---
title: " 'തന്റെ ഫോട്ടോ എഐ നിർമ്മിതം, സ്വകാര്യ വാഹനം സർക്കാർ കാര്യത്തിന് ഉപയോഗിക്കുന്നതിൽ തെറ്റില്ല'; റേഞ്ച് റോവർ വിവാദത്തിൽ മന്ത്രി കെ എം ഷാജി"
english_title: " Range Rover Controversy Minister KM Shaji Justifies Says No Wrong In Using Private Vehicle"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384387/range-rover-controversy-minister-km-shaji-justification-private-vehicle"
published_at: "2026-09-27T11:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab8b04a30d1f_range-rover-controversy-minister-km-shaji-justification-private-vehicle.jpg"
keywords: ["KM Shaji", "Range Rover Controversy", "Kerala Minister", "Private Vehicle Use", "CPI M Cyber Wing"]
---

#  'തന്റെ ഫോട്ടോ എഐ നിർമ്മിതം, സ്വകാര്യ വാഹനം സർക്കാർ കാര്യത്തിന് ഉപയോഗിക്കുന്നതിൽ തെറ്റില്ല'; റേഞ്ച് റോവർ വിവാദത്തിൽ മന്ത്രി കെ എം ഷാജി

> **Lead Summary:** **കോഴിക്കോട്: **റേഞ്ച് റോവര്‍ വിവാദത്തില്‍ വിശദീകരണവുമായി മന്ത്രി കെ.എം. ഷാജി രംഗത്ത്. ഔദ്യോഗിക പദവി സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നാണ് നിയമമെന്നും എന്നാല്‍ സ്വകാര്യ വാഹനങ്ങള്‍ സര്‍ക്കാര്‍ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

## Article Content

**കോഴിക്കോട്: **റേഞ്ച് റോവര്‍ വിവാദത്തില്‍ വിശദീകരണവുമായി മന്ത്രി കെ.എം. ഷാജി രംഗത്ത്. ഔദ്യോഗിക പദവി സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നാണ് നിയമമെന്നും എന്നാല്‍ സ്വകാര്യ വാഹനങ്ങള്‍ സര്‍ക്കാര്‍ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രി സഞ്ചരിക്കുന്ന വാഹനമാണ് മന്ത്രിയുടെ വാഹനം എന്നും, അതില്‍ ഒപ്പം യാത്ര ചെയ്യുന്നവരെല്ലാം മന്ത്രിമാരാകണമെന്നില്ലെന്നും അദ്ദേഹം നിയമങ്ങള്‍ വിശദീകരിച്ചുകൊണ്ട് ചൂണ്ടിക്കാട്ടി. തനിക്കെതിരെയുള്ള മാധ്യമ വാര്‍ത്തകള്‍ ഏകപക്ഷീയമായിരുന്നുവെന്ന് കെ.എം. ഷാജി കുറ്റപ്പെടുത്തി.

ആദ്യം ആഡംബര വാഹനത്തില്‍ യാത്ര ചെയ്തുവെന്ന് വാര്‍ത്ത നല്‍കിയവര്‍, പിന്നീട് തെരഞ്ഞെടുപ്പ് കണക്കുകള്‍ ചൂണ്ടിക്കാട്ടി അത്രയും വലിയ വാഹനം വാങ്ങാന്‍ കഴിയില്ലെന്ന് വാദിച്ചു. വാഹനത്തിന്റെ വില ഗൂഗിളില്‍ പരതിയാല്‍ അറിയാവുന്നതേയുള്ളൂവെന്നും പല ആരോപണങ്ങളും ഊഹങ്ങളുടെ പുറത്തായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അഴീക്കോട് എം.എല്‍.എയായിരുന്ന കാലത്തും ഇതേ വാഹനം തന്നെയാണ് ഉപയോഗിച്ചിരുന്നതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ആദ്യം സ്വന്തം വാഹനമെന്നും പിന്നീട് സുഹൃത്തിന്റേതാണെന്നും പറഞ്ഞ മാധ്യമങ്ങള്‍, പ്രത്യുപകാരമായാണ് വാഹനം തന്നതെന്ന തരത്തിലുള്ള പ്രചാരണങ്ങളിലേക്കും കടന്നു. പ്രത്യുപകാരം പ്രതീക്ഷിച്ചു മാത്രം കാര്യങ്ങള്‍ ചെയ്യുമെന്നത് ചിലരുടെ മാനസിക വൈകല്യമാണെന്ന് ഷാജി വിമര്‍ശിച്ചു.

വിദേശയാത്രയില്‍ ബാര്‍ ഉടമ ഒപ്പമുണ്ടായിരുന്നുവെന്ന പ്രചാരണവും, തുടര്‍ന്ന് പിണറായി വിജയനും എ.എന്‍. ഷംസീറിനുമൊപ്പമുള്ള ബാര്‍ ഉടമയുടെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ വിവാദം കെട്ടടങ്ങിയതും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ തന്റെ വകുപ്പില്‍ പതിനായിരത്തോളം അനധികൃത നിയമനങ്ങള്‍ നടന്നിട്ടുണ്ടെന്നും, ആ സത്യം പുറത്തുവരുമെന്ന ഭയമാണ് തനിക്കെതിരെയുള്ള വേട്ടയാടലിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

റേഞ്ച് റോവറിന് മുന്നില്‍ നില്‍ക്കുന്ന രീതിയില്‍ പ്രചരിച്ച തന്റെ ചിത്രം എ.ഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) നിര്‍മ്മിതമാണെന്നും, മുഖ്യധാര മാധ്യമങ്ങള്‍ പോലും അത് യാതൊരു പരിശോധനയും കൂടാതെ പ്രസിദ്ധീകരിച്ചുവെന്നും കെ.എം. ഷാജി കുറ്റപ്പെടുത്തി. തന്റെ കുടുംബത്തിന്റെ വ്യാജ ചിത്രങ്ങളും സൈബര്‍ വിഭാഗം പ്രചരിപ്പിച്ചു. തനിക്ക് സ്വന്തമായി വ്യക്തിത്വമുണ്ടെന്നും മാധ്യമങ്ങള്‍ തോന്നിവാസങ്ങള്‍ വിളിച്ചുപറയാനുള്ളതല്ലെന്നും ഓര്‍മ്മിപ്പിച്ച അദ്ദേഹം, നിയമങ്ങളും ചട്ടങ്ങളും അറിയാത്തവര്‍ ചട്ടമ്പിത്തരം കാണിക്കരുതെന്നും താക്കീത് ചെയ്തു.

English Summary:

Minister KM Shaji with justification in Range Rover controversy. Law is official position should not be used for private purposes and there is no wrong in using private vehicles for government purposes, KM Shaji said. Vehicle in which minister travels is minister's vehicle. All those traveling in minister's vehicle are not ministers. If another person travels in minister's car it is illegal, KM Shaji explained laws.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384387/range-rover-controversy-minister-km-shaji-justification-private-vehicle)