---
title: "'വിമർശിക്കാൻ വേറൊന്നുമില്ല....അതുകൊണ്ടാണ്'; റേഞ്ച് റോവറിൽ പോയത് സർക്കാറിന് ലാഭം - കെ എം  ഷാജിയെ പിന്തുണച്ച് സണ്ണി ജോസഫ്"
english_title: "Range Rover Controversy Petty Issue KM Shaji Saved Govt Money Says Minister Sunny Joseph Yaqub Thillankery"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383644/range-rover-controversy-petty-issue-km-shaji-saved-govt-money-minister-sunny-joseph"
published_at: "2026-09-21T13:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab0e21d6d57f_range-rover-controversy-petty-issue-km-shaji-saved-govt-money-minister-sunny-joseph.jpg"
keywords: ["KM Shaji", "Range Rover Controversy", "Minister Sunny Joseph"]
---

# 'വിമർശിക്കാൻ വേറൊന്നുമില്ല....അതുകൊണ്ടാണ്'; റേഞ്ച് റോവറിൽ പോയത് സർക്കാറിന് ലാഭം - കെ എം  ഷാജിയെ പിന്തുണച്ച് സണ്ണി ജോസഫ്

> **Lead Summary:** കണ്ണൂർ: സർക്കാരിനെയും മന്ത്രി കെ.എം. ഷാജിയെയും വകുപ്പിനെയും വിമർശിക്കാൻ വേറൊന്നും പറയാനില്ലാത്തതു കൊണ്ടാണ് അദ്ദേഹം റേഞ്ച് റോവറിൽ പോയത് ചർച്ചയാക്കുന്നതെന്ന് വൈദ്യുതി മന്ത്രി അഡ്വ. സണ്ണി ജോസഫ്. വിമർശിക്കാൻ കാര്യമായിട്ട് ഒന്നുമില്ലാത്തതുകൊണ്ടാണ് ഇത്തരം പെറ്റി വിഷയങ്ങൾ ചർച്ചയാക്കുന്നത്.

## Article Content

കണ്ണൂർ: സർക്കാരിനെയും മന്ത്രി കെ.എം. ഷാജിയെയും വകുപ്പിനെയും വിമർശിക്കാൻ വേറൊന്നും പറയാനില്ലാത്തതു കൊണ്ടാണ് അദ്ദേഹം റേഞ്ച് റോവറിൽ പോയത് ചർച്ചയാക്കുന്നതെന്ന് വൈദ്യുതി മന്ത്രി അഡ്വ. സണ്ണി ജോസഫ്. വിമർശിക്കാൻ കാര്യമായിട്ട് ഒന്നുമില്ലാത്തതുകൊണ്ടാണ് ഇത്തരം പെറ്റി വിഷയങ്ങൾ ചർച്ചയാക്കുന്നത്.

‘ഷാജി സുഹൃത്തിന്റെ റേഞ്ച് റോവറിൽ പോയത് സർക്കാറിന് ലാഭമാണ്. സർക്കാരിന്റെ പണമാണ് ഷാജി ഇപ്പോൾ ലാഭിച്ചത്. സ്റ്റേറ്റ് കാറിൽ പോകുമ്പോൾ അതിന് ഡീസൽ അടിക്കണം, അതിന്റെ റിപ്പയർ വേണം, ടയർ മാറ്റണം, ഡ്രൈവർക്ക് പൈസ കൊടുക്കണം... ഷാജി ഒരു അർഥത്തിൽ സർക്കാറിന്റെ പൈസ ലാഭിക്കുകയാണ് ചെയ്തത്’ -സണ്ണി ജോസഫ് പറഞ്ഞു.

മന്ത്രിയാകുന്നതിന് മുൻപും കെ.എം. ഷാജി വിദേശയാത്രകൾ നടത്തിയിട്ടുണ്ടെന്നും പ്രയോജനപ്രദമായ യാത്രകൾ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘കുറച്ചു കൂടുതൽ ദൂരം യാത്ര ചെയ്യണമെങ്കിൽ നല്ല വാഹനം ഉപയോഗിക്കണം.

മലയാളികൾ സംഘടിപ്പിച്ച രണ്ട് ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കുന്നതിനായി ഞാൻ ബംഗളൂരു സന്ദർശിച്ചിരുന്നു. യാത്രക്കിടെ കർണാടക ഊർജ്ജ വകുപ്പ് മന്ത്രി കെ.ജെ. ജോർജുമായി കൂടിക്കാഴ്ച നടത്തുകയും ആശയവിനിമയം നടത്തുകയും ചെയ്തു. ആളുകളുമായി ബന്ധപ്പെടുന്നതിനും അനുഭവങ്ങൾ ഉണ്ടാകുന്നതിനും ഇത്തരം യാത്രകൾ അത്യാവശ്യമാണ്.

