---
title: "താലികെട്ട് കഴിഞ്ഞിട്ടും ഭക്ഷണമില്ല ...! വിവാഹത്തിന് സദ്യ എത്തിക്കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചു; കാറ്ററിംഗ് ഉടമ വിഷ്ണു മോഹൻ കസ്റ്റഡിയിൽ"
english_title: "Catering Owner Vishnu Mohan Custody Wedding Feast Fraud Kottayam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383169/catering-owner-vishnu-mohan-custody-wedding-feast-fraud-kottayam"
published_at: "2026-09-17T20:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aabfdcb5750a_catering-owner-vishnu-mohan-custody-wedding-feast-fraud-kottayam.jpg"
keywords: ["Catering Fraud Case", "Catering Complaint", "Wedding Catering Fraud"]
---

# താലികെട്ട് കഴിഞ്ഞിട്ടും ഭക്ഷണമില്ല ...! വിവാഹത്തിന് സദ്യ എത്തിക്കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചു; കാറ്ററിംഗ് ഉടമ വിഷ്ണു മോഹൻ കസ്റ്റഡിയിൽ

> **Lead Summary:** **കോട്ടയം: **വിവാഹച്ചടങ്ങിലേക്ക് സദ്യ എത്തിക്കാമെന്ന് പറഞ്ഞ് മുൻകൂറായി പണം വാങ്ങി വഞ്ചിച്ച കേസിൽ ഉദയം കാറ്ററിംഗ് ആൻഡ് ഇവന്റ്സ് ഉടമ വിഷ്ണു മോഹനെ കോട്ടയം ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ കോട്ടയം ഈസ്റ്റ്, മുണ്ടക്കയം, കുന്നത്തുനാട് എന്നീ പോലീസ് സ്റ്റേഷനുകളിൽ നിലവിൽ വിവിധ കേസുകൾ ഉള്ളതായാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം.

## Article Content

**കോട്ടയം: **വിവാഹച്ചടങ്ങിലേക്ക് സദ്യ എത്തിക്കാമെന്ന് പറഞ്ഞ് മുൻകൂറായി പണം വാങ്ങി വഞ്ചിച്ച കേസിൽ ഉദയം കാറ്ററിംഗ് ആൻഡ് ഇവന്റ്സ് ഉടമ വിഷ്ണു മോഹനെ കോട്ടയം ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ കോട്ടയം ഈസ്റ്റ്, മുണ്ടക്കയം, കുന്നത്തുനാട് എന്നീ പോലീസ് സ്റ്റേഷനുകളിൽ നിലവിൽ വിവിധ കേസുകൾ ഉള്ളതായാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം.

ഇക്കഴിഞ്ഞ ഞായറാഴ്ച കോട്ടയം ചോറ്റി അമ്പലത്തിൽ വെച്ച് നടന്ന വിവാഹച്ചടങ്ങിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പനക്കച്ചിറ സ്വദേശിനിയായ യുവതിയുടെ വിവാഹത്തിനായി 400 പേർക്കുള്ള സദ്യയാണ് വീട്ടുകാർ ബുക്ക് ചെയ്തിരുന്നത്. ഇതിനായി ഏകദേശം 1,40,000 രൂപ കാറ്ററിംഗ് ഉടമയ്ക്ക് മുൻകൂറായി നൽകുകയും ചെയ്തിരുന്നതായി പരാതിക്കാർ പറയുന്നു.

എന്നാൽ, ഞായറാഴ്ച രാവിലെ ക്ഷേത്രത്തിൽ വെച്ച് വിവാഹ ചടങ്ങുകൾ പൂർത്തിയായെങ്കിലും ഓഡിറ്റോറിയത്തിൽ സദ്യ എത്തിയിരുന്നില്ല. തുടർന്ന് വീട്ടുകാർ കരാറെടുത്ത വിഷ്ണു മോഹനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നുവെന്ന് ബന്ധുക്കൾ വ്യക്തമാക്കുന്നു.

ഉച്ച സമയമായിട്ടും ഭക്ഷണം ലഭിക്കാതായതോടെ വിവാഹത്തിനെത്തിയ അതിഥികളും ബന്ധുക്കളും ഏറെ ബുദ്ധിമുട്ടി. ഒടുവിൽ സമീപത്തെ ഹോട്ടലിൽ നിന്ന് അടിയന്തരമായി ഭക്ഷണം എത്തിച്ചാണ് വീട്ടുകാർ താൽക്കാലികമായി പ്രശ്നം പരിഹരിച്ചത്. തുടർന്ന് വഞ്ചിക്കപ്പെട്ടതായി കാട്ടി ബാധിതർ മുണ്ടക്കയം, കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.

**English Summary:**

Vishnu Mohan, owner of Udayam Catering and Events, was taken into custody by Kottayam East Police for allegedly swindling money after promising to supply food for a wedding. The incident occurred during a wedding at Choti Temple, Kottayam, where the bride's family booked food for 400 people and paid around Rs 1,40,000 in advance. However, the catering team failed to deliver the food and switched off their phones. The family managed the situation by ordering food from a local restaurant and subsequently lodged police complaints in Mundakayam and Kottayam East.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383169/catering-owner-vishnu-mohan-custody-wedding-feast-fraud-kottayam)