---
title: "'മദയാനയെപ്പോലെ ബസ് വരുന്നു.....റോഡിലിപ്പോൾ നിയമവാഴ്ചയില്ല'; സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിൽ ഹൈകോടതിയുടെ രൂക്ഷവിമർശനം"
english_title: "Kochi Private Buses Rash Driving Death Race High Court Criticism Justice Devan Ramachandran No Rule Of Law"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384248/kochi-private-buses-rash-driving-high-court-criticism-no-rule-of-law-justice-devan-ramachandran"
published_at: "2026-09-26T10:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab7568642e16_kochi-private-buses-rash-driving-high-court-criticism-no-rule-of-law-justice-devan-ramachandran.jpg"
keywords: ["High Court", "Kochi Private Buses", "Private Bus", "Private Buses Accident", "Traffic Violation"]
---

# 'മദയാനയെപ്പോലെ ബസ് വരുന്നു.....റോഡിലിപ്പോൾ നിയമവാഴ്ചയില്ല'; സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിൽ ഹൈകോടതിയുടെ രൂക്ഷവിമർശനം

> **Lead Summary:** കൊച്ചി: കൊച്ചി നഗരത്തിലടക്കം സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിൽ രൂക്ഷവിമർശനം തുടർന്ന് ഹൈകോടതി. റോഡിലിപ്പോൾ നിയമവാഴ്ചയില്ലെന്ന് പറഞ്ഞ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധികൃതർ ഇതൊന്നും കാണാതെ ഉറങ്ങുകയാണോ എന്നും ചോദിച്ചു.

## Article Content

കൊച്ചി: കൊച്ചി നഗരത്തിലടക്കം സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിൽ രൂക്ഷവിമർശനം തുടർന്ന് ഹൈകോടതി. റോഡിലിപ്പോൾ നിയമവാഴ്ചയില്ലെന്ന് പറഞ്ഞ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധികൃതർ ഇതൊന്നും കാണാതെ ഉറങ്ങുകയാണോ എന്നും ചോദിച്ചു.

കൊച്ചി നഗരത്തിലും കണ്ണൂരിലും സ്വകാര്യ ബസുകൾ നടത്തിയ മരണപ്പാച്ചിലിന്റെയും അപകടത്തിന്റെയും വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ രൂക്ഷമായ വിമർശനം.

റോഡുകളുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവേയാണ് കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്. സ്വകാര്യ ബസുകൾക്ക് പൊലീസിനെയും കോടതിയെയും നിയമത്തെയും ഭയമില്ലെന്നും കോടതി പറഞ്ഞു.

എന്തും ചെയ്യാമെന്നാണ് അവരുടെ മനോഭാവം. സമയം പാലിക്കണം എന്ന ന്യായമാണ് എപ്പോഴും പറയുന്നത്. മുമ്പിൽ പോയ ബസിനെ ഇടതുവശത്തെ നടപ്പാതയിലേക്ക് കയറി അതിവേഗത്തിൽ മറ്റൊരു ബസ് ഓവർടേക്ക് ചെയ്യുന്ന ദൃശ്യം ചൂണ്ടിക്കാട്ടിയ ഹൈകോടതി ഇനി ഇവരെ വാഹനം ഓടിക്കാൻ അനുവദിക്കരുതെന്നും അഭിപ്രായപ്പെട്ടു.

കാൽനട യാത്രക്കാരൻ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. മദയാനപോലെയാണ് പിന്നിലൂടെ ബസ് വരുന്നത്. ദൃശ്യങ്ങൾ കണ്ടാൽ ആരും ഞെട്ടും.

മനഃപൂർവമായ പ്രവൃത്തിയാണ്. ബസുകൾ തമ്മിൽ യുദ്ധമാണ്. ട്രാഫിക് പൊലീസിന്റെ പരാജയമാണിത്. കഴിഞ്ഞതവണ കോടതി ശക്തമായി നിർദേശം നൽകിയതിനുശേഷമാണ് വീണ്ടും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുള്ളത്.

കണ്ണൂരിൽ സ്കൂൾ വിദ്യാർഥികളുടെ ദേഹത്തുകൂടെയാണ് വാഹനം ഓടിക്കാൻ ശ്രമിച്ചത്. അപകടമുണ്ടാക്കിയ ബസിന് പിന്നാലെ വന്ന ബസ് നിർത്തുന്നതും ജീവനക്കാർ സഹായത്തിന് ഓടിവരുന്നതും കണ്ടു. വളരെ നല്ലവരും ഇക്കൂട്ടത്തിലുണ്ടെന്നും എല്ലാവരെയും അല്ല കുറ്റപ്പെടുത്തുന്നതെന്നും കോടതി പറഞ്ഞു.

സ്വകാര്യ ബസുകൾ ഓവർടേക്ക് ചെയ്യരുതെന്നും ഇടതുവശത്ത് വേഗം കുറഞ്ഞ ലൈയിനിലൂടെ പോകണമെന്നും നിർദേശമുള്ളതാണ്. നടപടിയെടുത്താൽ ബസുകൾ പണിമുടക്കും എന്നാണ് പറയുന്നത്.

ഇതൊന്നും അനുവദിക്കാനാവില്ല. 11, 12 ക്ലാസുകളിൽ ട്രാഫിക് നിയമങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.

പള്ളിമുക്കിൽ മെഡിക്കൽ ട്രസ്റ്റിനുസമീപം സഹോദരൻ അയ്യപ്പൻ റോഡിൽനിന്നുവരുമ്പോൾ ഇടത്തേക്ക് തിരിയാനുള്ള ട്രാഫിക് ലൈറ്റ് മരങ്ങളുടെ ശിഖരങ്ങൾകൊണ്ടു മറഞ്ഞിരിക്കുകയാണ്. ശിഖരങ്ങൾ ഒതുക്കണമെന്നും കോടതി നിർദേശിച്ചു.

**English Summary:**

Kochi: High Court strongly criticized death race of private buses including in Kochi city, report says. Justice Devan Ramachandran said there is no rule of law on road now and asked whether authorities are sleeping without seeing this. Criticism came after examining video footage of death race and accidents by private buses in Kochi and Kannur. While hearing petition related to roads, court observed private buses have no fear of police, court and law, attitude is they can do anything, always citing time keeping. Pointing to visual of bus overtaking at high speed via left footpath, court opined they should not be allowed to drive. Court said pedestrian narrowly escaped, bus came like mad elephant, anyone would be shocked seeing visuals. It is deliberate act, war between buses, failure of traffic police, despite strong direction last time such incidents recurred. In Kannur attempt was to drive over school students. Court also noted seeing bus behind accident bus stopping and staff rushing to help, saying there are good people among them and not blaming all. There is direction not to overtake and to go via slow left lane. Saying buses will strike if action taken cannot be allowed. Traffic rules should be part of curriculum in classes 11 and 12. Court also directed to trim branches hiding traffic light to turn left from Brother Ayyappan Road near Medical Trust at Pallimukku.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384248/kochi-private-buses-rash-driving-high-court-criticism-no-rule-of-law-justice-devan-ramachandran)