---
title: "എ.ഐ ക്യാമറയിൽ നോട്ടീസുകൾ കുടുംബ കലഹങ്ങൾക്ക് ഇടയാക്കി; ഇനി ചിത്രങ്ങൾ സ്വകാര്യമാക്കി ഇ-ചെല്ലാൻ"
english_title: "AI Camera E-Challan Images Made Private; Vehicle Owner’s Permission Required"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384023/ai-camera-e-challan-images-private-vehicle-owner-permission"
published_at: "2026-09-24T12:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab4ca5c366c7_ai-camera-e-challan-images-private-vehicle-owner-permission.jpg"
keywords: ["AI Camera", "E-Challan", "Traffic Violations", "Vehicle Owner"]
---

# എ.ഐ ക്യാമറയിൽ നോട്ടീസുകൾ കുടുംബ കലഹങ്ങൾക്ക് ഇടയാക്കി; ഇനി ചിത്രങ്ങൾ സ്വകാര്യമാക്കി ഇ-ചെല്ലാൻ

> **Lead Summary:** **തിരുവനന്തപുരം: **എ.ഐ ക്യാമറയിൽ പതിഞ്ഞ നിയമലംഘനങ്ങൾക്ക് ലഭിക്കുന്ന പിഴ നോട്ടീസുകൾ കുടുംബ കലഹങ്ങൾക്ക് ഇടയാക്കിയെന്ന പരാതികളുടെ പശ്ചാത്തലത്തിൽ ഇ-ചെല്ലാൻ പോർട്ടലിൽ മാറ്റം വരുത്തി. ഇനി എ.ഐ ക്യാമറ പകർത്തിയ നിയമലംഘനങ്ങളുടെ ചിത്രങ്ങൾ വാഹന ഉടമയുടെ അനുമതിയോടെ മാത്രമേ പരിശോധിക്കാൻ കഴിയൂ. ഇതിനായി വാഹനത്തിന്റെ രജിസ്ട്രേഷൻ വിവരങ്ങൾ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ആവശ്യമായി വരും. പിഴ ചുമത്തിയതായി അറിയിക്കുന്ന എസ്.എം.എസിലെ ചെല്ലാൻ നമ്പർ ഉപയോഗിച്ചും പിഴയുടെ വിശദാംശങ്ങൾ പരിശോധിക്കാനാകും.

## Article Content

**തിരുവനന്തപുരം: **എ.ഐ ക്യാമറയിൽ പതിഞ്ഞ നിയമലംഘനങ്ങൾക്ക് ലഭിക്കുന്ന പിഴ നോട്ടീസുകൾ കുടുംബ കലഹങ്ങൾക്ക് ഇടയാക്കിയെന്ന പരാതികളുടെ പശ്ചാത്തലത്തിൽ ഇ-ചെല്ലാൻ പോർട്ടലിൽ മാറ്റം വരുത്തി. ഇനി എ.ഐ ക്യാമറ പകർത്തിയ നിയമലംഘനങ്ങളുടെ ചിത്രങ്ങൾ വാഹന ഉടമയുടെ അനുമതിയോടെ മാത്രമേ പരിശോധിക്കാൻ കഴിയൂ. ഇതിനായി വാഹനത്തിന്റെ രജിസ്ട്രേഷൻ വിവരങ്ങൾ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ആവശ്യമായി വരും. പിഴ ചുമത്തിയതായി അറിയിക്കുന്ന എസ്.എം.എസിലെ ചെല്ലാൻ നമ്പർ ഉപയോഗിച്ചും പിഴയുടെ വിശദാംശങ്ങൾ പരിശോധിക്കാനാകും.

എ.ഐ ക്യാമറ പകർത്തുന്ന ചിത്രങ്ങളിലെ സ്വകാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയന്ത്രണം ഏർപ്പെടുത്തിയത്. നേരത്തെ വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ കൈവശമുണ്ടെങ്കിൽ ഏത് വാഹനത്തിന്റെയും പിഴ വിവരങ്ങൾ പരിശോധിക്കാനും നിയമലംഘനങ്ങളുടെ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യാനും സാധിച്ചിരുന്നു.

