---
title: "18 വർഷം മുമ്പ് മലപ്പുറത്തെ ഞെട്ടിച്ച ഇരട്ട കൊലപാതകം ; പ്രതിയെ അസമിൽ നിന്ന് പൊക്കി കേരള പൊലീസ്"
english_title: "18-Year-Old Murder Case Accused Arrested in Assam by Kerala Crime Branch"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384092/18-year-old-perinthalmanna-murder-case-accused-arrested-in-assam"
published_at: "2026-09-25T06:09:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab5c3073cae1_18-year-old-perinthalmanna-murder-case-accused-arrested-in-assam.jpg"
keywords: ["Perinthalmanna Murder Case", "Malappuram Crime Branch", "Dilip Rajak", "Assam Arrest"]
---

# 18 വർഷം മുമ്പ് മലപ്പുറത്തെ ഞെട്ടിച്ച ഇരട്ട കൊലപാതകം ; പ്രതിയെ അസമിൽ നിന്ന് പൊക്കി കേരള പൊലീസ്

> **Lead Summary:** **മലപ്പുറം:** പെരിന്തൽമണ്ണ ടൗണിൽ 18 വർഷം മുമ്പ് നടന്ന നാടിനെ ഞെട്ടിച്ച കൊലപാതകത്തിലെ പ്രതിയെ ഏറെക്കാലത്തെ അന്വേഷണത്തിന് ശേഷം മലപ്പുറം ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. ബീഹാർ ആരാറിയ സ്വദേശി ദിലീപ് രാജക് ആണ് അറസ്റ്റിലായത്. 2007 ഡിസംബറിൽ പെരിന്തൽമണ്ണ-ഊട്ടി റോഡിൽ അക്ബർ സോമിൽ മാനേജരായിരുന്ന ബാലകൃഷ്ണൻ കൊല്ലപ്പെട്ട കേസിലാണ് ഇയാൾ അറസ്റ്റിലായത്.

## Article Content

**മലപ്പുറം:** പെരിന്തൽമണ്ണ ടൗണിൽ 18 വർഷം മുമ്പ് നടന്ന നാടിനെ ഞെട്ടിച്ച കൊലപാതകത്തിലെ പ്രതിയെ ഏറെക്കാലത്തെ അന്വേഷണത്തിന് ശേഷം മലപ്പുറം ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. ബീഹാർ ആരാറിയ സ്വദേശി ദിലീപ് രാജക് ആണ് അറസ്റ്റിലായത്. 2007 ഡിസംബറിൽ പെരിന്തൽമണ്ണ-ഊട്ടി റോഡിൽ അക്ബർ സോമിൽ മാനേജരായിരുന്ന ബാലകൃഷ്ണൻ കൊല്ലപ്പെട്ട കേസിലാണ് ഇയാൾ അറസ്റ്റിലായത്.

മില്ലിന് തൊട്ടടുത്തുള്ള ബാങ്കിൽ കവർച്ചാശ്രമം നടന്ന അതേ രാത്രി ബാലകൃഷ്ണനെ കാണാതാവുകയായിരുന്നു. തൊട്ടുപിന്നാലെ, മില്ലിലെ തൊഴിലാളികളായ രണ്ട് അന്യ സംസ്ഥാനക്കാർ അപ്രത്യക്ഷരായി. ബാലകൃഷ്ണനെ മർദിച്ചുകൊന്ന്, മൃതദേഹം ചാക്കിലാക്കി മില്ലിലെ അറക്കപ്പൊടി കുഴിയിൽ മൂടിയ നിലയിൽ പിന്നീട് കണ്ടെത്തി.

രണ്ട് ഇതര സംസ്ഥാന തൊഴിലാളികളും മില്ലിൽ നൽകിയ പേരും വിലാസവും വ്യാജമാണെന്ന് പൊലീസിന് ആദ്യ അന്വേഷണത്തിൽ തന്നെ മനസ്സിലായിരുന്നു. പലതവണ പൊലീസ് സംഘം ബിഹാർ, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ​ അന്വേഷണം നടത്തിയെങ്കിലും പ്രതികൾ ഒളിത്താവളം ഇടക്കിടെ മാറിക്കൊണ്ടിരുന്നത് ദൗത്യം ദുഷ്‍കരമാക്കി.

മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി എം.പി. മോഹനചന്ദ്രന്റെ മേൽനോട്ടത്തിലും ക്രൈംബ്രാഞ്ച് ഇൻസ്‌പെക്ടർ അമീർ അലിയുടെ നേതൃത്വത്തിലും എ. എസ്.ഐ സിയാഉൽ ഹഖ്, സീനിയർ സി.പി.ഒമാരായ എസ്.എ. മുഹമ്മദ് ശാക്കിർ, കെ.പി. ഹമീദലി എന്നിവരടങ്ങുന്ന സംഘമാണ് ഏറെ ശ്രമങ്ങൾക്ക് ശേഷം പ്രതിയെ അറസ്റ്റ് ചെയ്തത്. പഴയ വിവരങ്ങളും പുതിയ സാങ്കേതികവിദ്യയും കൂട്ടിച്ചേർത്ത് സൂക്ഷ്മമായ പരിശോധനകളും നിരന്തരമായ അന്വേഷണങ്ങളും നടത്തിയതോടെ ലഭിച്ച നിർണായക സൂചനയിൽ നിന്നാണ് പ്രതിയിലേക്ക് എത്തിയതെന്ന് അന്വേഷണസംഘം വ്യക്തമാക്കി.

അസമിലെ ദേമാജി ജില്ലയിലെ വിദൂര ഗ്രാമത്തിൽ പ്രതി ഒളിവിൽ കഴിയുന്നതായി പൊലീസ് മനസ്സിലാക്കുകയായിരുന്നു. പ്രതിയെ അന്വേഷിച്ച് അവിടെയെത്തിയ പൊലീസ് സംഘത്തിന് ഭൂപ്രകൃതിയും ഭാഷാപരമായ വെല്ലുവിളികളും ആദ്യം തടസ്സമായെങ്കിലും തുടർ ശ്രമങ്ങൾ നടത്തി ദൗത്യം വിജയത്തിലെത്തിക്കുകയായിരുന്നു. സംഘം പ്രതിയുടെ ഒളിത്താവളത്തിലെത്തിയതോടെ പ്രതിക്ക് പ്രതികരിക്കാനോ രക്ഷപ്പെടാനോ സാവകാശം കിട്ടിയില്ല. മിന്നൽ നീക്കത്തിലൂടെ പ്രതിയെ കീഴ്പ്പെടുത്തി. പ്രതിയെയും കൊണ്ട് പൊലീസ്‌ സംഘം കേരളത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

**English Summary:**

The Malappuram Crime Branch arrested Dilip Rajak (65), a native of Araria, Bihar, in connection with the 2007 murder of Balakrishnan, manager of Akbar Sawmill on the Perinthalmanna-Ooty Road. Balakrishnan went missing on the night of an attempted bank robbery near the mill. His body was later found stuffed in a sack and buried in a sawdust pit. Two migrant workers also disappeared, and police found that their identities and addresses were allegedly false. After years of investigation across Bihar and Assam, police traced Rajak to a remote village in Assam’s Dhemaji district and arrested him.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384092/18-year-old-perinthalmanna-murder-case-accused-arrested-in-assam)