---
title: "'മുൻ സർക്കാരുകൾക്കെല്ലാം ഉത്തരവാദിത്തമുണ്ട്'; വൈദ്യുതി പ്രതിസന്ധിയിൽ യു.ഡി.എഫ്. സർക്കാരിനെ വിമർശിക്കാനില്ലെന്ന് സുരേഷ് ഗോപി "
english_title: " Suresh Gopi On Kerala Power Crisis No Criticism Of UDF Government Previous Governments Responsible KSEB Electricity Demand"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383440/suresh-gopi-kerala-power-crisis-no-criticism-udf-government-previous-governments-responsible"
published_at: "2026-09-19T15:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aae5c579e51e_suresh-gopi-kerala-power-crisis-no-criticism-udf-government-previous-governments-responsible.jpg"
keywords: ["Kerala Power Crisis", "Suresh Gopi", "UDF Government", "Kerala Electricity Shortage"]
---

# 'മുൻ സർക്കാരുകൾക്കെല്ലാം ഉത്തരവാദിത്തമുണ്ട്'; വൈദ്യുതി പ്രതിസന്ധിയിൽ യു.ഡി.എഫ്. സർക്കാരിനെ വിമർശിക്കാനില്ലെന്ന് സുരേഷ് ഗോപി 

> **Lead Summary:** തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയിൽ സംസ്ഥാന സർക്കാരിനെ വിമർശിക്കാൻ താനില്ലെന്നും, ബി.ജെ.പി-സി.പി.എം ഡീൽ ആരോപണങ്ങൾ മാധ്യമങ്ങൾ കെട്ടിച്ചമച്ചതാണെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. കഴിഞ്ഞദിവസത്തെ തന്റെ വാക്കുകളെ മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

## Article Content

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയിൽ സംസ്ഥാന സർക്കാരിനെ വിമർശിക്കാൻ താനില്ലെന്നും, ബി.ജെ.പി-സി.പി.എം ഡീൽ ആരോപണങ്ങൾ മാധ്യമങ്ങൾ കെട്ടിച്ചമച്ചതാണെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. കഴിഞ്ഞദിവസത്തെ തന്റെ വാക്കുകളെ മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വൈദ്യുതി മുടക്കത്തിൽ കേന്ദ്ര പൂളിൽ നിന്ന് കഴിഞ്ഞ രണ്ടുദിവസമായി വൈദ്യുതി ലഭിക്കുന്നത് കൊണ്ട് പ്രതിസന്ധിയുടെ കാഠിന്യം കുറഞ്ഞുവെന്ന് സംസ്ഥാന സർക്കാർ തന്നെ വ്യക്തമാക്കിയിട്ടുള്ളതായി സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. രാത്രി 11 മണിക്കും 12 മണിക്കും വൈദ്യുതി മുടങ്ങുന്നത് മനുഷ്യാവകാശ ലംഘനമല്ലേ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

> "സർക്കാരിനെ വിമർശിക്കുക എന്ന ഉദ്ദേശത്തോടെയാണ് എന്നോട് ചോദിക്കുന്നതെങ്കിൽ അത് വേണ്ട. അത് നിങ്ങൾ സർക്കാരിനോട് ചോദിച്ച് ഉത്തരം വാങ്ങുകയും അതിനുള്ള പ്രതിവിധി കണ്ടെത്തുകയും ചെയ്യുക. സർക്കാരിനെ വിമർശിക്കാൻ ഞാനില്ല.

കാരണം, എന്തുകൊണ്ടാണ് ഇങ്ങനെയൊരു അവസ്ഥയിലേക്ക് എത്തിയത്? മുൻ സർക്കാരുകൾക്കും ഇതിൽ ഉത്തരവാദിത്തമില്ലേ? യു.ഡി.എഫ് സർക്കാരിനെ വിമർശിക്കാനുള്ള സമയമായിട്ടില്ല, കാര്യങ്ങൾ വ്യക്തമാകട്ടെ.

> മാധ്യമങ്ങളുടെ സൗകര്യത്തിന് ഞങ്ങളെക്കൊണ്ട് സർക്കാരിനെ വിമർശിപ്പിക്കണം എന്ന് വിചാരിക്കുന്നതിന് പിന്നിൽ ഒരു ദുഷ്ടലാക്കുണ്ട്"- സുരേഷ് ഗോപി പറഞ്ഞു.

രാഷ്ട്രീയ ഡീൽ എന്ന ആരോപണം മാധ്യമ സൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം താൻ പറഞ്ഞ കാര്യങ്ങളെ മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നു. സംസ്ഥാന സർക്കാരുമായുള്ള സഹകരണത്തെക്കുറിച്ച് പറഞ്ഞത് ടൂറിസം പ്രോജക്ടുകളുമായി ബന്ധപ്പെട്ടാണ്.

> "ടൂറിസം പ്രോജക്ടുകൾ കൊണ്ടുവന്നപ്പോൾ കഴിഞ്ഞ 10 വർഷം എന്ത് തരത്തിലുള്ള സമീപനമാണ് എൽ.ഡി.എഫ് സർക്കാർ കാണിച്ചതെന്ന് വ്യക്തമാക്കാൻ ഞാൻ ആ വാക്ക് ഉപയോഗിക്കുന്നില്ല, എന്നാൽ വി.ഡി സതീശനെ വിളിച്ചു പറഞ്ഞപ്പോൾ, തടസ്സങ്ങൾ നീക്കുകയും പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ അദ്ദേഹം നടത്തുകയും ചെയ്തു.

