---
title: "പെൻഷൻ കിട്ടുമെന്ന് പറഞ്ഞ് പണം വാങ്ങി; പ്രവാസി ക്ഷേമനിധിയുടെ പേരിൽ കോടികളുടെ തട്ടിപ്പ്, 18 വ്യാജ സംഘടനകൾക്കെതിരെ പരാതി"
english_title: "Kerala Expats Targeted in Crore-Worth Scam Using Fake Welfare and Pension Schemes"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384529/kerala-expats-welfare-pension-scam-fake-organisations"
published_at: "2026-09-28T13:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aba25a2549e7_kerala-expats-welfare-pension-scam-fake-organisations.jpg"
keywords: ["Kerala Expats", "Expat Welfare", "Pension Scam", "Fake Organisations", "Pravasi Commission"]
---

# പെൻഷൻ കിട്ടുമെന്ന് പറഞ്ഞ് പണം വാങ്ങി; പ്രവാസി ക്ഷേമനിധിയുടെ പേരിൽ കോടികളുടെ തട്ടിപ്പ്, 18 വ്യാജ സംഘടനകൾക്കെതിരെ പരാതി

> **Lead Summary:** തിരുവനന്തപുരം: പ്രവാസികളെ ഇരയാക്കി സംസ്ഥാനത്ത് കോടികളുടെ തട്ടിപ്പ്. പെൻഷൻ ഉൾപ്പെടെ വിവിധ പ്രവാസി സ്കീമുകളിലേക്ക് അപേക്ഷിക്കാനെന്ന വ്യാജേനയാണ് തട്ടിപ്പ് നടക്കുന്നത്. കോട്ടയത്ത് ഇത്തരത്തിൽ ഒരു വ്യക്തി മാത്രം തട്ടിയെടുത്തത് ഒമ്പത് കോടിയോളം രൂപയാണ്.

## Article Content

തിരുവനന്തപുരം: പ്രവാസികളെ ഇരയാക്കി സംസ്ഥാനത്ത് കോടികളുടെ തട്ടിപ്പ്. പെൻഷൻ ഉൾപ്പെടെ വിവിധ പ്രവാസി സ്കീമുകളിലേക്ക് അപേക്ഷിക്കാനെന്ന വ്യാജേനയാണ് തട്ടിപ്പ് നടക്കുന്നത്. കോട്ടയത്ത് ഇത്തരത്തിൽ ഒരു വ്യക്തി മാത്രം തട്ടിയെടുത്തത് ഒമ്പത് കോടിയോളം രൂപയാണ്.

പ്രവാസി സംഘടനകൾ എന്ന വ്യാജേന പ്രവർത്തിക്കുന്ന ചില മാഫിയകളും വ്യക്തികളുമാണ് ഈ തട്ടിപ്പിന് പിന്നിൽ. പ്രവാസികൾക്ക് വേണ്ടി പ്രവർത്തിക്കുന്നു എന്ന് അവകാശപ്പെടുന്ന ഇവർ, പ്രവാസി ക്ഷേമനിധിയിലേക്കും പെൻഷനിലേക്കും അടയ്ക്കാനെന്ന വ്യാജേന വലിയ തുകകളാണ് ആളുകളിൽ നിന്ന് വാങ്ങുന്നത്.

ഒരാളിൽ നിന്ന് അല്ലെങ്കിൽ ഒരു സംഘടന വഴി 300 മുതൽ 400 വരെ ആളുകളിൽ നിന്നായി 3500 മുതൽ 4000 രൂപ വരെ തട്ടിയെടുക്കുന്നുണ്ട്. 18 സംഘടനകൾക്കെതിരെയാണ് പരാതി വന്നിരിക്കുന്നത്. പ്രവാസി മലയാളി വെൽഫെയർ അസോസിയേഷൻ, പ്രവാസി മലയാളി വെൽഫെയർ അസോസിയേഷൻ ഓഫ് ഇന്ത്യ തുടങ്ങി ഔദ്യോഗിക രൂപ സാദൃശ്യമുള്ള പേരുകളിലാണ് ഈ വ്യാജ സംഘടനകൾ അറിയപ്പെടുന്നത്.

പ്രവാസി മലയാളി വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ഐസക് പാലപ്പിള്ളിക്കെതിരെയും പരാതിയുണ്ട്. 60 വയസ്സിന് മുകളിലുള്ള പ്രവാസികൾക്കുള്ള സർക്കാർ പെൻഷൻ ലഭിക്കുമെന്നും, അതിനായുള്ള രജിസ്ട്രേഷനും മാസത്തവണ അടവിനുമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വീടുകയറി പണം പിരിക്കുന്നത്.

യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ പ്ലംബർ, ഡ്രൈവർ തുടങ്ങിയ സാധാരണ ജോലികൾ ചെയ്യുന്ന പാവപ്പെട്ട പ്രവാസികളാണ് തട്ടിപ്പിന് ഇരയാകുന്നത്. തൃശൂർ, കോട്ടയം ജില്ലകളിലാണ് ഏറ്റവും കൂടുതൽ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഗൾഫിലെ ജോലി കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം നാട്ടിലെത്തി ക്ഷേമനിധിയെക്കുറിച്ചോ പെൻഷനെക്കുറിച്ചോ അന്വേഷിക്കുമ്പോഴാണ് സർക്കാരിലേക്ക് ഒരു അപേക്ഷ പോലും പോയിട്ടില്ലെന്നും തങ്ങൾ തട്ടിക്കൊണ്ടുപോകപ്പെടുകയായിരുന്നുവെന്നും പ്രവാസികൾ അറിയുന്നത്.

സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രവാസി കമ്മീഷൻ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. തട്ടിപ്പിൽ ഉൾപ്പെട്ട 18 വ്യാജ സംഘടനകളുടെ പട്ടിക പ്രവാസി കമ്മീഷൻ പൊലീസിന് കൈമാറിയിട്ടുണ്ട്. ചില രാഷ്ട്രീയ കക്ഷികളുടെ പ്രവാസി പോഷക സംഘടനകളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചനകൾ.

**English Summary:**

A complaint alleges that crores of rupees are being collected from expatriates in Kerala by falsely promising access to pension and various welfare schemes. In Kottayam alone, nearly Rs 9 crore was allegedly collected from one person. The complaints concern 18 organisations operating under names resembling official expatriate welfare groups. Victims reportedly include low-income expatriates working as plumbers and drivers in Gulf countries. Thrissur and Kottayam have reported the highest number of cases. The Expatriate Commission has approached the DGP seeking an investigation and handed police a list of 18 organisations named in the complaints.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384529/kerala-expats-welfare-pension-scam-fake-organisations)