---
title: "ഗുണം ഉണക്കമുന്തിരിക്ക്; ക്രെഡിറ്റ് അത് കുതിർത്ത വെള്ളത്തിനോ? സോഷ്യൽ മീഡിയയിലെ ‘റെയ്‌സിൻ വാട്ടർ’ തരംഗം കണ്ട് ഉണക്കമുന്തിരി കുതിർത്താൻ വരട്ടെ...!"
english_title: "Does Raisin Water Detox Body Truth Behind Viral Raisin Water Trend"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385172/raisin-water-detox-myth-truth-behind-viral-health-trend"
published_at: "2026-10-02T14:39:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abf7500b84de_Gemini_Generated_Image_cakb9hcakb9hcakb.png"
keywords: ["raisin water benefits", "raisin water myth", "health fact check", "dry grapes water"]
---

# ഗുണം ഉണക്കമുന്തിരിക്ക്; ക്രെഡിറ്റ് അത് കുതിർത്ത വെള്ളത്തിനോ? സോഷ്യൽ മീഡിയയിലെ ‘റെയ്‌സിൻ വാട്ടർ’ തരംഗം കണ്ട് ഉണക്കമുന്തിരി കുതിർത്താൻ വരട്ടെ...!

> **Lead Summary:** **** രാത്രി ഒരു പിടി ഉണക്കമുന്തിരി വെള്ളത്തിലിട്ട് വയ്ക്കുക. രാവിലെ വെറും വയറ്റിൽ ആ വെള്ളം കുടിക്കുക. ശരീരം ഡിറ്റോക്സ് ആകും, ലിവർ ക്ലീനാകും, ദഹനം മെച്ചപ്പെടും, വണ്ണം കുറയും, സ്കിൻ തിളങ്ങും… സോഷ്യൽ മീഡിയ തുറന്നാൽ ‘റെയ്‌സിൻ വാട്ടറി’ന്റെ ഗുണങ്ങളുടെ പട്ടിക ഇങ്ങനെ നീണ്ടു നിവർന്നു കിടക്കുകയാണ്. ഇത് കണ്ട് രാത്രി ഉണക്കമുന്തിരി കുതിർത്ത് രാവിലെ ആ വെള്ളം കുടിക്കുന്ന ഒരാൾ എങ്കിലും ഉണ്ടാകും നമ്മുടെയെല്ലാം വീട്ടിൽ. ഉണക്കമുന്തിരിക്ക് ആരോഗ്യഗുണങ്ങളുണ്ടെന്നത് ശരിതന്നെ. പക്ഷേ ആ ഗുണങ്ങളുടെ ക്രെഡിറ്റ് മുഴുവൻ അത് കുതിർത്ത വെള്ളത്തിന് നൽകുന്നത് ശരിയാണോ?

## Article Content

**** രാത്രി ഒരു പിടി ഉണക്കമുന്തിരി വെള്ളത്തിലിട്ട് വയ്ക്കുക. രാവിലെ വെറും വയറ്റിൽ ആ വെള്ളം കുടിക്കുക. ശരീരം ഡിറ്റോക്സ് ആകും, ലിവർ ക്ലീനാകും, ദഹനം മെച്ചപ്പെടും, വണ്ണം കുറയും, സ്കിൻ തിളങ്ങും… സോഷ്യൽ മീഡിയ തുറന്നാൽ ‘റെയ്‌സിൻ വാട്ടറി’ന്റെ ഗുണങ്ങളുടെ പട്ടിക ഇങ്ങനെ നീണ്ടു നിവർന്നു കിടക്കുകയാണ്. ഇത് കണ്ട് രാത്രി ഉണക്കമുന്തിരി കുതിർത്ത് രാവിലെ ആ വെള്ളം കുടിക്കുന്ന ഒരാൾ എങ്കിലും ഉണ്ടാകും നമ്മുടെയെല്ലാം വീട്ടിൽ. ഉണക്കമുന്തിരിക്ക് ആരോഗ്യഗുണങ്ങളുണ്ടെന്നത് ശരിതന്നെ. പക്ഷേ ആ ഗുണങ്ങളുടെ ക്രെഡിറ്റ് മുഴുവൻ അത് കുതിർത്ത വെള്ളത്തിന് നൽകുന്നത് ശരിയാണോ?

