---
title: "അജിനെ കുടുക്കിയോ...? തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർക്കെതിരെ കൈക്കൂലി ആരോപണം; ഒളിക്യാമറ ദൃശ്യങ്ങൾ പുറത്തുവിട്ട് പരാതിക്കാരൻ"
english_title: "Thiruvananthapuram Councillor Bribe Video"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385184/thiruvananthapuram-corporation-councillor-bribe-allegation"
published_at: "2026-10-02T15:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abf817c21f8c_thiruvananthapuram-corporation-councillor-bribe-allegation.jpg"
keywords: ["Thiruvananthapuram Corporation Councillor", "Councillor Ajin", "bribe allegation", "hidden camera video"]
---

# അജിനെ കുടുക്കിയോ...? തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർക്കെതിരെ കൈക്കൂലി ആരോപണം; ഒളിക്യാമറ ദൃശ്യങ്ങൾ പുറത്തുവിട്ട് പരാതിക്കാരൻ

> **Lead Summary:** **തിരുവനന്തപുരം: **കോർപ്പറേഷൻ കൗൺസിലർ കൈക്കൂലി ആവശ്യപ്പെടുന്ന ഒളിക്യാമറ ദൃശ്യങ്ങൾ പുറത്തുവിട്ട് പരാതിക്കാരൻ. തിരുവനന്തപുരം കോർപ്പറേഷനിലെ തൃക്കണ്ണാപുരം വാർഡിലെ സിപിഎം കൗൺസിലറായ അജിൻ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് പരാതിക്കാരനായ പേയാട് സ്വദേശി സഞ്ജുവിന്റെ ആരോപണം. തൃക്കണ്ണാപുരം വാർഡിലെ എംഎൽഎ റോഡിനോട് ചേർന്ന് സഞ്ജു 19 സെന്റ് ഭൂമി വാങ്ങിയിരുന്നു. ഇവിടെ ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങൾ നടക്കുമ്പോഴാണ് കൗൺസിലർ ഇടപെട്ടതെന്ന് പരാതിക്കാരൻ പറയുന്നു.

## Article Content

**തിരുവനന്തപുരം: **കോർപ്പറേഷൻ കൗൺസിലർ കൈക്കൂലി ആവശ്യപ്പെടുന്ന ഒളിക്യാമറ ദൃശ്യങ്ങൾ പുറത്തുവിട്ട് പരാതിക്കാരൻ. തിരുവനന്തപുരം കോർപ്പറേഷനിലെ തൃക്കണ്ണാപുരം വാർഡിലെ സിപിഎം കൗൺസിലറായ അജിൻ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് പരാതിക്കാരനായ പേയാട് സ്വദേശി സഞ്ജുവിന്റെ ആരോപണം. തൃക്കണ്ണാപുരം വാർഡിലെ എംഎൽഎ റോഡിനോട് ചേർന്ന് സഞ്ജു 19 സെന്റ് ഭൂമി വാങ്ങിയിരുന്നു. ഇവിടെ ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങൾ നടക്കുമ്പോഴാണ് കൗൺസിലർ ഇടപെട്ടതെന്ന് പരാതിക്കാരൻ പറയുന്നു.

10 ലക്ഷം രൂപ കൈക്കൂലി നൽകിയാൽ സ്ഥലത്തിനു സമീപത്തുള്ള പുറമ്പോക്ക് ഭൂമി കൂടി രജിസ്റ്റർ ചെയ്തുനൽകാമെന്ന് കൗൺസിലർ പറഞ്ഞതായി സഞ്ജു വ്യക്തമാക്കുന്നു. പണം നൽകാനാവില്ലെന്നു മറുപടി നൽകിയപ്പോൾ, ഡിവൈഎഫ്ഐക്കാരെക്കൊണ്ട് വസ്തുവിൽ കൊടികുത്തിക്കുമെന്നും റോഡിന്റെ രേഖകളിലെ പുറമ്പോക്ക് ഭൂമിയിലൂടെയുള്ള തോടും ഓടയും ചൂണ്ടിക്കാട്ടി നിർമാണ പ്രവൃത്തികൾ തടയുമെന്നും ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. തുടർന്ന് പ്രാദേശിക നേതാക്കൾ ഇടപെട്ട് 5 ലക്ഷം രൂപ നൽകി പ്രശ്നം ഒഴിവാക്കാൻ ആവശ്യപ്പെടുകയായിരുന്നു.

രാത്രിയിൽ കാണാനെത്തിയപ്പോൾ ഫോൺ വീഡിയോ ഓൺ ചെയ്തു സംസാരിച്ചതായും, ആകെ 5 ലക്ഷം രൂപ തന്നാൽ മതിയെന്നും ബാക്കി ഇടപാടുകൾക്കു ശേഷവും കമ്മിഷൻ നൽകണമെന്നും പറയുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൈക്കൂലി ആവശ്യവും ഭീഷണിയും സഹിക്കവയ്യാതെ വന്നതോടെയാണ് ആഭ്യന്തരമന്ത്രിക്കും മേയര്‍ക്കും പരാതി നൽകിയതെന്ന് സഞ്ജു വ്യക്തമാക്കി. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും എല്ലാ രേഖകളും തന്റെ പക്കലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പരാതിക്കാരുമായി യാതൊരു ഇടപാടുമില്ലെന്ന് കൗൺസിലർ അജിൻ പ്രതികരിച്ചു. പുറമ്പോക്ക് സ്ഥലം കയ്യേറിയതിന് എതിരെ വില്ലേജ് ഓഫീസർക്ക് പരാതി നൽകിയിട്ടുണ്ടെന്നും, 9 സെന്റ് സ്ഥലം കൂടുതലായി എടുത്തിട്ടുള്ളതിനെതിരെ നിലപാടെടുത്തതിനാണ് 6 മാസം മുൻപുള്ള വീഡിയോ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. തന്നെ കുടുക്കാൻ മണ്ണുമാഫിയ നടത്തുന്ന ശ്രമമാണിതെന്നും, പരാതിക്കാരനായ സഞ്ജു ആർഎസ്എസ് നേതാവാണെന്നും അതെല്ലാം അറിഞ്ഞുകൊണ്ടാണ് വിഷയത്തിൽ ഇടപെട്ടതെന്നും കൗൺസിലർ അജിൻ വ്യക്തമാക്കി.

**English Summary: **

Sanju from Peyad released hidden camera footage alleging that Trikkanthapuram ward CPM councillor Ajin demanded a Rs 10 lakh bribe regarding his 19-cent land property in Thiruvananthapuram Corporation. The complainant stated he was threatened with construction halts and political interference when he refused. In response, Councillor Ajin denied the allegations, claiming the video is edited and part of a conspiracy by a land mafia because he opposed encroachments, adding that the complainant has political ties.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385184/thiruvananthapuram-corporation-councillor-bribe-allegation)