---
title: "കണ്ണീരിൽ കുതിർന്ന്  ആശുപത്രി; എ.സി പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തിൽ രണ്ട് നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം  "
english_title: "Telangana Hospital Fire AC Blast Two Newborns Dead Adilabad RIMS SNCU"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383765/telangana-hospital-fire-ac-blast-two-newborns-dead-adilabad-rims"
published_at: "2026-09-22T10:49:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab2108ee96d8_telangana-hospital-fire-ac-blast-two-newborns-dead-adilabad-rims.jpg"
keywords: ["Telangana Hospital Fire", "AC Blast", "Newborns Death", "Adilabad RIMS"]
---

# കണ്ണീരിൽ കുതിർന്ന്  ആശുപത്രി; എ.സി പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തിൽ രണ്ട് നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം  

> **Lead Summary:** **ഹൈദരാബാദ്: **തെലങ്കാനയിലെ ആശുപത്രിയിൽ എ.സി പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തിൽ രണ്ട് നവജാത ശിശുക്കൾ ദാരുണമായി മരിച്ചു. ആദിലാബാദിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ സ്പെഷൽ ന്യൂബോൺ കെയർ യൂണിറ്റിലാണ് തിങ്കളാഴ്ച രാത്രി തീപിടിത്തമുണ്ടായത്.

## Article Content

**ഹൈദരാബാദ്: **തെലങ്കാനയിലെ ആശുപത്രിയിൽ എ.സി പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തിൽ രണ്ട് നവജാത ശിശുക്കൾ ദാരുണമായി മരിച്ചു. ആദിലാബാദിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ സ്പെഷൽ ന്യൂബോൺ കെയർ യൂണിറ്റിലാണ് തിങ്കളാഴ്ച രാത്രി തീപിടിത്തമുണ്ടായത്.

രാത്രി 11:50-ഓടെയായിരുന്നു അപകടം. വൈദ്യുത ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാര്യമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും, യഥാർഥ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. തീ പടർന്നതിനെ തുടർന്ന് വാർഡിൽ കനത്ത പുകയും നിറഞ്ഞു. എന്നാൽ, സംഭവസമയത്ത് വാർഡിലുണ്ടായിരുന്ന 28 കുട്ടികളെ സുരക്ഷിതമായി പുറത്തേക്ക് മാറ്റാൻ സാധിച്ചു. വിവരമറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കി.

സംഭവത്തിൽ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വൈദ്യുത സംവിധാനവും ആശുപത്രിയിലെ അഗ്നിസുരക്ഷാ സംവിധാനങ്ങളും അപകടസമയത്ത് കൃത്യമായി പ്രവർത്തിച്ചിരുന്നോയെന്നും, ഏതെങ്കിലും തരത്തിലുള്ള വീഴ്ചയോ അനാസ്ഥയോ അപകടത്തിന് കാരണമായിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

അതേസമയം, സംഭവത്തിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അഗാധമായ അനുശോചനം രേഖപ്പെടുത്തി. മരിച്ച കുഞ്ഞുങ്ങളുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി അദ്ദേഹം അറിയിച്ചു. അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തിയ കുട്ടികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്നും അവരുടെ ആരോഗ്യനില തുടർച്ചയായി നിരീക്ഷിക്കണമെന്നും ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നിർദേശം നൽകി.

സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും, സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സംസ്ഥാനത്തെ ആശുപത്രികളിലെ അഗ്നിസുരക്ഷാ, വൈദ്യുത സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്താനും അദ്ദേഹം കർശന നിർദേശം നൽകിയിട്ടുണ്ട്.

English Summary:

Two newborn babies died after an AC blast triggered a fire at the Special Newborn Care Unit of Rajiv Gandhi Institute of Medical Sciences in Adilabad, Telangana, around 11:50 pm Monday. Short circuit is suspected as preliminary cause. 28 other babies were rescued safely after smoke filled the ward. Fire force brought the blaze under control. Police have registered a case and are probing electrical and fire safety lapses. Chief Minister Revanth Reddy expressed condolences, ordered best treatment for rescued infants and a detailed inquiry, and directed strengthening of fire and electrical safety in hospitals.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383765/telangana-hospital-fire-ac-blast-two-newborns-dead-adilabad-rims)