---
title: " ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം വാർഡുകളിലേക്ക് വ്യാപിപ്പിക്കുന്നു, ആന്റി നർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ചതായി ആഭ്യന്തര മന്ത്രി"
english_title: "Operation Thoofan Second Phase Anti Narcotic Investigation Team Formed Home Minister Ramesh Chennithala Press Meet"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383316/operation-thoofan-second-phase-ward-level-anti-narcotic-investigation-team-ramesh-chennithala"
published_at: "2026-09-18T17:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aad232dec5ce_operation-thoofan-second-phase-ward-level-anti-narcotic-investigation-team-ramesh-chennithala.jpg"
keywords: ["Operation Thoofan", "Ramesh Chennithala", "Home Minister", "Anti Narcotic Investigation Team"]
---

#  ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം വാർഡുകളിലേക്ക് വ്യാപിപ്പിക്കുന്നു, ആന്റി നർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ചതായി ആഭ്യന്തര മന്ത്രി

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി മാഫിയകൾക്കെതിരായ നടപടി ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ടം പ്രഖ്യാപിച്ച്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല. രണ്ടാം ഘട്ടത്തിന്റെ ആദ്യ പടിയായി ആന്റി നർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ചു.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി മാഫിയകൾക്കെതിരായ നടപടി ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ടം പ്രഖ്യാപിച്ച്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല. രണ്ടാം ഘട്ടത്തിന്റെ ആദ്യ പടിയായി ആന്റി നർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ചു.

ഉയർന്ന മൂല്യമുള്ളതും അന്തർസംസ്ഥാന, അന്താരാഷ്ട്ര ബന്ധങ്ങളുള്ളതുമായ മയക്കുമരുന്ന് കള്ളക്കടത്ത് കേസുകളുടെ അന്വേഷണം ലക്ഷ്യമിട്ട് രൂപീകരിച്ച ടീമിന്റെ പ്രവർത്തനം ഇന്നലെ മുതൽ (സെപ്‌തംബർ 18) ആരംഭിച്ചതായും മന്ത്രി വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.

തദ്ദേശസ്വയംഭരണവകുപ്പുമായി ചേർന്ന്‌ തൂഫാൻ ജനജാഗ്രതാ സമിതികൾ രൂപീകരിക്കുകയാണ്‌. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ വാർഡ് തലങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ്‌ ഇതിലൂടെ ലക്ഷ്യമിടുന്നത്‌. തൂഫാൻ ജനജാഗ്രതാ സമിതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം സെപ്‌തംബർ 28ന് മലപ്പുറം വേങ്ങരയിൽ മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കും.

വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിക്കും. ജനപ്രതിനിധികൾ, കുടുംബശ്രീ, ആശാപ്രവർത്തകർ, ഹരിതകർമ സേന, യുവജനസംഘടനകൾ എന്നിവർ നേതൃത്വം നൽകുന്നതായിരിക്കും തൂഫാൻ ജനജാഗ്രത സമിതികൾ. പുനരധിവാസ പ്രവർത്തനങ്ങൾക്ക്‌ മുൻഗണന നൽകിയുള്ള പ്രവർത്തനങ്ങളായിരിക്കും രണ്ടാംഘട്ടത്തിൽ നടപ്പിലാക്കുക.

ആരോഗ്യവകുപ്പുമായി ചേർന്ന്‌ നടപ്പിലാക്കുന്ന തൂഫാൻ കെയറിൽ സംസ്ഥാനത്തെ 35 ഓളം പ്രധാനപ്പെട്ട ആശുപത്രികൾ പങ്കാളികകളാകാൻ സന്നദ്ധരായി മുന്നോട്ടുവന്നിട്ടുണ്ട്‌. ഐ.എം.എയുമായി ചേർന്ന്‌ തൂഫാൻ റീഹാബിലിറ്റേഷൻ പ്രോട്ടോക്കോൾ നടപ്പിലാക്കും. ലഹരിയുടെ കെണിയിൽ അകപ്പെട്ട്‌ പോയവർക്ക്‌ തുറന്നു സംസാരിക്കാൻ തൂഫാൻ ആപ്പ്‌ നിലവിൽ വരും. അമൃത യൂണിവേഴ്‌സിറ്റി ഐ.ടി വിഭാഗമാണ്‌ ഇതിനായുള്ള സാങ്കേതിക സഹായം നൽകുന്നത്‌.

