---
title: "സ്മാർട്ട്‌വാച്ച് ഇനി വേണ്ട...! ഫോൺ തുറക്കുമ്പോൾ മുഖം നോക്കി ഹൃദയമിടിപ്പ് അറിയാം; വിപ്ലവകരമായ സാങ്കേതികവിദ്യയുമായി ഗൂഗിൾ"
english_title: "Google Researchers Develop Heart Rate Tracking Via Smartphone Front Camera"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384686/google-researchers-develop-heart-rate-tracking-via-smartphone-front-camera"
published_at: "2026-09-29T13:23:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abb6eb13a7da_google-researchers-develop-heart-rate-tracking-via-smartphone-front-camera.jpg"
keywords: ["Google Research", "Heart Rate Tracking", "Smartphone Camera", "Nature Journal", "Technology News"]
---

# സ്മാർട്ട്‌വാച്ച് ഇനി വേണ്ട...! ഫോൺ തുറക്കുമ്പോൾ മുഖം നോക്കി ഹൃദയമിടിപ്പ് അറിയാം; വിപ്ലവകരമായ സാങ്കേതികവിദ്യയുമായി ഗൂഗിൾ

> **Lead Summary:** ** **ഫോൺ അൺലോക്ക് ചെയ്യുമ്പോൾ മുൻ ക്യാമറ പകർത്തുന്ന ഏതാനും സെക്കൻഡ് നീളുന്ന മുഖവീഡിയോയിൽ നിന്ന് ഹൃദയമിടിപ്പ് കൃത്യമായി കണക്കാക്കാമെന്ന് ഗൂഗിൾ റിസർച്ചിലെ ഗവേഷകർ കണ്ടെത്തി. പ്രമുഖ ശാസ്ത്ര ജേണലായ 'നേച്ചറി'ലാണ് ഈ നിർണായക പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്മാർട്ട്‌വാച്ച് പോലുള്ള പ്രത്യേക ഉപകരണങ്ങളുടെ സഹായമില്ലാതെ തന്നെ സ്മാർട്ട്‌ഫോൺ വഴി ഹൃദയാരോഗ്യം നിരീക്ഷിക്കാൻ സഹായിക്കുന്ന നൂതനമായ രീതിയാണിത്.

## Article Content

** **ഫോൺ അൺലോക്ക് ചെയ്യുമ്പോൾ മുൻ ക്യാമറ പകർത്തുന്ന ഏതാനും സെക്കൻഡ് നീളുന്ന മുഖവീഡിയോയിൽ നിന്ന് ഹൃദയമിടിപ്പ് കൃത്യമായി കണക്കാക്കാമെന്ന് ഗൂഗിൾ റിസർച്ചിലെ ഗവേഷകർ കണ്ടെത്തി. പ്രമുഖ ശാസ്ത്ര ജേണലായ 'നേച്ചറി'ലാണ് ഈ നിർണായക പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്മാർട്ട്‌വാച്ച് പോലുള്ള പ്രത്യേക ഉപകരണങ്ങളുടെ സഹായമില്ലാതെ തന്നെ സ്മാർട്ട്‌ഫോൺ വഴി ഹൃദയാരോഗ്യം നിരീക്ഷിക്കാൻ സഹായിക്കുന്ന നൂതനമായ രീതിയാണിത്.

ചർമത്തിലെ രക്തയോട്ടത്തിലുണ്ടാകുന്ന സൂക്ഷ്മമാറ്റങ്ങൾ ക്യാമറയിലൂടെ തിരിച്ചറിയുന്ന 'റിമോട്ട് ഫോട്ടോപ്ലെതിസ്മോഗ്രഫി' എന്ന സാങ്കേതികവിദ്യയാണ് ഇതിന്റെ അടിസ്ഥാനം. ദിവസം പലതവണ ഫോൺ അൺലോക്ക് ചെയ്യുമ്പോൾ എടുക്കുന്ന അളവുകൾ കൂട്ടിച്ചേർത്ത്, ശരീരം വിശ്രമത്തിലായിരിക്കുമ്പോഴത്തെ ഹൃദയമിടിപ്പ് (റെസ്റ്റിങ് ഹാർട്ട് റേറ്റ്) ഇതിലൂടെ കണക്കാക്കാം. ഹൃദയാരോഗ്യത്തിന്റെ ഏറ്റവും പ്രധാന സൂചകങ്ങളിലൊന്നാണിത്.

ഇത് ട്രാക്ക് ചെയ്യാൻ സാധാരണ സ്മാർട്ട്‌വാച്ച് പോലുള്ള ഉപകരണം വേണം. എന്നാൽ അതിന്റെ പ്രയോജനം ഏറ്റവും കൂടുതൽ കിട്ടേണ്ടവർക്കിടയിലാണ് ഇവയുടെ ഉപയോഗം കുറവെന്ന് ഗവേഷകർ പറയുന്നു. സ്മാർട്ട്‌ഫോൺ ഇതിനകം മിക്കവരുടെയും കയ്യിലുള്ളതിനാൽ, അതുപയോഗിച്ചുള്ള നിരീക്ഷണം കൂടുതൽ പേരിലേക്ക് എത്താൻ സഹായിക്കുമെന്നാണ് പ്രതീക്ഷ.

ഇരുന്നൂറിലേറെ പേരിൽ നിന്നുള്ള ഒന്നര ലക്ഷത്തിലേറെ വീഡിയോകളാണ് പരിശോധിച്ചത്. ലാബിൽ വച്ചും, എട്ടുദിവസത്തോളം പതിവുപോലെ ഫോൺ ഉപയോഗിക്കുമ്പോഴും ഫലം പരിശോധിച്ചു.

എന്നാൽ ദൈനംദിന ഉപയോഗത്തിൽ പകുതിയിൽ താഴെ വീഡിയോകളിൽ നിന്നേ വിശ്വസനീയമായ അളവ് ലഭിച്ചുള്ളൂ. ഇരുണ്ട ചർമ്മമുള്ളവരിൽ ഇത് നാലിലൊന്ന് മാത്രം. പങ്കെടുത്തവരിൽ ഭൂരിഭാഗവും ചെറുപ്പക്കാരായിരുന്നുവെന്നതും പരിമിതിയാണ്. നിലവിൽ രോഗനിർണയ മാർഗ്ഗമല്ലെങ്കിൽപോലും, ഹൃദയമിടിപ്പ് അറിയാനുള്ള ഈ മാർഗം ഭാവിയിൽ ഹൃദ്രോഗികളുടെ നിരീക്ഷണത്തിന് ഉപകരിച്ചേക്കാമെന്ന പ്രതീക്ഷയും ഗവേഷകർ പങ്കുവയ്ക്കുന്നു.

ഓരോ അൺലോക്കിലും ക്യാമറ പ്രവർത്തിക്കുന്നതിനാൽ ഉപയോക്താവിന്റെ വ്യക്തമായ സമ്മതം വേണമെന്നും, വീഡിയോ ഫോണിൽ തന്നെ പ്രോസസ് ചെയ്യുന്ന രീതിയിലാകണമെന്നും ഗവേഷകർ പറയുന്നു. ഈ ഗവേഷണവുമായി ബന്ധപ്പെട്ട് ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ് പേറ്റന്റ് അപേക്ഷ നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384686/google-researchers-develop-heart-rate-tracking-via-smartphone-front-camera)