---
title: "'മുഖ്യമന്ത്രിയുമായും യുഡിഎഫ് കണ്‍വീനറുമായും ആശയവിനിമയം നടത്താറുണ്ട്; എഐസിസി ഉചിതമായ നടപടി സ്വീകരിക്കട്ടെ' - സണ്ണി ജോസഫ്"
english_title: "Sunny Joseph Backs AICC Action on Adoor Prakash Complaint"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385160/sunny-joseph-adoor-prakash-udf-issue-aicc-complaint"
published_at: "2026-10-02T13:46:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab62eade4445_Exclude-residential-areas-esa-draft-kerala-letter-centre-sunny-joseph-33-villages.jpg"
keywords: ["Adoor Prakash", "Sunny Joseph", "UDF", "AICC"]
---

# 'മുഖ്യമന്ത്രിയുമായും യുഡിഎഫ് കണ്‍വീനറുമായും ആശയവിനിമയം നടത്താറുണ്ട്; എഐസിസി ഉചിതമായ നടപടി സ്വീകരിക്കട്ടെ' - സണ്ണി ജോസഫ്

> **Lead Summary:** തിരുവനന്തപുരം: അടൂര്‍ പ്രകാശിനെ പൂർണമായും തള്ളാതെ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. അടൂര്‍ പ്രകാശ് പറഞ്ഞത് എഐസിസിക്ക് പരാതി നല്‍കുമെന്നാണ്. എഐസിസി ഉചിതമായ നടപടി സ്വീകരിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.

## Article Content

തിരുവനന്തപുരം: അടൂര്‍ പ്രകാശിനെ പൂർണമായും തള്ളാതെ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. അടൂര്‍ പ്രകാശ് പറഞ്ഞത് എഐസിസിക്ക് പരാതി നല്‍കുമെന്നാണ്. എഐസിസി ഉചിതമായ നടപടി സ്വീകരിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയുമായും യുഡിഎഫ് കണ്‍വീനറുമായും താന്‍ ആശയവിനിമയം നടത്താറുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. അടൂര്‍ പ്രകാശ് എഐസിസി നിയോഗിച്ച മുതിര്‍ന്ന നേതാവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, കെപിസിസി ഭാരവാഹി യോഗം മൂന്നു വട്ടം ചേര്‍ന്നെന്നും നേതൃത്വ യോഗങ്ങളും ചേരുന്നുണ്ടെന്നും കെപിസിസി പ്രസിഡന്റ് വ്യക്തമാക്കി. താന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സര്‍ക്കാരിന്റെ നേതൃസ്ഥാനങ്ങളില്‍ ഇരിക്കുന്നതിനാലാണ് ചില കാലതാമസം നേരിടുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു.

അടുര്‍ പ്രകാശിന്റെ പരാതി സംബന്ധിച്ച് താന്‍ കക്ഷിയല്ലെന്നും തന്റെ നിലപാട് എഐസിസിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം ആഭ്യന്തര പ്രശ്‌നം മറയ്ക്കാനുള്ള സംഘടിത ആക്രമണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും സണ്ണി ജോസഫ് ആരോപിച്ചു.

യുഡിഎഫിൽ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. മാധ്യമങ്ങളോടായിരുന്നു മന്ത്രിയുടെ പ്രതികരം. 'നിങ്ങൾ വിചാരിക്കുന്നത് പോലെ ഇവിടെ വലിയ ഹിമാലയൻ പ്രശന്ങ്ങളൊന്നും നടന്നില്ല.

ഇനിയും തീരുമാനം വരാനുണ്ട്. എല്ലാവരുടെയും പരാതി തീരും. യുഡിഎഫില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടന്നു. തീരുമാനങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ പ്രകാരം നടത്തും. യുഡിഎഫില്‍ അനൈക്യമില്ല. തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെടുള്ള പ്രതിഷേധങ്ങൾ നടക്കുകയാണ്.

അതിനിടയിലാണ് പ്രശ്നങ്ങൾ ഉണ്ടായത്. അത് ഉണ്ടാകാൻ പാടില്ലായിരുന്നു. രാജ്യം ഒറ്റക്കെട്ടായി നൽക്കേണ്ട സമയമാണ്. അതിൽ നിന്ന് ശ്രദ്ധ തിരിക്കരുത്', കുഞ്ഞാലിക്കുട്ടി പറഞ്ഞു.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി ഏതാനും മാസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് യുഡിഎഫ് കണ്‍വീനര്‍ തന്നെ പരസ്യവിമര്‍ശനവുമായി രംഗത്തെത്തിയത്. ഇന്നലെയായിരുന്നു അടൂര്‍ പ്രകാശ് വാര്‍ത്താസമ്മേളനത്തില്‍ തന്റെ അതൃപ്തി വ്യക്തമാക്കിയത്.

യുഡിഎഫില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്നും ചര്‍ച്ചയില്ലാതെയാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. യുഡിഎഫ് യോഗം പോലും വിളിക്കുന്നില്ല. തീരുമാനങ്ങള്‍ അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.

പറഞ്ഞതില്‍ ഉറച്ചുതന്നെ നില്‍ക്കുന്നതായിരുന്നു ഇന്ന് അടൂര്‍ പ്രകാശ് നടത്തിയ പ്രതികരണവും. ആരുടേയും പിന്തുണ തേടിയിട്ടില്ലെന്നും പറയേണ്ടത് ഇന്നലെ പറഞ്ഞെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.

അനുഭവത്തിന്റെ വെളിച്ചത്തിലുള്ള പ്രതികരണമാണ് നടത്തിയതെന്നും പറയാനുള്ളത് എഐസിസി നേതൃത്വത്തെ അറിയിക്കുമെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കിയിരുന്നു.

**English Summary:**

KPCC president Sunny Joseph did not completely dismiss UDF convener Adoor Prakash’s criticism, saying Prakash would submit his complaint to the AICC and that the AICC could take appropriate action. Joseph said he communicates with both the Chief Minister and the UDF convener. Minister P.K. Kunhalikutty said there were no major problems within the UDF and that bilateral discussions had taken place. Adoor Prakash has maintained his criticism, saying important decisions were being taken without adequate consultation and that he would convey his concerns to the AICC.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385160/sunny-joseph-adoor-prakash-udf-issue-aicc-complaint)