---
title: "അൽഷിമേഴ്സ് നിയന്ത്രണത്തിൽ ഓക്യുപേഷണൽ തെറാപ്പിയുടെ പങ്ക്"
english_title: "World Alzheimers Day 2026 Role Of Occupational Therapy In Improving Quality Of Life"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383639/world-alzheimers-day-occupational-therapy-importance-dr-joseph-sunny-"
published_at: "2026-09-21T12:41:00+05:30"
category: "Business"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab0d8ed1100f_world-alzheimers-day-occupational-therapy-importance-dr-joseph-sunny-.jpg"
keywords: ["World Alzheimers Day", "Alzheimers", "Occupational Therapy", "Dr Joseph Sunny Kunnassery"]
---

# അൽഷിമേഴ്സ് നിയന്ത്രണത്തിൽ ഓക്യുപേഷണൽ തെറാപ്പിയുടെ പങ്ക്

> **Lead Summary:** ** **ഓരോ വർഷവും സെപ്റ്റംബർ 21 ലോക അൽഷിമേഴ്സ് ദിനമായി ആചരിക്കുന്നു. മസ്തിഷ്ക കോശങ്ങളുടെ നാശം മൂലം ഓർമ്മശക്തി, ചിന്താശേഷി, ദൈനംദിന കാര്യങ്ങൾ ചെയ്യാനുള്ള കഴിവ് എന്നിവ ക്രമേണ നഷ്ടപ്പെടുന്ന ഒരു അവസ്ഥയാണ് അൽഷിമേഴ്സ്.

## Article Content

** **ഓരോ വർഷവും സെപ്റ്റംബർ 21 ലോക അൽഷിമേഴ്സ് ദിനമായി ആചരിക്കുന്നു. മസ്തിഷ്ക കോശങ്ങളുടെ നാശം മൂലം ഓർമ്മശക്തി, ചിന്താശേഷി, ദൈനംദിന കാര്യങ്ങൾ ചെയ്യാനുള്ള കഴിവ് എന്നിവ ക്രമേണ നഷ്ടപ്പെടുന്ന ഒരു അവസ്ഥയാണ് അൽഷിമേഴ്സ്.

രോഗാവസ്ഥ പുരോഗമിക്കുമ്പോൾ രോഗിക്ക് സ്വന്തം കാര്യങ്ങൾ പോലും സ്വതന്ത്രമായി ചെയ്യാൻ സാധിക്കാതെ വരുന്നു. പൂർണ്ണമായി സുഖപ്പെടുത്താൻ സാധിക്കാത്ത ഈ രോഗത്തിൽ, മരുന്നുകൾക്കൊപ്പം തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പുനരധിവാസ ചികിത്സകൾ. ഇതിൽ 'ഒക്യുപേഷണൽ തെറാപ്പി' അൽഷിമേഴ്സ് ബാധിതരുടെ ജീവിതനിലവാരം ഉയർത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്.

**ദൈനംദിന ജീവിതരീതികളിലെ സഹായം**

അൽഷിമേഴ്സ് ബാധിച്ച വ്യക്തികൾക്ക് ഭക്ഷണം കഴിക്കുക, വസ്ത്രം ധരിക്കുക, കുളിക്കുക, പല്ല് തേക്കുക തുടങ്ങിയ ലളിതമായ ദൈനംദിന കാര്യങ്ങൾ പോലും മറന്നുപോവുകയോ പ്രയാസകരമായി തോന്നുകയോ ചെയ്യാം. പാചകം ചെയ്യുമ്പോൾ എണ്ണയോ കടുകോ ഏതാണ് ആദ്യം ചേർക്കേണ്ടത് അല്ലെങ്കിൽ ബാത്ത്റൂമിൽ പോയാൽ പല്ല് തേക്കണം തുടങ്ങിയ അടുത്തടുത്ത സ്റ്റെപ്പുകൾ (ഘട്ടങ്ങൾ) പെട്ടെന്ന് ഓർമ്മയിൽ വരില്ല.

ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾ ഓരോ രോഗിയുടെയും ശേഷി പരിശോധിച്ച് ഈ പ്രവർത്തനങ്ങളെ ലളിതമായ ഘട്ടങ്ങളാക്കി മാറ്റുന്നു. രാവിലെ എഴുന്നേൽക്കുന്നത് മുതൽ രാത്രി ഉറങ്ങുന്നത് വരെയുള്ള കാര്യങ്ങൾ ഉൾപ്പെടുത്തി ചിത്രങ്ങളോട് കൂടിയ 'വിഷ്വൽ ഷെഡ്യൂളുകൾ', റുട്ടീൻ പ്ലാനറുകൾ, ചെക്ക്‌ലിസ്റ്റുകൾ എന്നിവ തയ്യാറാക്കി നൽകുന്നു.

