---
title: "മുഖം വാടകയ്ക്ക് കൊടുത്താൽ പണം കിട്ടും, 1400 മുതൽ 66,000 രൂപ വരെ വരുമാനം; ട്രെൻഡായി പുതിയ തൊഴിൽരീതി"
english_title: "China’s Emerging Face Rental Market for AI Ads and Microdramas"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384548/china-face-rental-market-ai-ads-microdramas"
published_at: "2026-09-28T15:07:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aba357d40eb2_china-face-rental-market-ai-ads-microdramas.jpg"
keywords: ["Artificial Intelligence", "China", "Face Rental", "AI Ads", "Microdramas"]
---

# മുഖം വാടകയ്ക്ക് കൊടുത്താൽ പണം കിട്ടും, 1400 മുതൽ 66,000 രൂപ വരെ വരുമാനം; ട്രെൻഡായി പുതിയ തൊഴിൽരീതി

> **Lead Summary:** ബീജിംഗ്: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) കടന്നുവരവോടെ ലോകത്ത് വലിയ മാറ്റങ്ങളാണ് സംഭവച്ചിരിക്കുന്നത്. എല്ലാ മേഖലയിലുള്ളവരും ഇന്ന് എഐ സാങ്കേതികവിദ്യ ഉപയോഗിക്കാൻ തുടങ്ങി.

## Article Content

ബീജിംഗ്: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) കടന്നുവരവോടെ ലോകത്ത് വലിയ മാറ്റങ്ങളാണ് സംഭവച്ചിരിക്കുന്നത്. എല്ലാ മേഖലയിലുള്ളവരും ഇന്ന് എഐ സാങ്കേതികവിദ്യ ഉപയോഗിക്കാൻ തുടങ്ങി.

ചിലർക്ക് എഐയുടെ കടന്നുവരവ് തൊഴിൽ നഷ്ടപ്പെടുത്തിയപ്പോൾ മറ്റ് ചിലർക്ക് എഐ പുതിയ വരുമാനത്തിനുള്ള വഴിയും തുറന്നു. എഐ രംഗത്ത് ഒട്ടേറെ തൊഴിൽ അവസരങ്ങൾ തുറന്നുവരുന്നുണ്ട്.

എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി എഐ ഉപയോഗിച്ച് ഉയർന്ന വരുമാനം ഉണ്ടാക്കുകയാണ് ചൈനയിലെ ഒരു വിഭാഗം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി നിർമ്മിക്കുന്ന പരസ്യങ്ങൾക്കും നാടകങ്ങൾക്കും മുഖം വാടകയ്ക്ക് നൽകുകയാണ് ഇവർ.

എഐ ഉപയോഗിച്ച് നിർമ്മിക്കുന്ന 'മൈക്രോഡ്രാമ'കളുടെ (ചെറിയ ദൈർഘ്യമുള്ള നാടകങ്ങൾ) അതിവേഗം വളരുന്ന ചൈനീസ് വ്യവസായമാണ് ഈ പുതിയ വിപണിക്ക് രൂപം നൽകിയിരിക്കുന്നത്. ഇതിൽ അഭിനേതാക്കൾക്കും മോഡലുകൾക്കും തങ്ങളുടെ മുഖം എഐ ഷോകൾക്കും പരസ്യങ്ങൾക്കും ഗെയിമുകൾക്കുമായി വാടകയ്ക്ക് നൽകിയാണ് വരുമാനം ഉണ്ടാക്കുന്നത്.

2026ലെ ആദ്യ മൂന്ന് മാസങ്ങളിൽ പുറത്തിറങ്ങിയ 128,000 മൈക്രോഡ്രാമകളിൽ 95 ശതമാനത്തിന്റെ നിർമ്മാണത്തിലും എഐ ഉപയോഗിച്ചെന്നാണ് റിപ്പോർട്ട്. എഐ നിർമ്മിത ഉള്ളടക്കത്തിനായി തങ്ങളുടെ മുഖം ഉപയോഗിക്കാനുള്ള അനുമതി നൽകുന്നവർക്ക് 1433 രൂപ മുതൽ 66,916 രൂപ വരെ ചില പ്ലാറ്റ്‌ഫോമുകൾ നൽകുന്നുണ്ടെന്നാണ് റിപ്പോർട്ട്.

