---
title: "ഇതെന്താ ഇങ്ങനെ....? ഡോക്ടർ കോടതിയിൽ പോയപ്പോൾ രോഗികളെ പരിശോധിച്ച് ഡ്രൈവർ; പുറത്തുനിന്ന് മരുന്ന് വാങ്ങാൻ നിർദേശം"
english_title: "Driver Examines Patients In Kanpur Government Hospital Doctor Asked Explanation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383208/driver-examines-patients-in-kanpur-government-hospital"
published_at: "2026-09-18T07:08:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aac966e02974_driver-examines-patients-in-kanpur-government-hospital.jpg"
keywords: ["Government Hospital", "Doctor Driver Video", "Health Department"]
---

# ഇതെന്താ ഇങ്ങനെ....? ഡോക്ടർ കോടതിയിൽ പോയപ്പോൾ രോഗികളെ പരിശോധിച്ച് ഡ്രൈവർ; പുറത്തുനിന്ന് മരുന്ന് വാങ്ങാൻ നിർദേശം

> **Lead Summary:** **കാൻപുർ: **ഉത്തർപ്രദേശിലെ കാൻപുരിലെ സർക്കാർ ആശുപത്രിയിൽ ഡോക്ടർക്ക് പകരം ഡ്രൈവർ രോഗികളെ പരിശോധിച്ച് മരുന്നുകൾ കുറിച്ചു നൽകിയ സംഭവം പുറത്തറിഞ്ഞു.

## Article Content

**കാൻപുർ: **ഉത്തർപ്രദേശിലെ കാൻപുരിലെ സർക്കാർ ആശുപത്രിയിൽ ഡോക്ടർക്ക് പകരം ഡ്രൈവർ രോഗികളെ പരിശോധിച്ച് മരുന്നുകൾ കുറിച്ചു നൽകിയ സംഭവം പുറത്തറിഞ്ഞു.

കാൻഷി റാം ജോയിന്റ് ഹോസ്പിറ്റൽ ആൻഡ് ട്രോമ സെന്ററിലാണ് സംഭവം നടന്നത്. ഈ ആശുപത്രിയിലെ ഡോക്ടറായ രാംകേഷ് ഒരു കേസിന്റെ ഭാഗമായി കോടതിയിൽ പോയപ്പോഴാണ് പകരം അദ്ദേഹത്തിന്റെ ഡ്രൈവർ ഒ.പിയിൽ ഇരുന്ന് രോഗികളെ പരിശോധിച്ചത്.

ഒ.പിയിൽ എത്തിയ രോഗികളെ ഡ്രൈവർ പരിശോധിക്കുന്നതും മരുന്നുകൾ കുറിച്ചു നൽകുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. വീഡിയോയിൽ ഡ്രൈവർ രോഗികളെ അകത്തേക്ക് വിളിക്കുന്നതും അസുഖ വിവരങ്ങൾ തിരക്കുന്നതും കാണാം.

കൂടാതെ കുറിപ്പടി നൽകുമ്പോൾ മരുന്നുകൾ ആശുപത്രിയിൽ ലഭ്യമല്ലെന്നും പുറത്തു നിന്ന് വാങ്ങേണ്ടിവരുമെന്നും ഇയാൾ രോഗികളോട് പറയുന്നുണ്ട്. ബുധനാഴ്ച ഉച്ചയോടെയാണ് ഈ വീഡിയോ പുറത്തുവന്നത്.

സംഭവത്തിൽ ഡോക്ടറോട് വിശദീകരണം ചോദിച്ചതായി ആശുപത്രി ചീഫ് മെഡിക്കൽ സൂപ്രണ്ട് (സി.എം.എസ്) ഡോ. പിയൂഷ് മിശ്ര അറിയിച്ചു. അതേസമയം ഡ്രൈവർ കുറിപ്പടി നൽകിയ കാര്യം ഡോക്ടർ രാംകേഷ് സമ്മതിച്ചിട്ടുണ്ട്. ആശുപത്രിയിൽ എത്തിയ രോഗി തന്റെ പരിചയക്കാരനായിരുന്നെന്നും സംഭവത്തിന് പിന്നാലെ ഡ്രൈവറെ ജോലിയിൽ നിന്ന് പുറത്താക്കിയെന്നും ഡോക്ടർ വ്യക്തമാക്കി. സംഭവത്തിൽ ആരോഗ്യ വകുപ്പ് തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്.

**English Summary:**

In a shocking incident at Kanshi Ram Joint Hospital and Trauma Centre in Kanpur, Uttar Pradesh, a driver examined patients and prescribed medicines after the doctor went to court. The incident came to light after a video of the driver calling patients into the OP and questioning their ailments went viral. Hospital Chief Medical Superintendent Dr. Piyush Mishra issued a show-cause notice to Dr. Ramkesh. The doctor admitted to the incident, claiming the patient was an acquaintance, and stated that the driver had been dismissed.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383208/driver-examines-patients-in-kanpur-government-hospital)