എന്നാൽ, ഇത്തരം ചിത്രങ്ങൾ ചിലർ ദുരുപയോഗം ചെയ്ത പശ്ചാത്തലത്തിലാണ് നിയന്ത്രണം കൊണ്ടുവന്നത്. പ്രത്യേകിച്ച് സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെ പിഴ വിവരങ്ങൾ തിരയുകയും അതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത സംഭവങ്ങൾ പരാതിക്ക് ഇടയാക്കിയിട്ടുണ്ട്.

കൺട്രോൾ റൂമുകളിൽനിന്ന് അയയ്ക്കുന്ന നിയമലംഘനങ്ങളുടെ ചിത്രങ്ങൾ ചില കുടുംബങ്ങളിൽ അസ്വാരസ്യങ്ങൾക്കും കാരണമായിരുന്നു. സിനിമയിൽ കാണുന്ന തരത്തിലുള്ള സാഹചര്യങ്ങളെ അടിസ്ഥാനമാക്കി, സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്തതിന്റെ ചിത്രമുള്ള പിഴ നോട്ടീസ് കുടുംബാംഗങ്ങൾക്ക് ലഭിക്കുന്നതിനെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾ പോലും ഇതിവൃത്തമാകുന്നുണ്ട്. ഇത്തരം സാഹചര്യങ്ങൾ പല കുടുംബങ്ങളിലും ഉണ്ടായ പശ്ചാത്തലത്തിലാണ് ചിത്രങ്ങളുടെ സ്വകാര്യത സംരക്ഷിക്കാൻ തീരുമാനിച്ചത്.

വാഹനങ്ങളെ സ്വകാര്യ ഇടമായി കണക്കാക്കാമെങ്കിലും പൊതുസ്ഥലത്ത് നടക്കുന്ന നിയമലംഘനങ്ങൾ പകർത്താൻ കേന്ദ്രാനുമതിയുണ്ടെന്നാണ് വ്യക്തമാക്കുന്നത്. അതേസമയം, സ്വകാര്യത സംരക്ഷിക്കണമെന്ന വ്യവസ്ഥയും നിലനിൽക്കുന്നു.

എന്നാൽ, പിഴ ചുമത്തുന്നതിലെ പോരായ്മകൾ കണ്ടെത്തുന്നതിനും പരിശോധിക്കുന്നതിനും ചിത്രങ്ങൾ ആവശ്യമായതിനാൽ അവ പൂർണമായും രഹസ്യമാക്കാൻ കഴിയില്ല. നിയമലംഘനം നടത്തിയെന്ന കാര്യം വാഹന ഉടമയെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു.

വ്യാജ നമ്പർ പ്ലേറ്റുകൾ ഉപയോഗിച്ച് ചില വാഹനങ്ങൾ നിരത്തിലിറങ്ങുന്നതിനാൽ വീട്ടിൽ കിടക്കുന്ന വാഹനങ്ങൾക്കുപോലും പിഴ നോട്ടീസ് ലഭിക്കുന്ന സാഹചര്യങ്ങളുണ്ട്. പിഴ ചുമത്തിയതുമായി ബന്ധപ്പെട്ട് പരാതിയുണ്ടെങ്കിൽ ഗതാഗത വകുപ്പ് നൽകിയിരിക്കുന്ന ഇ-ചെല്ലാൻ പരാതിപരിഹാര സംവിധാനത്തിലൂടെ പരാതി നൽകാം.

**

English Summary:**

Kerala’s e-Challan portal has been modified to protect the privacy of AI camera traffic violation images. Vehicle owners’ permission will now be required to access the images, while challan details can also be checked using the challan number received through SMS. The change follows complaints over misuse of violation images, including their circulation on social media and disputes within families. However, images cannot be made completely confidential because they are required to verify violations and address complaints. The Transport Department also said complaints can be submitted through the e-Challan grievance system.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384023/ai-camera-e-challan-images-private-vehicle-owner-permission)