---
title: "കണ്ണൂരിൽ ആശുപത്രിയിൽ അമ്മയ്ക്ക് കൂട്ടിരുന്ന ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ അപകടം; ടോറസ് ലോറിയുടെ അടിയിൽപ്പെട്ട് 19-കാരന് ദാരുണാന്ത്യം"
english_title: "Kannur Road Accident: 19-Year-Old Dies After Bike Collides With Lorry"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384848/kannur-pariyaram-road-accident-19-year-old-dies"
published_at: "2026-09-30T13:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abcbc93d8719_kannur-pariyaram-road-accident-19-year-old-dies.jpg"
keywords: ["Road Accident", "Abhinav Suresh", "Bike Accident", "Lorry Accident", "Kannur Accident"]
---

# കണ്ണൂരിൽ ആശുപത്രിയിൽ അമ്മയ്ക്ക് കൂട്ടിരുന്ന ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ അപകടം; ടോറസ് ലോറിയുടെ അടിയിൽപ്പെട്ട് 19-കാരന് ദാരുണാന്ത്യം

> **Lead Summary:** കണ്ണൂർ: ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമ്മയ്ക്ക് രാത്രി കൂട്ടിരുന്ന ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ വാഹനാപകടത്തിൽ 19-കാരന് ദാരുണാന്ത്യം. വായാട്ടുപറമ്പ് ജങ്ഷനിലെ സുരേഷ്–സ്മിത ദമ്പതികളുടെ മകൻ അഭിനവ് സുരേഷ് ആണ് മരിച്ചത്.

## Article Content

കണ്ണൂർ: ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമ്മയ്ക്ക് രാത്രി കൂട്ടിരുന്ന ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ വാഹനാപകടത്തിൽ 19-കാരന് ദാരുണാന്ത്യം. വായാട്ടുപറമ്പ് ജങ്ഷനിലെ സുരേഷ്–സ്മിത ദമ്പതികളുടെ മകൻ അഭിനവ് സുരേഷ് ആണ് മരിച്ചത്.

ബുധനാഴ്ച  രാവിലെ 7.30-ഓടെ പരിയാരം അമ്മാനപ്പാറയിലെ ചുടല–മാതമംഗലം റോഡിലെ മുടിക്കാനം ജങ്ഷനിലാണ് അപകടമുണ്ടായത്. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന അമ്മയെ കണ്ടശേഷം വായാട്ടുപറമ്പിലെ വീട്ടിലേക്ക് ബൈക്കിൽ മടങ്ങുകയായിരുന്നു അഭിനവ്.

മുടിക്കാനം ജങ്ഷനിലെത്തിയപ്പോൾ അഭിനവ് ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് മുന്നിൽ പോകുകയായിരുന്ന കെഎൽ 59 എഫ് 9727 നമ്പർ ചെങ്കൽ ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്ന് തെറിച്ചുവീണ അഭിനവ് എതിർദിശയിൽ മണൽ കയറ്റി മാതമംഗലം ഭാഗത്തുനിന്ന് എത്തിയ ടോറസ് ലോറിയുടെ അടിയിലേക്ക് വീഴുകയായിരുന്നു.

തുടർന്ന് ടോറസ് ലോറി അഭിനവിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ അഭിനവ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചതായാണ് വിവരം. അപകടത്തിന്റെ ആഘാതത്തിൽ തല ശരീരത്തിൽനിന്ന് വേർപെട്ട നിലയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

വിവരമറിഞ്ഞ് പരിയാരം പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പരിയാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

**English Summary:**

Kannur: A 19-year-old, Abhinav Suresh, died in a road accident at Mudikkanam Junction in Pariyaram on Wednesday morning. He was returning home by bike after visiting his mother, who is undergoing treatment at Kannur Government Medical College in Pariyaram. His bike collided with a laterite lorry and he fell under a sand-laden tipper lorry coming from the opposite direction. Pariyaram police reached the spot and initiated further procedures. The body is kept at the medical college mortuary.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384848/kannur-pariyaram-road-accident-19-year-old-dies)