യാത്രയ്ക്കിടെ വിരാജ്പേട്ട റോഡിന്റെ മോശം അവസ്ഥ ശ്രദ്ധയിൽപ്പെട്ടിരുന്നു. മാക്കൂട്ടം ചുരത്തിൽ രണ്ടു മണിക്കൂറോളം ഗതാഗതക്കുരുക്കിൽപ്പെടേണ്ടി വന്നു. റോഡ് വിഷയത്തിൽ കർണാടക മുഖ്യമന്ത്രിയോട് നേരിട്ട് സംസാരിക്കാൻ സമയം ചോദിച്ചിരുന്നെങ്കിലും വൈകിയ വേളയായതിനാൽ കൂടിക്കാഴ്ച നടത്താൻ സാധിച്ചില്ല’ -സണ്ണി ജോസഫ് പറഞ്ഞു.

ഷാജിയുടെ സുഹൃത്തായ കണ്ണൂർ തില്ലങ്കേരി സ്വദേശി യഅ്ഖൂബിന്റെ KL 78 A 0009 റേഞ്ച് റോവറാണ് മന്ത്രിയുടെ ഔദ്യോഗിക വാഹനമായി ഉപയോഗിച്ചിരുന്നത്. സ്വകാര്യ വാഹനം ഉപയോഗിക്കുന്നത് പ്രതിപക്ഷം വിവാദമാക്കിയതോ​ടെ കാർ ഉടമയ്ക്ക് തിരിച്ചു നൽകിയിരുന്നു.

ആഡംബര വാഹനം തന്റേതല്ലെന്നും സുഹൃത്തിന്റേതാണെന്നും കെ.എം. ഷാജി വ്യക്തമാക്കിയിരുന്നു. സർക്കാർ നൽകിയത് കണ്ടം ചെയ്ത വണ്ടിയായതുകൊണ്ടാണ് നാട്ടിലോടാൻ സുഹൃത്തിന്റെ വണ്ടിയെ ആശ്രയിച്ചതെന്നും സർക്കാരിന്റെ അനുമതിയോടെയാണ് പതിമൂന്നാം നമ്പർ പതിച്ചതെന്നും കെ.എം. ഷാജി പറഞ്ഞിരുന്നു. എന്നാൽ ഷാജിയുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്ന് മുൻ മന്ത്രി കൂടിയായ കെ.ടി. ജലീൽ ആരോപിച്ചിരുന്നു.

രാഷ്ട്രീയ വിവാദം ശക്തമായിരിക്കെ പ്രതികരണവുമായി കാറിന്റെ ഉടമ യഅ്ഖൂബ് തില്ലങ്കേരിയും രംഗത്തെത്തിയിരുന്നു. തനിക്ക് കെ.എം. ഷാജിയുമായി സഹോദര ബന്ധമാണുള്ളതെന്നും എന്നാൽ അദ്ദേഹത്തിന്റെ ബിനാമിയല്ലെന്നും യഅ്ഖൂബ് തില്ലങ്കേരി പറഞ്ഞു. ജനപ്രതിനിധിയാകുന്നതിന് മുമ്പും കെ.എം. ഷാജി തന്റെ വാഹനം ഉപയോഗിച്ചിരുന്നുവെന്ന് യഅ്ഖൂബ് പറയുന്നു.

> "അഴീക്കോട് നിയമസഭാ മണ്ഡലത്തിൽ മത്സരിക്കാൻ എത്തിയത് മുതൽ കെ.എം. ഷാജിയുമായി അടുത്ത ബന്ധമുണ്ട്. പാർട്ടി ബന്ധമാണ്. അഴീക്കോട് മൂന്നാം തവണ മത്സരിച്ചപ്പോൾ തോറ്റത് മുതൽ വാഹനം കെ.എം. ഷാജി ഉപയോഗിക്കാറുണ്ട്.

> താൻ സൗദി അറേബ്യയിലേക്ക് പോകുമ്പോഴെല്ലാം വാഹനം ഇട്ടിരുന്നത് കെ.എം. ഷാജിയുടെ വീട്ടിലാണ്. ഡീസൽ വാഹനമായതിനാൽ വണ്ടി ഓടിച്ചില്ലെങ്കിലും പ്രയാസമാണ്. വണ്ടിയുടെ ഇൻഷുറൻസും മറ്റ് ചെലവുകളും വഹിക്കുന്നത് താനാണ്. ഇന്ധനം അടിച്ചിരുന്നത് കെ.എം. ഷാജിയാണ്" - യഅ്ഖൂബ് വിശദീകരിച്ചു.

**English Summary:**

Electricity Minister Adv Sunny Joseph said Range Rover controversy involving Minister KM Shaji is petty issue raised due to lack of substantive criticism, claiming Shaji saved government money by using friend's vehicle instead of state car needing diesel, repair, tyre change and driver payment. He defended foreign trips and said he visited Bengaluru for two Onam events and met Karnataka Energy Minister KJ George, noting bad condition of Virajpet road and traffic block at Makkoottam. Vehicle KL 78 A 0009 belongs to Yaqub Thillankery, friend from Thillankery Kannur, returned after opposition raised controversy. Shaji said luxury vehicle not his but friend's, used with government permission after official car was condemned, displayed number 13. Ex-minister KT Jaleel alleged oath violation. Owner Yaqub said he has brotherly relation with Shaji, not his benami, Shaji used vehicle since losing third contest in Azhikode, Yaqub bears insurance and expenses, Shaji fuels it. Yaqub is businessman in Riyadh for over 30 years.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383644/range-rover-controversy-petty-issue-km-shaji-saved-govt-money-minister-sunny-joseph)