---
title: " 'ഞാൻ എന്റെ നാടിന്റെ കാവലാൾ': തൂഫാൻ തദ്ദേശത്തിന് തുടക്കമായി; ലഹരിക്കെതിരായ പോരാട്ടത്തിൽ അമ്മമാരാണ് ശക്തിയെന്ന് രമേശ് ചെന്നിത്തല"
english_title: "Operation Toofan Second Phase Launched to Expand Anti-Drug Fight to Every Ward"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384574/operation-toofan-second-phase-toofan-thaddesham-wards"
published_at: "2026-09-28T18:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aba5e403563f_operation-toofan-second-phase-toofan-thaddesham-wards.jpg"
keywords: ["Operation Toofan", "Ramesh Chennithala", "Toofan Thaddesham", "Anti Drug Campaign", "Malappuram"]
---

#  'ഞാൻ എന്റെ നാടിന്റെ കാവലാൾ': തൂഫാൻ തദ്ദേശത്തിന് തുടക്കമായി; ലഹരിക്കെതിരായ പോരാട്ടത്തിൽ അമ്മമാരാണ് ശക്തിയെന്ന് രമേശ് ചെന്നിത്തല

> **Lead Summary:** മലപ്പുറം: അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല പറഞ്ഞു. കേരളത്തിലെ ലഹരി മാഫിയയ്‌ക്കെതിരെ നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ തദ്ദേശവകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന 'തൂഫാൻ തദ്ദേശം' മലപ്പുറം വേങ്ങരയിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

## Article Content

മലപ്പുറം: അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല പറഞ്ഞു. കേരളത്തിലെ ലഹരി മാഫിയയ്‌ക്കെതിരെ നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ തദ്ദേശവകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന 'തൂഫാൻ തദ്ദേശം' മലപ്പുറം വേങ്ങരയിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

**

രാജ്യം കണ്ടതിൽ ഏറ്റവും വലിയ ലഹരി വിരുദ്ധ പോരാട്ടത്തിന്റെ രണ്ടാം ഘട്ടത്തിനാണ്‌ തുടക്കമായിരിക്കുന്നത്‌. ഒരേ സ്വരത്തിൽ ഏറ്റു പറയാം ഞാൻ എന്റെ നാടിന്റെ കാവലാൾ എന്ന്‌. മക്കളിൽ ഉണ്ടാകുന്ന ചെറിയ മാറ്റം പോലും പെട്ടന്ന്‌ തിരിച്ചറിയാൻ കഴിയുന്ന അമ്മമാർ തന്നെയാണ്‌ പോരാട്ടത്തിന്റെ ശക്‌തി.

സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച്‌ ലഹരി മാഫിയ വട്ടമിട്ട്‌ പറക്കുകയാണ്‌. നമ്മുടെ വീടുകളിലേക്കും അത്‌ എത്തിയിരിക്കുന്നു എന്ന തിരിച്ചറിവ്‌ നമുക്ക്‌ വേണം. ഓപ്പറേഷൻ തൂഫാൻ തുടങ്ങിയ ശേഷം ലഹരി ഉപയോഗം 20 മുതൽ 30 ശതമാനം വരെ കുറഞ്ഞിട്ടുണ്ട്‌.

രാപ്പകലില്ലാതെ ലഹരിക്കെതിരെ പോരാട്ടം നടത്തുന്ന പൊലീസിനെ അഭിനന്ദിക്കുന്നു. കോയമ്പത്തൂരിൽ നിന്ന്‌ 13 കിലോ എം.ഡി.എം.എ പിടിച്ചെടുന്ന മലപ്പുറം പൊലീസിനെയും പ്രത്യേകമായി അഭിനന്ദിക്കുന്നു. ജനങ്ങളെ ഞങ്ങൾ പൂർണമായി വിശ്വാസത്തിലെടുത്തു.

ജനങ്ങൾ രഹസ്യമായി വിവരങ്ങൾ നൽകി. പണ്ട്‌ ജനങ്ങൾ ലഹരി മാഫിയയെ പേടിച്ചിരുന്നെങ്കിൽ ഇന്ന്‌ മാഫിയ ജനങ്ങളെ പേടിക്കുകയാണ്‌. അതാണ്‌ തൂഫാൻ കൊണ്ടുവന്ന മാറ്റം. ഒരു കുറ്റവാളിയെയും സംരക്ഷിക്കാൻ യു.ഡി.എഫ്‌ സർക്കാർ ശ്രമിച്ചിട്ടില്ല. ജനസേനയെ മുന്നിൽ നിറുത്തിയുള്ള പ്രവർത്തനമാണ്‌ രണ്ടാം ഘട്ടത്തിലുണ്ടാവുക.

