---
title: "'മോദിക്ക് കിട്ടില്ല എന്ന് ഉറപ്പുള്ള എല്ലാ വോട്ടും വെട്ടി മാറ്റപെടട്ടെ എന്നതാണ് ബിജെപിയുടെ നിലപാട്; അതിനൊപ്പം ഇലക്ഷന്‍ കമ്മീഷനും നിലനില്‍ക്കുകയാണ്' - ബിനോയ് വിശ്വം"
english_title: "Binoy Viswam Criticizes Election Commission Says Modi Government In Panic 13 Crore Voters Removed SIR Revision Left Protest"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384180/binoy-viswam-criticism-election-commission-modi-government-panic-13-crore-voters-sir-revision"
published_at: "2026-09-25T17:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab6615eae02f_binoy-viswam-criticism-election-commission-modi-government-panic-13-crore-voters-sir-revision.jpg"
keywords: ["Binoy Viswam", "CPI State Secretary", "Election Commission", "Gyanesh Kumar", "SIR SSR Voter List Revision Allegation"]
---

# 'മോദിക്ക് കിട്ടില്ല എന്ന് ഉറപ്പുള്ള എല്ലാ വോട്ടും വെട്ടി മാറ്റപെടട്ടെ എന്നതാണ് ബിജെപിയുടെ നിലപാട്; അതിനൊപ്പം ഇലക്ഷന്‍ കമ്മീഷനും നിലനില്‍ക്കുകയാണ്' - ബിനോയ് വിശ്വം

> **Lead Summary:** തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ ആരോപണങ്ങളിൽ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നരേന്ദ്ര മോദി സര്‍ക്കാര്‍ ഭയപ്പാടിലാണെന്നും സമരങ്ങളെ അടിച്ചമര്‍ത്തി മുന്നോട്ടു പോകാനാണ് ശ്രമിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.

## Article Content

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ ആരോപണങ്ങളിൽ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നരേന്ദ്ര മോദി സര്‍ക്കാര്‍ ഭയപ്പാടിലാണെന്നും സമരങ്ങളെ അടിച്ചമര്‍ത്തി മുന്നോട്ടു പോകാനാണ് ശ്രമിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.

ജന്തര്‍ മന്തര്‍ തടവറ പോലെയാണ്. സുതാര്യമായ തെരഞ്ഞെടുപ്പാണ് എല്ലാവരുടെയും ആവശ്യം. സമരം പ്രഖ്യാപിച്ച പാര്‍ട്ടികളുടെ കുറ്റം എന്താണെന്നും ബിനോയ് വിശ്വം ചോദിച്ചു.

13 കോടി മനുഷ്യരെ വെട്ടി മാറ്റിയെങ്കില്‍ ആ സര്‍ക്കാര്‍ നീതിയുടെ കാവലാള്‍ അല്ല. തെരഞ്ഞെടുപ്പിനെ ബിജെപി കാണുന്നത് തങ്ങള്‍ക്ക് വേണ്ടി ഉള്ള കളി ആയാണ്. എന്നാലത് കളിയല്ല, അടിച്ചമര്‍ത്തലിലൂടെ സമരത്തെ തോല്‍പ്പിക്കാമെന്ന് കരുതേണ്ട. വെട്ടിമാറ്റിയ 13 കോടിയാളുകള്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരാണെന്നും ബിനോയ് വിശ്വം ആരോപിച്ചു.

മോദിക്ക് കിട്ടില്ല എന്ന് ഉറപ്പുള്ള എല്ലാ വോട്ടും വെട്ടി മാറ്റപെടട്ടെ എന്നതാണ് ബിജെപിയുടെ നിലപാട്. അതിനൊപ്പം ഇലക്ഷന്‍ കമ്മീഷനും നിലനില്‍ക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ കളിപ്പാവയായി ഇലക്ഷന്‍ കമ്മീഷന്‍ പെരുമാറുന്നുണ്ട്. ഇലക്ഷന്‍ കമ്മീഷന്റെ ഉള്ളില്‍ തന്നെ ഇതിനെതിരെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉയരുന്നു.

ബിജെപിക്ക് എന്തെല്ലാം വേണമെന്ന് നോക്കി പെരുമാറുന്ന ആളാണ് ഗ്യാനേഷ് കുമാര്‍. രാജാവിനെക്കാള്‍ രാജഭക്തി കാണിക്കുന്നയാളാണ് ഗ്യാനേഷ് കുമാര്‍. സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ 2 വരെ പ്രതിഷേധം നടത്താന്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ തീരമാനിച്ചിട്ടുണ്ട്.

ഇന്ത്യയെമ്പാടും ഈ ദിവസങ്ങളില്‍ പ്രതിഷേധവുമായി എത്തും. ജനാധിപത്യത്തെയും പൗരാവകാശത്തെയും സംരക്ഷിക്കണം. വീറ്റോ അധികാരമൊന്നും കമ്മീഷന് ഇല്ല. അമിത് ഷാ ഭക്തി മൂത്ത്, മോദി ഭക്തി മൂത്ത് ലക്ക് കെട്ടിരിക്കുകയാണ് കമ്മീഷന്‍. എസ്‌ഐആര്‍ റിവിഷന്‍ തന്നെ മോദിക്ക് വോട്ട് ചെയ്യാത്തവരെ ഒഴിവാക്കാനുള്ളതാണെന്നും ബിനോയ് വിശ്വം ആരോപിച്ചു.

