കൊലപാതകമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പ്രതിയുടെ ഡയറിയിൽനിന്ന് കൊലപാതകം നടത്താനുദ്ദേശിച്ചിരുന്ന മാതൃകകൾ പരാമർശിക്കുന്ന കുറിപ്പുകൾ ലഭിച്ചതായി പോലീസ് പറഞ്ഞു. കൊലപാതകത്തിന് റെഞ്ചും മുളകുപൊടിയും ഉപയോഗിക്കുന്നതും, രക്തക്കറ കഴുകിക്കളയാൻ ചൂടുവെള്ളം ഉപയോഗിക്കുന്നതും ഡയറിയിൽ രേഖപ്പെടുത്തിയിരുന്നു.

ഓൺലൈൻ വഴിയാണ് പ്രതി റെഞ്ചും പെപ്പർ സ്പ്രേയും വാങ്ങിയത്. കൂടാതെ, പ്രതി കൊലപാതകത്തിനുശേഷം ഉണ്ടാകുന്ന നിയമനടപടികൾ, പ്രായപൂർത്തിയാകാത്ത പ്രതികൾക്ക് ലഭിക്കുന്ന ശിക്ഷ എന്നിവയെക്കുറിച്ച് ചാറ്റ്ജിപിടിയിൽ വിവരങ്ങൾ തിരഞ്ഞിരുന്നതായും സ്റ്റേഷൻ ഹൗസ് ഓഫീസർ വിവേക് കുമാർ ചൗധരി സ്ഥിരീകരിച്ചു.

തുണി വ്യവസായിയായ പിതാവിന്റെ ഏക മകനാണ് പ്രതി. 12 വയസ്സ് മുതൽ പെൺകുട്ടികളുടെ വസ്ത്രങ്ങൾ ധരിക്കാനിഷ്ടപ്പെട്ടിരുന്ന പ്രതി, താൻ ഒരു പെൺകുട്ടിയാണെന്ന് വിശ്വസിച്ചിരുന്നു. എന്നാൽ കുടുംബത്തിന് ഇത് ഉൾക്കൊള്ളാൻ സാധിച്ചിരുന്നില്ല.

തനിച്ചിരിക്കാൻ ആഗ്രഹിച്ചിരുന്ന പ്രതിക്ക് മറ്റുള്ളവരുടെ സാമീപ്യം പോലും ബുദ്ധിമുട്ടായിരുന്നു. തുടർന്ന് നാല് മാസം മുൻപ് ഗണേഷ്‌ഗഞ്ചിൽ പ്രതിക്കായി പിതാവ് പ്രത്യേക ഫ്ലാറ്റ് വാടകയ്‌ക്കെടുത്ത് നൽകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

A 17-year-old in Lucknow allegedly killed his mother after she refused to allow gender-transition surgery and urged counselling instead. Police said the killing was planned, and they recovered a wrench, bloodstained clothes, a diary, and the suspect’s phone from the scene.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385223/teen-kills-mother-over-surgery-dispute-new)