ഇതിന്റെ ഭാഗമായി ലഹരിവിരുദ്ധ പോരാട്ടം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പൂർണ്ണ സഹകരണത്തോടെ താഴെത്തട്ടിലുള്ള ഓരോ വാർഡിലേക്കും വ്യാപിപ്പിക്കും. പൊതുജനങ്ങളെയും പ്രാദേശിക കൂട്ടായ്മകളെയും ഉൾപ്പെടുത്തി എല്ലാ വാർഡുകളിലും പ്രത്യേക 'തൂഫാൻ സമിതികൾ' രൂപീകരിക്കും.

ലഹരി വേട്ടയ്ക്കും കർശന നിയമനടപടികൾക്കുമൊപ്പം ഇരകളാകുന്നവരെ സംരക്ഷിക്കാനും തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാനുമുള്ള ഉത്തരവാദിത്തവും രണ്ടാം ഘട്ടത്തിലുണ്ട്‌. ഇതിനായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെയും (IMA) സംസ്ഥാനത്തെ 35-ഓളം പ്രമുഖ ആശുപത്രികളുടെയും സഹകരണത്തോടെ ലഹരിമുക്തിക്കും പുനരധിവാസത്തിനുമായി പ്രത്യേക പ്രോട്ടോക്കോൾ നടപ്പിലാക്കും.

ലഹരിയെക്കുറിച്ച്‌ വിവരങ്ങൾ നൽകാനായി തൂഫാൻ ആപ്പ് ഉണ്ടാകും. സ്‌കൂളുകളിൽ ഏൽപ്പെടുത്തുന്ന പ്രത്യേക നിരീക്ഷണ സംവിധാനമായ തൂഫാൻ ഐസ്‌ കോഴിക്കോട് നിന്നാരംഭിക്കും. കുട്ടികളെ ലഹരിയുടെ പിടിയിലെത്താതെ കാക്കാനായി തൂഫാൻ പ്ളേയിലൂടെ ക്രിക്കറ്റ്‌ കിറ്റുകളുംഫുട്‌ബോളുകളും നൽകി കായികലോകത്തേക്ക്‌ നടത്തിക്കും. ക്യാമ്പസുകൾ ലഹരിമുക്‌തമാക്കാൻ ശ്രമങ്ങളുണ്ടാകുമെന്നും രമേശ്‌ ചെന്നിത്തല വ്യക്തമാക്കി.

ചെയ്യാവുന്നതിൽ വച്ച്‌ ഏറ്റവും നല്ല സാമൂഹിക നന്മയാണ്‌ ഓപ്പറേഷൻ തൂഫാനെന്ന്‌ വ്യാവസായിക വകുപ്പ്‌ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. ലഹരിക്കെതിരായ കൊടുങ്കാറ്റ്‌ വീശാനിടയാക്കിയ ആഭ്യന്തര മന്ത്രിയെ അഭിനന്ദിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

തൂഫാൻ പോരാട്ടത്തോട് തദ്ദേശം നൽകുന്ന ഉറപ്പാണ്‌, ഞങ്ങളുണ്ട്‌ കൂടെ എന്ന സന്ദേശമാണ്‌ തൂഫാൻ തദ്ദേശമെന്ന്‌ തദ്ദേശ സ്വയംഭരണ വകുപ്പ്‌ മന്ത്രി കെ.എം ഷാജി സ്വാഗതപ്രസംഗത്തിൽ പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ തൂഫാൻ തദ്ദേശ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

സദസിലുള്ള എല്ലാവരെയും ആഭ്യന്തര മന്ത്രി തൂഫാൻ വാറിയേഴ്‌സായി പ്രഖ്യാപിച്ചു. ഒരേസമയം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും തൂഫാൻ പതാകയുയർത്തി തൂഫാൻ തദ്ദേശത്തിൽ പങ്കാളികളായി.

പി.വി അബ്‌ദുൾ വഹാബ്‌ എം.പി, എം.എൽ.എമാരായ മഞ്ഞളാംകുഴി അലി, ആബിദ്‌ ഹുസൈൻ, വി.എസ്‌ ജോയ്‌, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ, തൂഫാൻ നോഡൽ ഓഫീസർ പുട്ട വിമലാദിത്യ, മലപ്പുറം ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.എ ജബ്ബാർ ഹാജി, ഐ.ജി നാരായണൻ, ജില്ല പൊലീസ്‌ മേധാവി ചൈത്ര തെരേസ ജോൺ തുടങ്ങിയവർ പങ്കെടുത്തു.

English Summary:**

Home Minister Ramesh Chennithala said the support of mothers and sisters contributed to the success of Operation Toofan. The second phase, ‘Toofan Thaddesham’, was inaugurated in Vengara, Malappuram. The campaign will expand anti-drug activities to every local ward through special Toofan committees involving the public and local groups. A rehabilitation protocol will be implemented with the IMA and around 35 hospitals. Toofan App, Toofan Eye school monitoring and Toofan Play sports initiatives will also be introduced.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384574/operation-toofan-second-phase-toofan-thaddesham-wards)