---
title: "ദളപതി വിജയ് കേരളത്തിലും ‘വിസിൽ’ മുഴക്കും; ടിവികെ പ്രവർത്തനം പൂർണതോതിൽ വ്യാപിപ്പിക്കാൻ കേരള ഘടകം ഒരുങ്ങുന്നു, കൊടുവള്ളി കോളജിൽ യുവ നേതാവ് മത്സരത്തിന്"
english_title: "TVK Kerala Unit Plans to Expand Vijay’s Party Activities"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385141/tvk-kerala-unit-expands-vijay-party-activities"
published_at: "2026-10-02T12:29:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abf579795cf5_tvk-kerala-unit-expands-vijay-party-activities.jpg"
keywords: ["TVK Kerala", "Thalapathy Vijay", "Sulaiman Basheer", "Tamilaga Vettri Kazhagam", "Kerala Politics"]
---

# ദളപതി വിജയ് കേരളത്തിലും ‘വിസിൽ’ മുഴക്കും; ടിവികെ പ്രവർത്തനം പൂർണതോതിൽ വ്യാപിപ്പിക്കാൻ കേരള ഘടകം ഒരുങ്ങുന്നു, കൊടുവള്ളി കോളജിൽ യുവ നേതാവ് മത്സരത്തിന്

> **Lead Summary:** തിരുവനന്തപുരം: തമിഴക വെട്രി കഴകം (ടിവികെ) കേരളത്തിലും പ്രവർത്തനം സജീവമാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി കേരള ഘടകം കോർഡിനേറ്റർ ഡോ. സുലൈമാൻ ബഷീർ. ദളപതി വിജയ് മുന്നോട്ടുവയ്ക്കുന്ന ജനക്ഷേമം, അഴിമതി രഹിത ഭരണം, വികസനം തുടങ്ങിയ നിലപാടുകൾ കേരളത്തിലെ പ്രവർത്തകരും ആരാധകരും ഏറ്റെടുത്തുകഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.

## Article Content

തിരുവനന്തപുരം: തമിഴക വെട്രി കഴകം (ടിവികെ) കേരളത്തിലും പ്രവർത്തനം സജീവമാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി കേരള ഘടകം കോർഡിനേറ്റർ ഡോ. സുലൈമാൻ ബഷീർ. ദളപതി വിജയ് മുന്നോട്ടുവയ്ക്കുന്ന ജനക്ഷേമം, അഴിമതി രഹിത ഭരണം, വികസനം തുടങ്ങിയ നിലപാടുകൾ കേരളത്തിലെ പ്രവർത്തകരും ആരാധകരും ഏറ്റെടുത്തുകഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.

വിജയ് ഫാൻസ് സംഘടനകളിൽ പ്രവർത്തിച്ചിരുന്ന നിരവധി പേർ ടിവികെയിലേക്ക് എത്തിയിട്ടുണ്ടെന്നും ഡോ. സുലൈമാൻ ബഷീർ പറഞ്ഞു. വിഴിഞ്ഞം വാഹിദ്, ഷെമീർ, അനന്തു, അരുൺ കൃഷ്ണ തുടങ്ങിയവർ വിജയ് ഫാൻസിൽ നിന്ന് ടിവികെയിലെത്തിയവരാണെന്ന് അദ്ദേഹം വ്യക്തമാക്കി.

മറ്റ് രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ളവരും ടിവികെയിൽ എത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ നേതാക്കളുടെ ഉത്തരവാദിത്തങ്ങളും പദവികളും ചെന്നൈയിലെ മുതിർന്ന നേതാക്കൾ നിശ്ചയിച്ചുകഴിഞ്ഞാൽ പാർട്ടിയുടെ പ്രവർത്തനം സംസ്ഥാനത്ത് പൂർണതോതിൽ എത്തിക്കാനുള്ള ശ്രമങ്ങളാണ് കോർഡിനേറ്റർ എന്ന നിലയിൽ നടത്തുന്നതെന്നും സുലൈമാൻ ബഷീർ പറഞ്ഞു.

കേരളത്തിലെ കോളജ് തിരഞ്ഞെടുപ്പിലും ടിവികെ പ്രതിനിധി മത്സരിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കൊടുവള്ളി കോളജിലാണ് യുവ നേതാവ് മത്സരിക്കുന്നത്. സംസ്ഥാനത്തെ മറ്റ് പല ക്യാംപസുകളിലും ടിവികെ അനുഭാവികളായ വിദ്യാർഥികൾ മത്സരരംഗത്തേക്ക് എത്തുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷയെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

തമിഴ്നാട്ടിൽ ദളപതി വിജയ് നടപ്പാക്കിയ നവജാത ശിശുക്കൾക്ക് തങ്കമോതിരം സമ്മാനിക്കുന്ന പദ്ധതി കേരളത്തിൽ വിജയ് ആരാധകർ വർഷങ്ങളായി നടത്തിവരുന്നതായും സുലൈമാൻ ബഷീർ പറഞ്ഞു. പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായാൽ പദ്ധതി കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിജയ് ആരാധകരും ടിവികെ അണികളും കേരളത്തിലുടനീളം സജീവമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു രാഷ്ട്രീയ കക്ഷിയുമായും പിണക്കത്തിനില്ലെന്നും പാർട്ടിയുടെ മുതിർന്ന നേതാക്കൾ ഏൽപ്പിക്കുന്ന ദൗത്യങ്ങൾ പൂർത്തിയാക്കുകയാണ് കേരള ഘടകത്തിന്റെ ലക്ഷ്യമെന്നും ഡോ. സുലൈമാൻ ബഷീർ കൂട്ടിച്ചേർത്തു.

**English Summary:**

Tamilaga Vettri Kazhagam (TVK) is preparing to expand its activities in Kerala, according to Kerala unit coordinator Dr. Sulaiman Basheer. He said Vijay’s positions on public welfare, corruption-free governance and development have been embraced by supporters and fans in Kerala. Several Vijay fan members and people from other political parties have joined TVK. A TVK representative is also contesting a college election at Koduvalli College. The Kerala unit also plans to expand its existing newborn gold-ring initiative to all panchayats if officially announced by the party.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385141/tvk-kerala-unit-expands-vijay-party-activities)