---
title: "തണുപ്പും അലർജിയാകുമോ? ഐസ്ക്രീം കഴിച്ചാൽ പോലും അപകടം!"
english_title: "Can Cold Trigger Allergies? Even Ice Cream May Be Risky!"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385195/cold-allergy-ice-cream-risk"
published_at: "2026-10-02T16:33:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abf90af6bc84_cold-allergy-ice-cream-risk.jpg"
keywords: ["ColdAllergy", "IceCreamRisk", "HealthNews", "AllergyAlert"]
---

# തണുപ്പും അലർജിയാകുമോ? ഐസ്ക്രീം കഴിച്ചാൽ പോലും അപകടം!

> **Lead Summary:** ** ** ഫ്രിഡ്ജിലെ ഭക്ഷണം നേരിട്ട് കഴിക്കാനാകില്ല, തണുത്ത പാനീയം കൈയിലെടുത്താൽ വിരലുകൾ വീങ്ങും. കാരണം അപൂർവമായ ‘കോൾഡ് അർട്ടിക്കേറിയ’ തണുത്ത വെള്ളത്തിൽ കൈയിട്ടാൽ ചൊറിച്ചിലോ ചുവപ്പോ അനുഭവപ്പെടാറുണ്ടോ? ഐസ്ക്രീം കഴിക്കുമ്പോൾ ചുണ്ടോ നാവോ വീങ്ങുന്നതായി ചിന്തിച്ചുനോക്കൂ. എസിയുടെ തണുപ്പുപോലും ശരീരത്തിന് അപകടകരമായാലോ?

## Article Content

** ** ഫ്രിഡ്ജിലെ ഭക്ഷണം നേരിട്ട് കഴിക്കാനാകില്ല, തണുത്ത പാനീയം കൈയിലെടുത്താൽ വിരലുകൾ വീങ്ങും. കാരണം അപൂർവമായ ‘കോൾഡ് അർട്ടിക്കേറിയ’ തണുത്ത വെള്ളത്തിൽ കൈയിട്ടാൽ ചൊറിച്ചിലോ ചുവപ്പോ അനുഭവപ്പെടാറുണ്ടോ? ഐസ്ക്രീം കഴിക്കുമ്പോൾ ചുണ്ടോ നാവോ വീങ്ങുന്നതായി ചിന്തിച്ചുനോക്കൂ. എസിയുടെ തണുപ്പുപോലും ശരീരത്തിന് അപകടകരമായാലോ?

പലർക്കും നിസാരമെന്ന് തോന്നാവുന്ന തണുപ്പ് ചിലരുടെ ശരീരത്തിൽ ഗുരുതര അലർജിക് റിയാക്ഷന് കാരണമാകാം. ‘കോൾഡ് അർട്ടിക്കേറിയ’ (Cold urticaria) എന്ന അപൂർവ അവസ്ഥയുമായി ജീവിക്കുന്ന ഷോണ കാസ്റ്റനറുടെ അനുഭവം ദ ഗാർഡിയൻ ആണ് റിപ്പോർട്ട് ചെയ്തത്. 2012-ൽ, 37-ാം വയസ്സിലാണ് ഷോണ ആദ്യമായി മാറ്റങ്ങൾ ശ്രദ്ധിക്കുന്നത്.

ഐസ് നിറച്ച പാനീയം കൈയിലെടുക്കുമ്പോൾ വിരലുകൾ ചുവന്ന് വീർക്കാൻ തുടങ്ങി. പിന്നീട് ഫ്രിഡ്ജിൽ നിന്നുള്ള എന്ത് ഭക്ഷണം കൈകാര്യം ചെയ്യുമ്പോഴും ഇതേ അവസ്ഥയുണ്ടായി. ചൂടുവെള്ളത്തിൽ കൈവച്ചാൽ ആശ്വാസം കിട്ടുമെന്ന് കരുതി. എന്നാൽ അത് സ്ഥിതി കൂടുതൽ വഷളാക്കുകയാണ് ചെയ്തത്. ഒരിക്കൽ ഐസ്ക്രീം കഴിക്കുന്നതിനിടെ കവിളുകളുടെ ഉൾഭാഗം വീർക്കുകയും നാവിൽ അസ്വാഭാവികത അനുഭവപ്പെടുകയും ചെയ്തതോടെയാണ് ഷോണ ഡോക്ടറെ സമീപിച്ചത്.