**ഉണക്കമുന്തിരി ഉണ്ടാക്കുന്നതെങ്ങനെ?**

പഴുത്ത മുന്തിരി ഉണക്കിയെടുത്താണ് ഉണക്കമുന്തിരി ഉണ്ടാക്കുന്നത്. ഉണക്കുന്ന പ്രക്രിയയിൽ മുന്തിരിയിലെ ജലാംശത്തിന്റെ വലിയൊരു ഭാഗം നഷ്ടപ്പെടുകയും പഴം ചുരുങ്ങി ഉണക്കമുന്തിരിയായി മാറുകയും ചെയ്യുന്നു. ജലാംശം കുറയുന്നതോടെ മുന്തിരിയിലുണ്ടായിരുന്ന ഷുഗറും കലോറിയും കൂടുതൽ കോൺസൻട്രേറ്റഡ് ആകുന്നു. നൂറ് ഗ്രാം ഉണക്കമുന്തിരിയിൽ ഏകദേശം 300 ഗ്രാം കലോറിയും 60 ഗ്രാമിലധികം ഷുഗറും 4 ഗ്രാമിനടുത്ത് ഫൈബറും 2 മില്ലിഗ്രാമിൽ താഴെ അയണുമുണ്ട്. അതുകൊണ്ടുതന്നെ പോഷകഗുണങ്ങളുണ്ടെങ്കിലും അളവ് ശ്രദ്ധിച്ചുവേണം കഴിക്കാൻ.

ഉണക്കമുന്തിരിയിലെ അയൺ പ്രധാനമായും സസ്യാഹാരങ്ങളിൽ കാണുന്ന നോൺ-ഹീം അയൺ ആണ്. മാംസാഹാരങ്ങളിൽ ലഭിക്കുന്ന ഹീം അയണിനെ അപേക്ഷിച്ച് ഇത് ശരീരം ആഗിരണം ചെയ്യുന്നത് കുറവാണ്. പ്രായപൂർത്തിയായ സ്ത്രീകൾക്ക് ശുപാർശ ചെയ്യുന്ന പ്രതിദിന അയേണിന്റെ അളവിനോട് കണക്കിൽ അടുത്തെത്തണമെങ്കിൽ ഏകദേശം ഒരു കിലോഗ്രാം ഉണക്കമുന്തിരി വരെ വേണ്ടിവരും. അത്രയും മുന്തിരി ഒരു ദിവസം കഴിക്കുക എന്നത് പ്രാവർത്തികമല്ല. മാത്രമല്ല അത്രയും കഴിക്കുമ്പോൾ അയണിനൊപ്പം വലിയ അളവിൽ ഷുഗറും കലോറിയും കൂടി ശരീരത്തിൽ എത്തുന്നു.

**മുന്തിരി കുതിർത്തുമ്പോൾ എന്ത് സംഭവിക്കുന്നു?**

ഇങ്ങനെ ഉണക്കിയ മുന്തിരി കുതിർത്തുമ്പോൾ നഷ്ടപ്പെട്ട വെള്ളത്തിന്റെ ഒരു ഭാഗം വീണ്ടും അതിലേക്ക് തന്നെ തിരിച്ചെത്തുന്നു. പഴത്തെ അപേക്ഷിച്ച് ഉണക്കമുന്തിരി ചെറുതായതിനാൽ എളുപ്പത്തിൽ കഴിക്കാവുന്ന ഒരു സ്നാക്ക് എന്ന നിലയിൽ പലരും ഉണക്കമുന്തിരി തിരഞ്ഞെടുക്കാറുണ്ട്. എന്നാൽ ഇവ വെള്ളത്തിലിട്ടതുകൊണ്ട് പുതിയ പോഷകങ്ങൾ ഉണ്ടാകുകയോ അതിന്റെ പോഷകമൂല്യം അസാധാരണമായി വർധിക്കുകയോ ചെയ്യുന്നില്ല.

