---
title: "സാധാരണക്കാർക്ക് ആശ്വാസം; കുടുംബശ്രീ ജനകീയ ഹോട്ടലുകളിൽ 40 രൂപയ്ക്ക് ഊണും വെള്ളരിച്ചോറും, പുതിയ നിരക്കുകൾ പ്രഖ്യാപിച്ചു"
english_title: "Kudumbashree Janakeeya Hotels Vellarichor Price Hike New Rates"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384957/kudumbashree-janakeeya-hotels-vellarichor-price-hike"
published_at: "2026-10-01T10:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abdea868255c_kudumbashree-janakeeya-hotels-vellarichor-price-hike.jpg"
keywords: ["Kudumbashree hotels", "Janakeeya Hotel price hike", "Hotel Foods"]
---

# സാധാരണക്കാർക്ക് ആശ്വാസം; കുടുംബശ്രീ ജനകീയ ഹോട്ടലുകളിൽ 40 രൂപയ്ക്ക് ഊണും വെള്ളരിച്ചോറും, പുതിയ നിരക്കുകൾ പ്രഖ്യാപിച്ചു

> **Lead Summary:** **തിരുവനന്തപുരം : **വിലക്കയറ്റത്തിൽ പ്രതിസന്ധിയിലായ കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക് ആശ്വാസമായി വെള്ളരിച്ചോറിനു വില വർധിപ്പിച്ചു. പാചകവാതകത്തിന്റെയും നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റത്തെ തുടർന്നുണ്ടായ പ്രതിസന്ധിക്ക് പരിഹാരമായാണ് ജില്ലാ ആസൂത്രണ സമിതി വെള്ളരിച്ചോറിനു പുതിയ നിരക്ക് പ്രഖ്യാപിച്ചത്. പുതിയ നിരക്ക് പ്രകാരം ഹോട്ടലിൽ ഇരുന്നു കഴിക്കുന്ന ഊണിന് (ഊണ്, രണ്ടു കറി, തോരൻ, അച്ചാർ) 40 രൂപയായിരിക്കും വില. പാർസൽ ഊണിന് ഉപഭോക്താക്കൾ 45 രൂപ നൽകണം.

## Article Content

**തിരുവനന്തപുരം : **വിലക്കയറ്റത്തിൽ പ്രതിസന്ധിയിലായ കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക് ആശ്വാസമായി വെള്ളരിച്ചോറിനു വില വർധിപ്പിച്ചു. പാചകവാതകത്തിന്റെയും നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റത്തെ തുടർന്നുണ്ടായ പ്രതിസന്ധിക്ക് പരിഹാരമായാണ് ജില്ലാ ആസൂത്രണ സമിതി വെള്ളരിച്ചോറിനു പുതിയ നിരക്ക് പ്രഖ്യാപിച്ചത്. പുതിയ നിരക്ക് പ്രകാരം ഹോട്ടലിൽ ഇരുന്നു കഴിക്കുന്ന ഊണിന് (ഊണ്, രണ്ടു കറി, തോരൻ, അച്ചാർ) 40 രൂപയായിരിക്കും വില. പാർസൽ ഊണിന് ഉപഭോക്താക്കൾ 45 രൂപ നൽകണം.

എൽപിജി സിലണ്ടറിന്റെയും പച്ചക്കറിയുടെയും മറ്റും വില കുത്തനെ വർധിച്ചത് കുടുംബശ്രീ ജനകീയ ഹോട്ടലുകളുടെ നടത്തിപ്പിനെ ഗുരുതരമായി ബാധിച്ചിരുന്നു. ഇതെത്തുടർന്നു വിലവർധനയെക്കുറിച്ചു പഠിക്കാൻ ഡിപിസി ഒരു സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. കഴിഞ്ഞ ജൂലൈ 17ന് സബ് കമ്മിറ്റി യോഗം ചേർന്ന് ഊണിന് 42 രൂപയും, പാർസലിന് 45 രൂപയും ആയി വില വർധിപ്പിക്കാൻ ശുപാർശ നൽകി. എന്നാൽ കുടുംബശ്രീ ജനകീയ ഹോട്ടലുകളെ ആശ്രയിക്കുന്നതിലേറെയും സാധാരണക്കാരായതിനാൽ ജില്ലാ ആസൂത്രണ സമിതി ഓഗസ്റ്റ് 7ന് യോഗം ചേർന്ന് ഊണിന് 40 രൂപയായും, പാർസലിന് 45 രൂപയായും നിജപ്പെടുത്തുകയായിരുന്നു.

കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്താണു കുടുംബശ്രീ ജനകീയ ഹോട്ടലുകൾ വഴി 20 രൂപയ്ക്ക് വെള്ളരിച്ചോറ് നൽകുന്ന പദ്ധതി ആരംഭിച്ചത്. ഈ സമയം സബ്സിഡി നിരക്കിൽ അരിയും നൽകിയിരുന്നു. എന്നിട്ടും ഹോട്ടൽ നടത്തിപ്പുകാർക്ക് സാമ്പത്തികനഷ്‌ടം ഉണ്ടായതിനെത്തുടർന്നു വെള്ളരിച്ചോറിനു 30 രൂപയായി വില വർധിപ്പിക്കുകയും, സബ്സിഡി നിരക്കിൽ അരി നൽകുന്നത് തുടരുകയും ചെയ്തു. എന്നാൽ പിന്നീട് സബ്സിഡി നിരക്കിൽ അരി നൽകി വന്നിരുന്ന വിതരണം നിർത്തിവച്ചു.

തുടർന്നു കുറച്ചു നാളുകൾകൂടി 30 രൂപയ്ക്ക് വെള്ളരിച്ചോറ് വിതരണം തുടർന്നുവെങ്കിലും സാമ്പത്തികബാധ്യത വർധിച്ചതോടെ, ജനകീയ ഹോട്ടലുകളിൽ വെള്ളരിച്ചോറ് വിതരണം നിർത്തിവയ്ക്കുകയും 50 രൂപയ്ക്ക് കുത്തരിച്ചോറ് മാത്രം നൽകുകയുമായിരുന്നു. മൂന്നര മാസത്തിനു ശേഷമാണിപ്പോൾ കുടുംബശ്രീ ജനകീയ ഹോട്ടലുകളിൽ വെള്ളരിച്ചോറ് തിരിച്ചെത്തുന്നത്. സബ്സിഡി നിരക്കിൽ അരി നൽകുന്നില്ലെങ്കിലും 10 രൂപ വർധിപ്പിച്ചത് ഗുണം ചെയ്യുമെന്നാണു ജനകീയ ഹോട്ടൽ നടത്തിപ്പുകാർ കരുതുന്നത്.

വെള്ളരിച്ചോറ് വിതരണം നിർത്തിയതോടെ ജനകീയ ഹോട്ടലുകളിൽ ഉച്ചഭക്ഷണം കഴിയ്ക്കാനെത്തുന്നവരുടെ എണ്ണത്തിൽ വൻ ഇടിവുണ്ടായിരുന്നു. 10 രൂപ വില വർധിപ്പിച്ചെങ്കിലും വെള്ളരിച്ചോറ് വിതരണം പുനരാരംഭിച്ചതോടെ ആളുകൾ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബശ്രീ ജനകീയ ഹോട്ടലുകളിലെ തൊഴിലാളികൾ. കുടുംബശ്രീ ഹോട്ടലുകളിൽ നിന്ന് 40 രൂപയ്ക്ക് ഊണ് ലഭിക്കുമ്പോൾ, മറ്റു ഹോട്ടലുകളിൽ 70 രൂപ നൽകിയാൽ മാത്രമെ ഉച്ചഭക്ഷണം ലഭിക്കൂ എന്നതും ശ്രദ്ധേയമാണ്.

**English Summary:**

Kudumbashree Janakeeya Hotels have increased the price of 'Vellarichor' (rice meals) to 40 rupees for dine-in and 45 rupees for parcels to cope with rising cooking gas and commodity prices. The decision by the District Planning Committee comes after a hiatus of three and a half months during which the supply of subsidised rice was halted and cheap meals were temporarily suspended due to financial strain. Workers hope the price hike will revive customer footfall.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384957/kudumbashree-janakeeya-hotels-vellarichor-price-hike)