> അതിന് എന്താ എനിക്ക് അങ്ങനെ പറഞ്ഞൂടെ? അതിനെ നിങ്ങൾ ഡീലിലേക്ക് കൊണ്ടുപോയാൽ എങ്ങനെ ശരിയാകും? ഇത്തരം ആരോപണങ്ങളെ പുച്ഛത്തോടെ തള്ളുന്നു"- സുരേഷ് ഗോപി വ്യക്തമാക്കി.

ഇന്നലെയും നൂറ് ദശലക്ഷം യൂണിറ്റിന് അടുത്തായിരുന്ന വൈദ്യുതി ഉപയോഗം. നിയന്ത്രണം ഒഴിവാക്കാൻ തത്സമയ വിപണിയില്‍ നിന്ന് ഉയർന്ന വിലക്ക് കെഎസ്ഇബി കൂടുതല്‍ വൈദ്യുതി വാങ്ങിയിരുന്നു.

കേന്ദ്ര വൈദ്യുതി നിലയത്തില്‍ നിന്നുള്ള വൈദ്യുതി വിഹിതവും നേരിയ രീതിയില്‍ കൂടി. കഴിഞ്ഞ ദിവസം വൈദ്യുതി നിയന്ത്രണ സാധ്യതക്ക് കാരണമായി പറഞ്ഞിരുന്നത് പോലെയായിരുന്നില്ല കാര്യങ്ങള്‍. പവർ എക്സ്ചേ‌ഞ്ചില്‍ നിന്ന് കാര്യമായി വൈദ്യുതി ലഭിച്ചു.

ബുധനാഴ്ചത്തേക്കാള്‍ 8 ദശലക്ഷം യൂണിറ്റ് അധികം തല്‍സമയ വിപണിയില്‍ നിന്ന് വാങ്ങാനായി. തമിഴ്നാട് ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളില്‍ ഉത്പാദനം കൂടിയതാണ് ഒരു കാരണം. ഗ്രിഡ് വഴി ഷെഡ്യൂള്‍ ചെയതതിനേക്കാള്‍ കൂടുതല്‍ വൈദ്യുതി എടുക്കാനുമായി. 78 ദശലക്ഷം യൂണിറ്റിന് അധികം വൈദ്യുതി പുറത്ത് നിന്ന് എത്തിക്കാൻ കഴിഞ്ഞു.

ഒരു ദശലക്ഷം യൂണിറ്റിന്‍റെ എങ്കിലും വർധന കേന്ദ്രപൂളിലെ വിഹിതത്തിലും ഉണ്ടായി. അതേസമയം ഡയറക്ടർമാർ ഉൾപ്പെടെ പുറത്ത് പോയി നടത്തുന്ന ചർച്ചകളില്‍ ഈ മാസത്തേക്ക് കൂടുതല്‍ വൈദ്യുതി എത്തിക്കാൻ ഉള്ള കരാർ എത്തിക്കാനായതായി ധാരണയില്ല.

ഈ മാസത്തേക്കുള്ള ഹ്രസ്വകാല കരാർ ഇല്ലെന്ന് ജൂണില്‍ തന്നെ ബോധ്യമായിട്ടും ഇപ്പോള്‍ നടത്തിയത് പോലുള്ള ശ്രമം അന്ന് നടത്തിയിരുന്നില്ല . നിലവിലെ പ്രതിസന്ധിയും കാലാവസ്ഥ പ്രശ്നവും അന്നേ തിരിച്ചറിഞ്ഞതുമാണ്.

വരും മാസങ്ങളില്‍ പ്രതിസന്ധി ഒഴിവാക്കാൻ ബസ് പ്രോജക്ടുകള്‍ സമയത്ത് തീർക്കണമെന്നായിരുന്നു റെഗുലേറ്ററി കമ്മീഷൻ നിർദേശം. മൈലാട്ടി, മുള്ളേരിയ പ്രോജക്ടുകള്‍ അടുത്തമാസം തീർക്കുമെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്.

ശ്രീകണ്ഠാപുരം, അരീക്കോട് പദ്ധതികള്‍ നവംബറില്‍ ആണ് തീർക്കേണ്ടത്. പോത്തൻകോട് പ്രോജക്ട് ഡിസംബറില്‍ തീർക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

സോളാർ വൈദ്യുതി ശേഖരിച്ച് വെക്കാൻ സംവിധാനം ഇല്ലാത്തതിനാൽ പകല്‍ സമയങ്ങളില്‍ കരാർ പ്രകാരമുള്ള വൈദ്യുതി കെഎസ്ഇബി സറണ്ടർ ചെയ്യുകയാണന്ന് കമ്മീഷൻ നിരക്ഷീച്ചിരുന്നു.

**English Summary:**

Union Minister Suresh Gopi said he will not criticize UDF government over Kerala power crisis, stating previous governments also responsible and now is not time to criticize. He alleged media questions have malicious intent. Meanwhile KSEB managed demand near 100 million units by purchasing 8 million units extra from real-time market at high price, getting over 78 million units from outside due to increased production in Tamil Nadu and other southern states. Regulatory commission directed timely completion of bus projects to avoid future crisis.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383440/suresh-gopi-kerala-power-crisis-no-criticism-udf-government-previous-governments-responsible)