കേരളത്തിലെ കോണ്‍ഗ്രസിന് എന്താണ് പറ്റിയതെന്നും ബിനോയ് വിശ്വം ചോദിച്ചു. 'ഇത് തെറ്റാണെന്ന് രാഹുല്‍ ഗാന്ധി പറയുന്നു. പക്ഷേ ഇവിടെ എസ്‌ഐആര്‍ വാനോളം പുകഴ്ത്തപ്പെടുകയാണ്. ഇവിടുത്തെ കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസ് തന്നെയാണോ എന്നും ബിനേയ് വിശ്വം പരിഹസിച്ചു.

മനസാക്ഷിയും ബോധവും ബുദ്ധിയും എല്ലാം ബിജെപിക്ക് പണയം വെച്ച കോണ്‍ഗ്രസ് ആണ് ഇവിടെ ഉള്ളത്. കേരളത്തില്‍ പിഎം ശ്രീയും ലേബര്‍ കോഡും നടപ്പാക്കും എന്നാണ് പറയുന്നത്. കേന്ദ്രത്തിന് പുറകെ പോകുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി കഴിഞ്ഞുവെന്നും ഇവിടുത്തെ കോണ്‍ഗ്രസ് മോദീവിയന്‍ കോണ്‍ഗ്രസാണെന്നും ബിനോയ് വിശ്വം വിമര്‍ശിച്ചു.

ഒക്ടോബര്‍ 14 ന് നിയമസഭയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുന്നുണ്ട്. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ മാര്‍ച്ചിന്റെ ഭാഗമാകും.'

പ്രളയ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കുമെന്ന് പറഞ്ഞ 10000 രൂപ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതില്‍ പാതി തുക കേന്ദ്രം നല്‍കുന്നതാണ്. ബാക്കി തുക കൂടി നല്‍കാന്‍ ബുദ്ധിമുട്ട് കാണിക്കരുത്. അതോടൊപ്പം എല്‍ഡിഎഫ് പ്രഖ്യാപിച്ച സ്ത്രീ സുരക്ഷാ പദ്ധതി നടപ്പാക്കണം.

ലേബര്‍ കോഡിലെ ബിജെപി അജണ്ട നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള നീക്കത്തിനെതിരെയുമാണ് പ്രതിഷേധമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

തലങ്ങും വിലങ്ങും സ്റ്റേറ്റ് കാറുകളോടുകയാണ്. ഇതൊക്കെ ആരുടെ കാറുകളാണ്. ഇതില്‍ ആരൊക്കെ യാത്ര ചെയ്യുന്നുവെന്നത് പ്രധാനമാണ്. മുഖ്യമന്ത്രി പറയുന്നു ഒരു കുഴപ്പവുമില്ലെന്ന്. തല്ലിക്കൊന്നാലും പേര് പറയില്ലെന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്.

ഈ ഭരണം സുതാര്യമല്ലെന്നാണ് ഇതെല്ലാം തെളിയിക്കുന്നത്. ദുരൂഹതയെ മൂടി വെയ്ക്കുന്നു. കാര്‍ കൊടുത്തവനും വിമാനം കൊടുത്തവനും കളങ്കിതരാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

ഒറ്റയ്ക്ക് സമരം ചെയ്യാനുള്ള അവകാശം സിപിഐക്കും സിപിഐഎമ്മിനും ഉണ്ട്. യോജിച്ച സമരവും എല്‍ഡിഎഫ് ചെയ്യും. പ്രതിപക്ഷ ഉപനേതാവ് വിഷയത്തില്‍ ആദ്യ റൗണ്ട് ചര്‍ച്ച കഴിഞ്ഞു. ഇനിയും ചര്‍ച്ചകള്‍ നടക്കും. സിപിഐ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും സിപിഐഎമ്മും സിപിഐയും കണ്ടാല്‍ കടിച്ചു കീറുന്ന പാര്‍ട്ടികള്‍ അല്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.

തങ്ങള്‍ ഒരു മുന്നണിയുടെ ഭാഗമാണ്. നീണ്ടുപോകുന്നതും നീണ്ടു പോകാത്തതുമായ കാര്യങ്ങളും ഉണ്ട്. പാര്‍ലമെന്ററി പാര്‍ട്ടി ചേരണമെങ്കില്‍ തര്‍ക്ക വിഷയത്തില്‍ പരിഹാരമുണ്ടാകണം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഓരോ നിലപാടും പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ പ്രേരിതമായി സിപിഐഎമ്മിനെയോ പിണറായി വിജയനെയോ കടന്നാക്രമിക്കാന്‍ വന്നാല്‍ സിപിഐ കൈ കെട്ടി നോക്കി നില്‍ക്കില്ല.

ബിസിനസ് വേറെയും രാഷ്ട്രീയ നിലപാട് വേറെയുമാണ്. മുഖ്യമന്ത്രിയെ പ്രകീര്‍ത്തിച്ചതില്‍ സി ദിവാകരന്റെ വിശദീകരണം കിട്ടിയിട്ടുണ്ട്. തെറ്റ് പൂര്‍ണമായി അദ്ദേഹം ഉള്‍ക്കൊണ്ടു. തെറ്റുകള്‍ ആവര്‍ത്തിക്കില്ല എന്ന് ഉറപ്പുനല്‍കിയതായും ബിനോയ് വിശ്വം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384180/binoy-viswam-criticism-election-commission-modi-government-panic-13-crore-voters-sir-revision)