ഈ ചെക്ക്‌ലിസ്റ്റ് നോക്കി കാര്യങ്ങൾ ഒന്നൊന്നായി ചെയ്തുതീർക്കാൻ അവർക്ക് സാധിക്കുന്നു. ഇത് രോഗിക്ക് കഴിയുന്നത്ര കാലം മറ്റുള്ളവരുടെ സഹായമില്ലാതെ സ്വന്തം കാര്യങ്ങൾ സ്വയം പര്യാപ്തതയോടെ ചെയ്യാൻ സഹായകമാകുന്നു.

**സുരക്ഷിതമായ അന്തരീക്ഷം ഒരുക്കൽ**

ഓർമ്മക്കുറവും ദിശാബോധമില്ലായ്മയും കാരണം രോഗികൾ വീഴാനോ അപകടങ്ങളിൽപ്പെടാനോ ഉള്ള സാധ്യത കൂടുതലാണ്. വീട്ടിലെ അപകടസാധ്യതകൾ കുറയ്ക്കുന്നതിനായി ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾ മാറ്റങ്ങൾ നിർദ്ദേശിക്കുന്നു.

കുളിമുറിയിൽ പിടിവള്ളികൾ സ്ഥാപിക്കുക, വഴുക്കലുള്ള നിലങ്ങൾ ഒഴിവാക്കുക എന്നിവ വഴി അപകടങ്ങൾ തടയാം. പ്രായമായ രോഗികൾക്ക് ദിവസവും ഒന്നിലധികം മരുന്നുകൾ കഴിക്കേണ്ടി വരാറുണ്ട്. എന്നാൽ ഏതു സമയത്ത് ഏത് മരുന്നാണ് കഴിക്കേണ്ടതെന്ന് തിരിച്ചറിയാൻ അവർക്ക് ബുദ്ധിമുട്ടായിരിക്കും.

ഇതിനായി മരുന്നുകുപ്പികൾക്ക് മുകളിൽ കൃത്യമായ കളർ കോഡുകളോ, ഏത് സമയത്ത് കഴിക്കണം എന്ന് വ്യക്തമാക്കുന്ന ലളിതമായ ലേബലുകളോ നൽകുന്നു. മൂർച്ചയുള്ള വസ്തുക്കൾ സുരക്ഷിതമായി മാറ്റി സൂക്ഷിക്കാം. അനുയോജ്യമായ രീതിയിൽ ഇത്തരം മാറ്റങ്ങൾ എന്തെല്ലാമാണ് വേണ്ടത് എന്ന് കൃത്യമായി തിരിച്ചറിയാൻ ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾ സഹായിക്കുന്നു.

**മാനസികവും ചിന്താപരവുമായ ശേഷി നിലനിർത്തൽ**

തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്ന ലളിതമായ പസിലുകൾ, മ്യൂസിക് തെറാപ്പി, പഴയ ഓർമ്മകൾ പങ്കുവെക്കൽ, പൂന്തോട്ടമൊരുക്കൾ, ലളിതമായ കരകൗശല ജോലികൾ എന്നിവയിലൂടെ രോഗിയുടെ ചിന്താശേഷിയെയും ഓർമ്മശക്തിയെയും പരമാവധി സജീവമാക്കി നിർത്താൻ തെറാപ്പി സഹായിക്കുന്നു.

**ഒക്യുപേഷണൽ തെറാപ്പിയുടെ പ്രധാന സമീപനങ്ങൾ**

അൽഷിമേഴ്സ് ബാധിച്ച വ്യക്തികളിൽ തെറാപ്പിസ്റ്റുകൾ പ്രധാനമായും ഇടപെടലുകൾ നടത്തുന്ന രീതികൾ നോക്കാം:

*1. ശേഷികളെ ഉത്തേജിപ്പിക്കൽ: രോഗിയുടെ നഷ്ടപ്പെട്ടുപോയ കഴിവുകളെക്കുറിച്ച് ചിന്തിക്കുന്നതിന് പകരം, നിലവിൽ അവർക്ക് സാധ്യമാകുന്ന കഴിവുകളെയും താൽപ്പര്യങ്ങളെയും കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നു.*