'ഫേസ് റെന്റൽ' (മുഖം വാടകയ്ക്ക് നൽകുന്ന) വിപണി കുതിച്ചുയരുന്ന സാഹചര്യത്തിൽ, ഉള്ളടക്കത്തിന്റെ ഗുണനിലവാരം, വ്യക്തികളുടെ അവകാശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടുള്ള മേൽനോട്ടം ചൈനീസ് അധികൃതർ ശക്തമാക്കുന്നുണ്ട്.

**മുഖം എങ്ങനെ വാടകയ്ക്ക് നൽകും?**

മുഖങ്ങൾ വാടകയ്ക്ക് നൽകാൻ താൽപര്യമുള്ളവരെ ബന്ധിപ്പിക്കുന്നതിനായി ആകട് ഐഡി, ഷെൻഷൻ എന്നീ പ്ലാറ്റ്‌ഫോമുകൾ മാർച്ച് മാസത്തിൽ ചൈനയിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. മുഖം വാടകയ്ക്ക് നൽകാൻ താൽപര്യമുള്ളവർക്ക് ഈ പ്ലാറ്റ്‌ഫോം വഴി ലൈസൻസ് സ്വന്തമാക്കാം.

ഈ പ്രക്രിയയിൽ, ആളുകൾക്ക് നിശ്ചിത സ്റ്റുഡിയോകളിൽ ചെന്ന് ഫോട്ടോകൾ എടുപ്പിക്കാം. തുടർന്ന് പ്രായം, ലിംഗഭേദം, രൂപഭാവം തുടങ്ങിയ ഘടകങ്ങളും തങ്ങൾ ആഗ്രഹിക്കുന്ന നിർമ്മാണത്തിന്റെ സ്വഭാവവും പരിഗണിച്ച് നിർമ്മാതാക്കൾക്ക് അനുയോജ്യരായവരെ തിരഞ്ഞെടുക്കാവുന്നതാണ്.

ലൈസൻസുള്ള ഈ മുഖങ്ങൾ ഹ്രസ്വനാടകങ്ങൾ, പരസ്യങ്ങൾ, വീഡിയോ ഗെയിമുകൾ എന്നിവയുൾപ്പെടെ എന്തിലും ഉപയോഗിക്കാവുന്നതാണ്. തങ്ങളുടെ മുഖം ഏതുതരം ഉള്ളടക്കത്തിലാണ് ഉപയോഗിക്കേണ്ടതെന്ന് ഉടമകൾക്ക് തീരുമാനിക്കാം.

എഐ വീഡിയോ നിർമ്മിക്കുന്നവർക്ക് വേണ്ടത് ആകർഷകമായ മുഖങ്ങളാണ്. എന്നാൽ ചില ഘട്ടങ്ങളിൽ പ്രായമായവരുടെ മുഖങ്ങളും നിർമ്മാതാക്കൾ ആവശ്യപ്പെടുന്നുണ്ട്. മുഖങ്ങളാണ് ഇവിടെ ഏറ്റവും പ്രധാനം.

തങ്ങളുടെ സമ്മതമില്ലാതെ മുഖം ഉപയോഗിക്കപ്പെടുമെന്ന ആശങ്കയ്ക്ക് പകരം ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഒരു വരുമാന മാർഗമായി അവർ കാണുന്നു. അഭിനയം എന്ന കഴിവ് ഇവിടെ ആവശ്യമില്ല എന്നത് മറ്റൊരു പ്രത്യേകതയാണ്.

ആക്ട് ഐഡി പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, അവരുടെ പ്ലാറ്റ്‌ഫോമിൽ നിന്ന് 800 ഉപയോക്താക്കൾ രജിസ്റ്റർ ചെയ്‌തെന്നും അവരിൽ 300 പേർ ലൈസൻസ് സ്വന്തമാക്കിയിട്ടുണ്ടെന്നും പറയുന്നു.

**English Summary:**

> China is witnessing the growth of a new “face rental” market, where actors and models license their faces for use in AI-generated advertisements, microdramas and video games. Some platforms reportedly pay between Rs 1,433 and Rs 66,916 for permission to use a person’s face in AI-generated content. The market has emerged alongside the rapidly expanding microdrama industry, with reports stating that AI was used in 95% of the 128,000 microdramas released during the first three months of 2026. Platforms including Act ID and Shenzhan began operating in China in March to connect people willing to license their faces with producers.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384548/china-face-rental-market-ai-ads-microdramas)