---
title: "കേരളാബാങ്കിന്റെ ഭാവിക്കും നിർണായകം:  ജില്ലാ സഹകരണ ബാങ്കുകൾ പുനഃസ്ഥാപിക്കാൻ സർക്കാർ; മലപ്പുറം ബാങ്ക് ലയനക്കേസിൽ നിലപാട് തിരുത്തും"
english_title: "Kerala Government to Restore District Cooperative Banks, Revises Stand in Malappuram Merger Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384357/kerala-government-to-restore-district-cooperative-banks-malappuram-merger-case"
published_at: "2026-09-27T07:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab87656b6dc9_kerala-government-to-restore-district-cooperative-banks-malappuram-merger-case.jpg"
keywords: ["District Cooperative Banks", "Malappuram Cooperative Bank", "Kerala Bank", "Supreme Court"]
---

# കേരളാബാങ്കിന്റെ ഭാവിക്കും നിർണായകം:  ജില്ലാ സഹകരണ ബാങ്കുകൾ പുനഃസ്ഥാപിക്കാൻ സർക്കാർ; മലപ്പുറം ബാങ്ക് ലയനക്കേസിൽ നിലപാട് തിരുത്തും

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് ജില്ലാ സഹകരണ ബാങ്കുകൾ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികളിലേക്ക് സർക്കാർ നീങ്ങുന്നു. ജില്ലാബാങ്കുകൾ വേണമെന്നതാണ് സർക്കാരിന്റെ നിലപാടെന്ന് സുപ്രീംകോടതിയെ അറിയിക്കും. മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ നിർബന്ധിച്ച് കേരള ബാങ്കിൽ ലയിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് മുൻ സർക്കാരിന്റെ നിലപാട് തിരുത്തി പുതിയ സത്യവാങ്മൂലം നൽകുന്നത്. ഇടതുസർക്കാർ കൊണ്ടുവന്ന നിയമഭേദഗതി റദ്ദാക്കുകയും ജില്ലാ സഹകരണ ബാങ്കുകൾ പുനഃസ്ഥാപിക്കുന്ന തരത്തിൽ പുതിയ വ്യവസ്ഥ കൊണ്ടുവരുമെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കും.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് ജില്ലാ സഹകരണ ബാങ്കുകൾ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികളിലേക്ക് സർക്കാർ നീങ്ങുന്നു. ജില്ലാബാങ്കുകൾ വേണമെന്നതാണ് സർക്കാരിന്റെ നിലപാടെന്ന് സുപ്രീംകോടതിയെ അറിയിക്കും. മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ നിർബന്ധിച്ച് കേരള ബാങ്കിൽ ലയിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് മുൻ സർക്കാരിന്റെ നിലപാട് തിരുത്തി പുതിയ സത്യവാങ്മൂലം നൽകുന്നത്. ഇടതുസർക്കാർ കൊണ്ടുവന്ന നിയമഭേദഗതി റദ്ദാക്കുകയും ജില്ലാ സഹകരണ ബാങ്കുകൾ പുനഃസ്ഥാപിക്കുന്ന തരത്തിൽ പുതിയ വ്യവസ്ഥ കൊണ്ടുവരുമെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കും.

കേരള ബാങ്ക് രൂപവത്കരിക്കുന്നതിന്റെ ഭാഗമായാണ് ഇടതുസർക്കാർ ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ചത്. ബാങ്കിന്റെ പൊതുയോഗത്തിൽ ഭൂരിപക്ഷം ലയനത്തെ അനുകൂലിക്കണമെന്നായിരുന്നു നിബന്ധന. എന്നാൽ, യു.ഡി.എഫിന് ഭൂരിപക്ഷമുള്ള മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ലയനത്തെ അംഗീകരിച്ചില്ല. ഇതിനെ തുടർന്ന് സഹകരണ സംഘം രജിസ്ട്രാർക്ക് നിർബന്ധിത ലയനം നടത്താൻ അധികാരം നൽകുന്ന തരത്തിൽ നിയമഭേദഗതി കൊണ്ടുവന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ജില്ലാ സഹകരണ ബാങ്കും ലയിപ്പിച്ചു.

