---
title: " ഭക്ഷ്യവിഷബാധയെന്ന് റിപ്പോർട്ട്; ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും, കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല"
english_title: "Amit Shah Health Update After Reported Food Poisoning During Karnataka Visit"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383501/amit-shah-food-poisoning-health-update-karnataka-visit"
published_at: "2026-09-20T06:03:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaf2a51851ab_amit-shah-food-poisoning-health-update-karnataka-visit.jpg"
keywords: ["Amit Shah", "Food Poisoning", "KLE Medical College"]
---

#  ഭക്ഷ്യവിഷബാധയെന്ന് റിപ്പോർട്ട്; ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും, കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല

> **Lead Summary:** ബെം​ഗളൂരു: ഭക്ഷ്യവിഷബാധയെത്തുടർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും അനുഭവപ്പെട്ടതായി റിപ്പോർട്ട്. കർണാടക സന്ദർശനത്തിനിടെയാണ് അമിത് ഷായ്ക്ക് ആരോ​ഗ്യപ്രശ്നങ്ങളുണ്ടായത്.

## Article Content

ബെം​ഗളൂരു: ഭക്ഷ്യവിഷബാധയെത്തുടർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും അനുഭവപ്പെട്ടതായി റിപ്പോർട്ട്. കർണാടക സന്ദർശനത്തിനിടെയാണ് അമിത് ഷായ്ക്ക് ആരോ​ഗ്യപ്രശ്നങ്ങളുണ്ടായത്.

ഡോക്ടർമാരുടെ പരിശോധനയ്ക്കും വിശ്രമത്തിനും ശേഷം അദ്ദേഹത്തിന്റെ ആരോ​ഗ്യനില മെച്ചപ്പെട്ടതായി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. തുടർന്ന് ശനിയാഴ്ച വൈകിട്ടോടെ അമിത് ഷാ ഡൽഹിയിലേക്ക് മടങ്ങി.

അതേസമയം, ആരോ​ഗ്യപ്രശ്നങ്ങളെത്തുടർന്ന് കർണാടകയിലെ രണ്ട് പരിപാടികളിൽ അദ്ദേഹത്തിന് പങ്കെടുക്കാനായില്ല.

ഹുബ്ബള്ളിയിലെ കെഎൽഇ ജ​ഗദ്​ഗുരു മെഡിക്കൽ കോളേജ്, കെഎൽഇ ആശുപത്രി എന്നിവയുടെ കെട്ടിടോദ്​ഘാടനത്തിനും ബെല​ഗാവിയിലെ ശ്രീ ബീരേശ്വര കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനത്തിനുമായാണ് അമിത് ഷാ വെള്ളിയാഴ്ച കർണാടകയിലെത്തിയത്.

വെള്ളിയാഴ്ച രാത്രി കർണാടകയിലെത്തിയ അദ്ദേഹം ഹോട്ടൽമുറിയിലാണ് തങ്ങിയത്. ഇതിനിടെയാണ് ഭക്ഷ്യവിഷബാധ കാരണം അദ്ദേഹത്തിന് ഛർദിയും മറ്റു അവശതകളും അനുഭവപ്പെട്ടത്.

ഇതോടെ ഡോക്ടർമാരുടെ നിർദേശപ്രകാരം അദ്ദേ​ഹം ​ഹോട്ടലിൽ തന്നെ വിശ്രമിക്കുകയായിരുന്നു. അമിത് ഷായുടെ ആരോ​ഗ്യപ്രശ്നങ്ങൾ കാരണം ബെല​ഗാവിയിലെ ചടങ്ങ് റദ്ദാക്കി.

കെഎൽഇ മെഡിക്കൽ കോളേജ് ഉദ്ഘാടനത്തിന് ആരോ​ഗ്യപ്രശ്നങ്ങൾ കാരണം അദ്ദേഹത്തിന് വരാൻ കഴിയില്ലെന്ന് മുൻ എംപിയായ പ്രഭാകർ കോരെയാണ് സദസ്സിനോട് പറഞ്ഞത്. അമിത് ഷായുടെ സന്ദേശവും അദ്ദേഹം സദസ്സിനെ കേൾപ്പിച്ചു.

ഇതിനിടെയാണ് അമിത് ഷായ്ക്ക് ഭക്ഷ്യവിഷബാധയേറ്റതാണെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി മാധ്യമങ്ങളോട് സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ ആരോ​ഗ്യനില ഇപ്പോൾ മെച്ചപ്പെട്ടതായും മന്ത്രി വ്യക്തമാക്കി.

ഉദ്ഘാടന ചടങ്ങിന് എത്താനായില്ലെങ്കിലും ശനിയാഴ്ച വൈകിട്ട് ഡൽഹിയിലേക്ക് മടങ്ങുന്നതിന് മുൻപ് അമിത് ഷാ കെഎൽഇ മെഡിക്കൽ കോളേജ് ക്യാമ്പസ് സന്ദർശിച്ചതായി പ്രാദേശിക നേതാക്കളും പറഞ്ഞു.

**English Summary:**

Union Home Minister Amit Shah reportedly experienced vomiting and weakness due to food poisoning during his Karnataka visit. Union Minister Pralhad Joshi said Shah’s health improved after medical examination and rest. Due to his health issues, Shah could not attend two scheduled events in Karnataka, including inaugurations in Hubballi and Belagavi. He stayed at a hotel after arriving in Karnataka on Friday night and rested on doctors’ advice. The Belagavi event was cancelled, while former MP Prabhakar Kore informed the audience that Shah could not attend the KLE Medical College inauguration and played his message. Shah later visited the KLE Medical College campus before returning to Delhi on Saturday evening.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383501/amit-shah-food-poisoning-health-update-karnataka-visit)