2014-ൽ നടത്തിയ പരിശോധനയിൽ കോൾഡ് അർട്ടിക്കേറിയ സ്ഥിരീകരിച്ചു. അലർജി ഗുരുതരമാണെന്നും അനാഫൈലാക്സിസ് (anaphylaxis) ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഡോക്ടർ മുന്നറിയിപ്പ് നൽകി. തണുത്ത കാലാവസ്ഥ മാത്രമല്ല പ്രശ്നം. തണുത്ത ഭക്ഷണവും പാനീയവും വീടിനുള്ളിലെ കുറഞ്ഞ താപനിലയും റിയാക്ഷന് വഴിയൊരുക്കാം. ഫ്രിഡ്ജിൽ നിന്നോ ഫ്രീസറിൽ നിന്നോ എടുത്ത ഭക്ഷണം ഷോണ നേരിട്ട് കഴിക്കാറില്ല.

യോഗർട്ട് പോലും ഏതാനും സെക്കൻഡ് മൈക്രോവേവിൽ വച്ച് തണുപ്പ് മാറ്റിയ ശേഷമാണ് കഴിക്കുന്നത്. ഏകദേശം 22.8 ഡിഗ്രി സെൽഷ്യസാണ് തന്റെ ടെമ്പറേച്ചർ ത്രെഷോൾഡെന്ന് ഷോണ പറയുന്നു. വീട്ടിലെ എല്ലാ മുറികളിലും ടെമ്പറേച്ചർ ഗേജുകളുണ്ട്. കാലാവസ്ഥ നിരീക്ഷിക്കാൻ നാല് വെതർ ആപ്പുകളും ഉപയോഗിക്കുന്നു. ഒക്ടോബർ പകുതി മുതൽ ഏപ്രിൽ വരെ പുറത്തിറങ്ങുന്നത് ചിന്തിക്കാൻ പോലും കഴിയില്ലെന്ന് അവർ പറയുന്നു.

ശരീര താപനിലയിലെ പെട്ടെന്നുള്ള മാറ്റമാണ് ഏറ്റവും വലിയ ട്രിഗർ. അതിനാൽ രണ്ട് എപിനെഫ്രിൻ ഓട്ടോ-ഇൻജക്ടറുകൾ എപ്പോഴും ഒപ്പം കരുതുന്നു. Cold-induced anaphylaxis ഉണ്ടെന്ന് രേഖപ്പെടുത്തിയ മെഡിക്കൽ ബ്രേസ്‌ലെറ്റും ധരിച്ചിട്ടുണ്ട്. ബോധരഹിതയായി ആശുപത്രിയിലെത്തിയാൽ തണുത്ത IV ഫ്ലൂയിഡ് നൽകപ്പെടുമോ എന്നതാണ് തന്റെ ഏറ്റവും വലിയ ഭയങ്ങളിലൊന്നെന്നും ഷോണ ദ ഗാർഡിയനോട് പറയുന്നു.

English Summary:

A woman named Shauna Castner lives with rare Cold Urticaria, where cold triggers severe allergic reaction. At age 37 in 2012 she noticed fingers swelling when holding iced drinks, later reacting to fridge foods. Diagnosed in 2014, doctors warned of anaphylaxis risk. She cannot eat cold foods directly, even yogurt is microwaved. Her temperature threshold is 22.8C, uses thermometers and weather apps, avoids going out Oct to April. She carries epinephrine auto-injectors and wears medical bracelet fearing cold IV fluids if unconscious.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385195/cold-allergy-ice-cream-risk)