---
title: "സി.ജെ.പി. സമരം: ടി.വി. ചാനലുകൾക്ക് വിശ്വാസ്യത ചോർന്നു , ഡിജിറ്റൽ മാധ്യമങ്ങളും ചില ദിനപത്രങ്ങളും പിന്തുണച്ചതായി എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ "
english_title: "Editors Guild Report Questions TV News Credibility During CJP Protest"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383739/editors-guild-report-cjp-protest-media-coverage"
published_at: "2026-09-22T07:13:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab1dd53f07d2_editors-guild-report-cjp-protest-media-coverage.jpg"
keywords: ["Editors Guild of India", "CJP Protest", "Media Coverage", "TV News"]
---

# സി.ജെ.പി. സമരം: ടി.വി. ചാനലുകൾക്ക് വിശ്വാസ്യത ചോർന്നു , ഡിജിറ്റൽ മാധ്യമങ്ങളും ചില ദിനപത്രങ്ങളും പിന്തുണച്ചതായി എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ 

> **Lead Summary:** ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന 'കോക്രോച്ച് ജനതാ പാർട്ടി' പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിൽ മുഖ്യധാരാ ടെലിവിഷൻ വാർത്താ ചാനലുകൾക്ക് വിശ്വാസ്യതയുടെ കാര്യത്തിൽ തിരിച്ചടി നേരിട്ടതായി 'എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ'യുടെ റിപ്പോർട്ട്.

## Article Content

ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന 'കോക്രോച്ച് ജനതാ പാർട്ടി' പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിൽ മുഖ്യധാരാ ടെലിവിഷൻ വാർത്താ ചാനലുകൾക്ക് വിശ്വാസ്യതയുടെ കാര്യത്തിൽ തിരിച്ചടി നേരിട്ടതായി 'എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ'യുടെ റിപ്പോർട്ട്.

ജന്തർമന്തറിലെ സമരത്തിന്റെ കവറേജിൽ മുഖ്യധാര ടി.വി. ചാനലുകൾ വിശ്വാസ്യതാ പ്രതിസന്ധിയിൽപ്പെട്ടപ്പോൾ, പൊതുജനാഖ്യാനം ചമയ്ക്കുന്നതിൽ സ്വതന്ത്ര ഡിജിറ്റൽ മാധ്യമങ്ങളും അച്ചടിമാധ്യമങ്ങളും മുന്നിൽനിന്നതായും റിപ്പോർട്ട്.

ഡൽഹിയിൽനടന്ന സി.ജെ.പി. സമരത്തിൽ വിവിധ മാധ്യമങ്ങളുടെ വാർത്തകൾ വിശകലനംചെയ്ത് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ തയ്യാറാക്കിയ ‘സ്റ്റേറ്റ് ഓഫ് മീഡിയ’ റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

ഹിന്ദി ദിനപത്രങ്ങളായ ഹിന്ദുസ്ഥാൻ, ദൈനിക് ഭാസ്‌കർ, ഇംഗ്ലീഷ് ദിനപത്രങ്ങളായ ടൈംസ് ഓഫ് ഇന്ത്യ, ദി ഹിന്ദു, ദി ഇന്ത്യൻ എക്സ്പ്രസ്, സ്വതന്ത്ര ഡിജിറ്റൽ മാധ്യമങ്ങളായ ദി ന്യൂസ് മിനിറ്റ്, സ്‌ക്രോൾ ഇൻ, അന്താരാഷ്ട്ര മാധ്യമങ്ങളായ ബി.ബി.സി., ന്യൂയോർക്ക് ടൈംസ്, അൽ ജസീറ, റോയിട്ടേഴ്സ് തുടങ്ങിയവയെയും മുഖ്യധാരാ ടി.വി. ചാനലുകളായ റിപ്പബ്ലിക്, ടൈംസ് നൗ, ആജ് തക്, എ.ബി.പി. ന്യൂസ്, ടി.വി. 9 ഭാരത് വർഷ്, ഇന്ത്യ ടി.വി. തുടങ്ങിയവയെയുമാണ് ആധാരമാക്കിയത്.

ടി.വി. ചാനലുകൾ സമരത്തെ പലപ്പോഴും അവഗണിച്ചതായും ഇകഴ്ത്തിക്കെട്ടാൻ ശ്രമിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഹിന്ദി ചാനലുകൾ സർക്കാരിന്റെ ഭാഗം ആവർത്തിക്കുകയാണ് ചെയ്തത്.

എന്നാൽ, സ്വതന്ത്ര ഡിജിറ്റൽ മാധ്യമങ്ങളും അന്താരാഷ്ട്ര മാധ്യമസ്ഥാപനങ്ങളും വിദ്യാർഥിപ്രശ്നങ്ങളെ പിന്തുണച്ചു. ചില ദിനപത്രങ്ങൾ സമരത്തിന് മികച്ച കവറേജ് നൽകി. അവ സർക്കാരിനോട് ചോദ്യങ്ങളുയർത്തി.

സമരത്തിനിടെ ചില മാധ്യമപ്രവർത്തകർക്കുനേരേ ‘ഗോദി മീഡിയ’ വിളികൾ ഉയർന്നത്, മുഖ്യധാരാ ചാനലുകളോടുള്ള വർധിച്ചുവരുന്ന അവിശ്വാസമായാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.

**English Summary:**

> An Editors Guild of India report has questioned the credibility of mainstream television news coverage during the Cockroach Janata Party (CJP) protest at Delhi’s Jantar Mantar. The report examined coverage by major Hindi and English newspapers, independent digital platforms, international media organisations and mainstream television channels. It said TV channels often ignored or downplayed the protest, while Hindi channels were described as repeating the government’s position. Independent digital and international media reportedly highlighted student issues, while some newspapers provided substantial coverage and questioned the government. The report also referred to “Godi Media” chants directed at some journalists as an indication of growing distrust of mainstream television channels.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383739/editors-guild-report-cjp-protest-media-coverage)