ഇതിനെതിരേ നൽകിയ ഹർജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. മലപ്പുറം ജില്ലാ ബാങ്കിന്റെ ലയനവുമായി ബന്ധപ്പെട്ടാണ് കേസ് നിലനിൽക്കുന്നതെങ്കിലും, സംസ്ഥാന സർക്കാരിന്റെ പുതിയ നിലപാട് കേരള ബാങ്കിന്റെ ഭാവിയിലും നിർണായകമാകുമെന്നാണ് വിലയിരുത്തൽ. കേരള ബാങ്കിനെ പഴയ രീതിയിൽ സംസ്ഥാന സഹകരണ ബാങ്ക് മാത്രമാക്കി മാറ്റുന്നതിനുള്ള സാധ്യതയും ഇതോടെ ഉയരുന്നുണ്ട്. കേരള ബാങ്കിന്റെ ഭരണം നിലവിൽ ഇടതുപക്ഷത്തിനാണ്. ഈ സാഹചര്യം മാറ്റുന്നതിനുള്ള നടപടികളിലേക്ക് സർക്കാർ ഉടൻ കടക്കുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്.

ബാങ്കിങ് നിയന്ത്രണ (ബി.ആർ.) നിയമത്തിലെ വകുപ്പ് 22 പ്രകാരമുള്ള വ്യവസ്ഥകളും മാനദണ്ഡങ്ങളും പാലിച്ചാണ് റിസർവ് ബാങ്ക് ബാങ്കിങ് ലൈസൻസ് അനുവദിക്കുന്നതെന്നാണ് റിസർവ് ബാങ്കിന്റെ നിലപാട്. 2020ലെ നിയമഭേദഗതി പ്രകാരം സ്വാഭാവിക ലയനത്തിനും നിർബന്ധിത ലയനത്തിനുമുള്ള വ്യവസ്ഥകൾ സഹകരണ ബാങ്കുകൾക്കും ബാധകമാണ്. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്രസർക്കാർ 2020 ഡിസംബർ 23ന് പുറപ്പെടുവിച്ചിട്ടുണ്ട്.

മലപ്പുറം ജില്ലാ ബാങ്കിന്റെ ലയനം ബി.ആർ. നിയമത്തിലെ 44(എ), 45 വകുപ്പുകൾക്ക് അനുസൃതമായിരിക്കണമെന്നാണ് റിസർവ് ബാങ്കിന്റെ നിലപാട്. എന്നാൽ, സംസ്ഥാന സഹകരണ സംഘം നിയമത്തിലെ 74(എച്ച്) വകുപ്പിൽ കൊണ്ടുവന്ന ഭേദഗതി ഡി.ഐ.സി.ജി.സി. നിയമത്തിലെ 2 (ജി.ജി.)(ഐ) വകുപ്പിന് വിരുദ്ധമാണെന്നും 2 (ജി.ജി.) വകുപ്പിന്റെ അന്തസ്സത്തയ്ക്ക് എതിരാണെന്നും റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.

മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ ലയനവുമായി ബന്ധപ്പെട്ട നടപടികൾ നേരത്തെ നിയമപരമായ തർക്കങ്ങൾക്ക് വഴിവെച്ചിരുന്നു. ജില്ലാ ബാങ്കുകളുടെ ലയനത്തെ തുടർന്ന് കേരള ബാങ്ക് രൂപീകരിച്ച പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ സർക്കാർ നിലപാട് മാറ്റം സുപ്രീംകോടതിയിലെ കേസിൽ പ്രാധാന്യമാർജിക്കുന്നത്.

**English Summary:**

The Kerala government is set to inform the Supreme Court that it supports restoring district cooperative banks in the state. It will revise the previous government’s position in the case concerning the compulsory merger of the Malappuram District Cooperative Bank. The government is expected to state that the amendment introduced by the Left government will be repealed and provisions will be brought in to restore district banks. The case could also have implications for the future structure of Kerala Bank. The Reserve Bank has maintained that mergers of cooperative banks must comply with the applicable provisions of the Banking Regulation Act.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384357/kerala-government-to-restore-district-cooperative-banks-malappuram-merger-case)