ഉണക്കമുന്തിരിയിലെ ഫൈബർ വെള്ളത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നില്ലെന്നു മാത്രമല്ല അതിൽ നിന്ന് ഷുഗർ വെള്ളത്തിലേക്ക് കലരാനും സാധ്യതയുണ്ട്. അതിനാൽ ഉണക്കമുന്തിരി കഴിക്കാതെ കുതിർത്ത വെള്ളം മാത്രം കുടിച്ചാൽ പഴത്തിലെ മുഴുവൻ പോഷകഗുണങ്ങളും കിട്ടുമെന്ന ധാരണ തികച്ചും യുക്തിഹീനമാണ്.

**‘ഡിറ്റോക്സ്’ ചെയ്യുമോ റെയ്‌സിൻ വാട്ടർ?**

റെയ്‌സിൻ വാട്ടറിനെ ചുറ്റിപ്പറ്റിയുള്ള ഏറ്റവും വലിയ പ്രചാരണം അതിന്റെ ‘ഡിറ്റോക്സ്’ ശേഷിയെക്കുറിച്ചാണ്. എന്നാൽ ശരീരത്തിലെ അനാവശ്യ വസ്തുക്കളെ പ്രോസസ് ചെയ്യുന്നതിലും പുറത്താക്കുന്നതിലും ലിവറും കിഡ്നിയും ഉൾപ്പെടെയുള്ള ശരീരസംവിധാനങ്ങളാണ് പ്രവർത്തിക്കുന്നത്. റെയ്‌സിൻ വാട്ടർ കുടിച്ചതുകൊണ്ട് പ്രത്യേകമായി ശരീരം ഡിറ്റോക്സ് ആകുമെന്ന വാദത്തിന് യാതൊരു വിധ തെളിവും തന്നെയില്ല.

**കഴിക്കാം; പക്ഷേ ‘മിറാക്കിൾ ഡ്രിങ്ക്' വേണ്ട**

ഉണക്കമുന്തിരിയെക്കുറിച്ച് ആരോഗ്യഗുണങ്ങൾ പരിശോധിച്ച പഠനങ്ങളുണ്ട്. എന്നാൽ ഉണക്കമുന്തിരി കുതിർത്ത വെള്ളത്തിന് സോഷ്യൽ മീഡിയയിൽ പറയുന്നതുപോലുള്ള പ്രത്യേക ആരോഗ്യഗുണങ്ങളുണ്ടെന്ന് തെളിയിക്കുന്ന ശക്തമായ ക്ലിനിക്കൽ ഗവേഷണം നിലവിൽ പരിമിതമാണ്.

അതുകൊണ്ട് ഉണക്കമുന്തിരി കുതിർത്ത് കഴിക്കുന്നതിൽ തെറ്റില്ല. ഇഷ്ടമാണെങ്കിൽ ആ വെള്ളവും കുടിക്കാം. പക്ഷേ ഉണക്കമുന്തിരിയുടെ യഥാർഥ പോഷകഗുണങ്ങൾക്ക് വെള്ളത്തെ ‘സൂപ്പർഹീറോ’യാക്കേണ്ടതില്ല. സോഷ്യൽ മീഡിയയിലെ ഹൈപ്പ് മാറ്റിവച്ചാൽ കഥ ലളിതമാണ് ഗുണം ഉണക്കമുന്തിരിക്കാണ്. വെള്ളത്തിന് അത്ഭുതശക്തിയൊന്നുമില്ല. ഇഷ്ടമെങ്കിൽ കുടിക്കാം ഇല്ലെങ്കിൽ ധൈര്യത്തോടെ കളഞ്ഞോളൂ!

English Summary:

Soaking raisins overnight and drinking the water on empty stomach is viral as a detox, liver cleanse and weight loss drink. But nutrition science says otherwise. Raisins are dried grapes with concentrated sugar and calories. Soaking just rehydrates them, doesn't create new nutrients. Fiber doesn't dissolve into water, sugar does. Body detox is done by liver and kidneys, not raisin water. There is no strong clinical evidence for miracle benefits of raisin water. You can eat soaked raisins if you like, but the water itself has no superpower.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385172/raisin-water-detox-myth-truth-behind-viral-health-trend)