---
title: "'യുഡിഎഫിൽ വലിയ ഹിമാലയൻ പ്രശ്നങ്ങളില്ല, യുഡിഎഫിൽ ചർച്ച ചെയ്താണ് തീരുമാനങ്ങൾ എടുക്കാറുള്ളത്' - അടൂർ പ്രകാശിനെ തള്ളി മുസ്ലിം ലീഗ് നേതൃത്വം"
english_title: "Muslim League Rejects Adoor Prakash Criticism Says No Big Issues"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385144/muslim-league-rejects-adoor-prakash-remarks-udf-row-"
published_at: "2026-10-02T12:45:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abf5bcc2dfa0_WhatsApp_Image_2026-10-02_at_12.52.28_PM.jpeg"
keywords: ["Muslim League", "Adoor Prakash", "PK Kunhalikutty", "UDF Kerala"]
---

# 'യുഡിഎഫിൽ വലിയ ഹിമാലയൻ പ്രശ്നങ്ങളില്ല, യുഡിഎഫിൽ ചർച്ച ചെയ്താണ് തീരുമാനങ്ങൾ എടുക്കാറുള്ളത്' - അടൂർ പ്രകാശിനെ തള്ളി മുസ്ലിം ലീഗ് നേതൃത്വം

> **Lead Summary:** **മലപ്പുറം: **യുഡിഎഫ് കൺവീനറും എംപിയുമായ അടൂർ പ്രകാശിനെ തള്ളി മുസ്ലിം ലീഗ് നേതൃത്വം രംഗത്ത്. തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട വിഷയം നിൽക്കുമ്പോൾ ഇങ്ങനെയൊരു പ്രശ്നം ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും യുഡിഎഫിൽ വലിയ ഹിമാലയൻ പ്രശ്നങ്ങളില്ലെന്നും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

## Article Content

**മലപ്പുറം: **യുഡിഎഫ് കൺവീനറും എംപിയുമായ അടൂർ പ്രകാശിനെ തള്ളി മുസ്ലിം ലീഗ് നേതൃത്വം രംഗത്ത്. തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട വിഷയം നിൽക്കുമ്പോൾ ഇങ്ങനെയൊരു പ്രശ്നം ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും യുഡിഎഫിൽ വലിയ ഹിമാലയൻ പ്രശ്നങ്ങളില്ലെന്നും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട വാർത്ത കളയേണ്ടതില്ലെന്നും ഉഭയകക്ഷി ചർച്ചകളിലൂടെയാണ് കുറച്ചു കാര്യങ്ങൾ തീരുമാനിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇനിയും ഒട്ടനവധി നിയമനങ്ങളിൽ തീരുമാനം വരാനുണ്ടെന്നും അപ്പോൾ എല്ലാവരുടെയും പരാതികൾ അവസാനിക്കുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. ഈ വിവാദം സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

അതേസമയം, യുഡിഎഫിൽ ചർച്ച ചെയ്താണ് തീരുമാനങ്ങൾ എടുക്കാറുള്ളതെന്നും അഭിപ്രായവ്യത്യാസങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാവുന്ന കാര്യമേ ഉള്ളൂ എന്നും പാണക്കാട് സാദിഖലി തങ്ങൾ പ്രതികരിച്ചു. ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ നിയമനം അടക്കമുള്ള കാര്യങ്ങളിൽ മുന്നണിയിൽ കൂടിയാലോചനകൾ ഉണ്ടായില്ലെന്ന യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ വിമർശനത്തിൽ മുസ്ലിം ലീഗിന് കടുത്ത അതൃപ്തിയുണ്ട്. അടൂർ പ്രകാശിന്റെ പരാമർശങ്ങൾ അനാവശ്യവും അനവസരത്തിലുമാണ് എന്നാണ് ലീഗ് നേതാക്കളുടെ പൊതുവായ വിലയിരുത്തൽ.

ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനം ഡോ. എം.കെ. മുനീറിന് നൽകാൻ നേരത്തെ ധാരണയായതാണ്. എന്നിട്ടും മുന്നണി യോഗം വിളിക്കാൻ ചുമതലയുള്ള കൺവീനർ തന്നെ ഇക്കാര്യത്തിൽ വ്യത്യസ്ത നിലപാടുമായി പരസ്യ പ്രതികരണങ്ങൾ നടത്തിയത് ശരിയായില്ലെന്നാണ് ലീഗ് നിലപാട്. ഇതിനിടയിൽ, ഡോ. എം.കെ. മുനീറിനെ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനായി നിയമിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ഔദ്യോഗികമായി പുറത്തിറങ്ങുകയും ചെയ്തു.

English Summary: Malappuram: The Muslim League leadership has rejected UDF Convener and MP Adoor Prakash's criticisms regarding the lack of consultations over the Administrative Reforms Commission appointment. Minister P.K. Kunhalikutty stated that there are no major issues within the UDF and that such controversies should have been avoided. Panakkad Sadiqali Shihab Thangal also noted that decisions in the UDF are taken through discussions. Meanwhile, the official government order appointing Dr. M.K. Muneer as the Administrative Reforms Commission Chairman has been issued.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385144/muslim-league-rejects-adoor-prakash-remarks-udf-row-)