ലഹരി വിതരണത്തിന്റെ തോത്‌ കുറച്ചതിനൊപ്പം ഡിമാൻഡ്‌ കുറയ്‌ക്കുകയാണ്‌ അടുത്ത ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. ഓപ്പറേഷൻ തൂഫാനിലൂടെ സംസ്ഥാനത്തേക്കുള്ള ലഹരി വിതരണത്തിൽ 20 മുതൽ 30 ശതമാനം വരെ കുറവ് വന്നിട്ടുണ്ടെന്നും തൂഫാന്റെ പ്രവർത്തനങ്ങൾ ഇപ്പോൾ വിതരണക്കാരിൽ നിന്ന്‌ സോഴ്‌സുകളിലേക്ക്‌ എത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

തൂഫാൻ നോഡൽ ഓഫീസറും നോർത്ത് ഐ.ജിയുമായ പുട്ട വിമലാദിത്യ നേതൃത്വം നൽകുന്ന ആന്റി നർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീമിന്‌ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായി മൂന്ന് യൂണിറ്റുകളാണ് രൂപീകരിച്ചിട്ടുള്ളത്.

ഓരോ യൂണിറ്റിലും ഒരു ഡിവൈ.എസ്.പി, രണ്ട് സി.ഐമാർ, രണ്ട് എസ്.ഐമാർ, എ.എസ്.ഐമാർ ഉൾപ്പെടെ 10 സി.പി.ഒ, എസ്.സി.പി.ഒമാർ അടങ്ങുന്ന പൊലീസ് ഉദ്യോഗസ്ഥരുണ്ടാകും. ഉയർന്ന മൂല്യമുള്ള മയക്കുമരുന്ന് കേസുകളിൽ കൂടുതൽ ശാസ്ത്രീയവും കേന്ദ്രീകൃതവുമായ അന്വേഷണം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്‌.

മലപ്പുറത്തെ എം.ഡി.എം.എ കേസിൽ പ്രധാനപ്പെട്ട നാല് കണ്ണികളെ അന്വേഷണ സംഘം പിടികൂടിയിട്ടുണ്ട്. ചെന്നൈയിലും ബിഹാറിലുമുള്ള ഒളിത്താവളങ്ങളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. കേസിൽ ഇതുവരെ 13 പേർ അറസ്റ്റിലായിട്ടുണ്ട്.

ലഹരി വാങ്ങുന്നതിനായി പ്രതികൾക്ക് സാമ്പത്തിക സഹായം നൽകുന്നവർക്കെതിരെയും നടപടി സ്വീകരിക്കും. ഓപ്പറേഷൻ തൂഫാനിലൂടെ സംസ്ഥാനത്തേക്കുള്ള ലഹരി വിതരണത്തിൽ 20 മുതൽ 30 ശതമാനം വരെ കുറവ് വന്നിട്ടുണ്ടെന്നും മന്ത്രി രമേശ്‌ ചെന്നിത്തല പി.ആർ.ഡിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

**English Summary:**

Home Minister Ramesh Chennithala announced second phase of Operation Thoofan against drug mafia, starting with formation of Anti Narcotic Investigation Team operational from September 18. He said team aims to probe high-value inter-state and international drug trafficking cases. Three units formed in Thiruvananthapuram, Ernakulam, Kozhikode led by Thoofan nodal officer and North IG Putta Vimaladitya. Second phase will expand anti-drug activities to ward level via Thoofan Jana Jagratha Samithis in association with LSGD, to be inaugurated September 28 at Vengara Malappuram by CM VD Satheesan with Industries Minister PK Kunhalikutty presiding. Rehabilitation focus with Thoofan Care involving 35 hospitals, Thoofan Rehabilitation Protocol with IMA, and Thoofan App with technical support from Amrita University IT department. Minister claimed 20-30% reduction in drug supply and four key links arrested in Malappuram MDMA case from Chennai and Bihar hideouts, total 13 arrested so far.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383316/operation-thoofan-second-phase-ward-level-anti-narcotic-investigation-team-ramesh-chennithala)