*2. ശാരീരിക പുനരധിവാസം: ഓർമ്മശക്തി പൂർണ്ണമായി വീണ്ടെടുക്കുക അസാധ്യമാണെങ്കിലും, രോഗിയുടെ ശാരീരിക ചലനശേഷി, പേശികളുടെ ബലം, സഹിഷ്ണുത എന്നിവ മെച്ചപ്പെടുത്തി അവരെ വീണ്ടും സജീവമാക്കാൻ സഹായിക്കുന്നു. *

*3. നല്ല ശീലങ്ങൾ നിലനിർത്തൽ: രോഗി നിലവിൽ വിജയകരമായി ചെയ്യുന്ന ശീലങ്ങളും ദിനചര്യകളും തുടരാൻ ആവശ്യമായ അന്തരീക്ഷവും പിന്തുണയും ഒരുക്കുന്നു. *

*4. ചുറ്റുപാടും വരുത്തുന്ന മാറ്റങ്ങൾ: രോഗിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വീടിന്റെ ഘടനയിലും ദിനചര്യകളിലും ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നു.*

**പരിചരിക്കുന്നവർക്കുള്ള (കെയർഗിവേഴ്സ്) പിന്തുണ**

അൽഷിമേഴ്സ് രോഗിയെ പരിചരിക്കുന്നത് മാനസികമായും ശാരീരികമായും ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. രോഗിയോട് എങ്ങനെ ആശയവിനിമയം നടത്തണം, അവരുടെ ദേഷ്യവും പെരുമാറ്റമാറ്റങ്ങളും എങ്ങനെ കൈകാര്യം ചെയ്യണം, രോഗിയെ സുരക്ഷിതമായി എങ്ങനെ കൈകാര്യം ചെയ്യണം എന്നിവയിൽ പരിചരിക്കുന്നവർക്ക് ആവശ്യമായ പരിശീലനം നൽകാൻ ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾക്ക് സാധിക്കുന്നു.

കൃത്യമായ ഒക്യുപേഷണൽ തെറാപ്പിയിലൂടെ രോഗിയുടെ സ്വയംപര്യാപ്തത വർദ്ധിക്കുമ്പോൾ, പരിചരിക്കുന്നവരുടെ ഭാരം ഗണ്യമായി കുറയുന്നതിനും സഹായകരമാകും. അൽഷിമേഴ്സ് രോഗബാധിതരായ വ്യക്തികൾക്ക് അവരുടെ നഷ്ടപ്പെട്ടുപോകുന്ന കഴിവുകൾക്ക് പകരം, അവശേഷിക്കുന്ന കഴിവുകളെ പരമാവധി പ്രയോജനപ്പെടുത്തി അന്തസ്സോടെ ജീവിക്കാൻ ഒക്യുപേഷണൽ തെറാപ്പി വഴിയൊരുക്കുന്നു.

രോഗാവസ്ഥയുടെ ഏത് ഘട്ടത്തിലും വ്യക്തിഗത പരിചരണത്തിലൂടെ രോഗിയുടെയും അവരെ പരിചരിക്കുന്നവരുടെയും ജീവിതത്തിൽ വലിയൊരു പ്രകാശം പരത്താൻ ഈ തെറാപ്പിക്ക് സാധിക്കും. അൽഷിമേഴ്സ് ദിനത്തിൽ, കേവലം ചികിത്സയ്ക്കപ്പുറം ഇത്തരം സമഗ്രമായ പരിചരണരീതികളെക്കുറിച്ച് സമൂഹത്തിൽ അവബോധം വളർത്തേണ്ടത് അത്യന്താപേക്ഷിതമാണ്.

തയ്യാറാക്കിയത്: ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി, കൊച്ചി പ്രയത്ന ചൈൽഡ് ഡെവലപ്പ്മെന്റ് സെന്റർ സ്ഥാപകൻ.

English Summary:

September 21 is observed as World Alzheimer's Day. Alzheimer's is a condition where brain cell damage gradually leads to loss of memory, thinking ability and daily functioning. Occupational therapy plays a crucial role in improving the quality of life of patients alongside medication. Through visual schedules, routine planners, safe home modifications, cognitive stimulation activities like puzzles and music therapy, and caregiver support, occupational therapy helps patients live with dignity and self-reliance. Article prepared by Dr. Joseph Sunny Kunnassery, Founder of Kochi Prayatna Child Development Centre.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383639/world-alzheimers-day-occupational-therapy-importance-dr-joseph-sunny-)