---
title: "പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 76-ാം ജന്മദിനം; ഒരുമാസം നീളുന്ന ‘സേവാ സങ്കൽപ് അഭിയാൻ’ ഇന്ന് മുതൽ"
english_title: "Narendra Modi Turns 76; BJP Begins Month-Long Seva Sankalp Abhiyan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383029/narendra-modi-76th-birthday-seva-sankalp-abhiyan"
published_at: "2026-09-17T07:38:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aab4bf85a3ed_narendra-modi-76th-birthday-seva-sankalp-abhiyan.jpg"
keywords: ["Narendra Modi", "PM Modi Birthday", "BJP", "Seva Sankalp Abhiyan"]
---

# പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 76-ാം ജന്മദിനം; ഒരുമാസം നീളുന്ന ‘സേവാ സങ്കൽപ് അഭിയാൻ’ ഇന്ന് മുതൽ

> **Lead Summary:** ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എഴുപത്തിയാറാം ജന്‍മദിനം. പതിവുപോലെ ഇത്തവണയും ആഘോഷങ്ങളില്ല, രാജ്യംമുഴുവന്‍ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് ബിജെപി. ഭരണത്തില്‍ മോദി 25 വര്‍ഷം പൂര്‍ത്തിയാക്കുന്നത് കണക്കിലെടുത്ത് ഒരുമാസം നീളുന്ന 'സേവാ സങ്കൽപ് അഭിയാനും ഇന്ന് തുടക്കമാവും.

## Article Content

ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എഴുപത്തിയാറാം ജന്‍മദിനം. പതിവുപോലെ ഇത്തവണയും ആഘോഷങ്ങളില്ല, രാജ്യംമുഴുവന്‍ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് ബിജെപി. ഭരണത്തില്‍ മോദി 25 വര്‍ഷം പൂര്‍ത്തിയാക്കുന്നത് കണക്കിലെടുത്ത് ഒരുമാസം നീളുന്ന 'സേവാ സങ്കൽപ് അഭിയാനും ഇന്ന് തുടക്കമാവും.

പിറന്നാളിന് കേക്കു മുറിക്കുകയോ സദ്യയൊരുക്കുകയോ ചെയ്യാറില്ല നരേന്ദ്രമോദി. അമ്മയുടെ മരണം വരെ സ്ഥിരമായി ഈ ദിവസം അവരെ സന്ദര്‍ശിക്കുമായിരുന്നു. പിന്നെ വികസന പദ്ധതികളുടെ ഉദ്ഘാടനം, പൊതുപരിപാടികള്‍ എന്നിവയില്‍ ഒതുങ്ങും ആഘോഷം.

ഇത്തവണയും മാറ്റമൊന്നുമില്ല. നേതാവിന്‍റെ ജന്‍മദിനം ബിജെപിക്ക് സേവനമാണ്. ഭരണത്തില്‍ മോദി 25 വര്‍ഷം തികയ്ക്കുന്നു എന്ന പ്രത്യേകത കണക്കിലെടുത്താണ് ഒരു മാസം നീണ്ടുനില്‍ക്കുന്ന സേവന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തത്.

രക്തദാനം, ആരോഗ്യ ക്യാംപുകൾ, സാമൂഹിക സേവനം, ശുചീകരണം തുടങ്ങിയ പതിവു പരിപാടികള്‍ക്കപ്പുറം ജെന്‍ സിയിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള പദ്ധതികളും ബിജെപി ആവിഷ്കരിച്ചിട്ടുണ്ട്. യുവാക്കളെ പങ്കെടുപ്പിച്ച് യാത്രകള്‍, സംവാദ പരിപാടികള്‍, ക്വിസ് മല്‍സരങ്ങള്‍, ശില്‍പശാലകള്‍ എന്നിവ ഇതിന്‍റെ ഭാഗമാണ്.

സിജെപി സമരം, വിദ്യാഭ്യാസ മേഖലയിലെ അപചയങ്ങള്‍, അയോധ്യ സംഭാവനക്കൊള്ള തുടങ്ങി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന പലഘടകങ്ങള്‍ നിലനില്‍ക്കെ ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തി അതിനെ മറികടക്കുക എന്നതും സേവ സങ്കല്‍പ് അഭിയാന്‍റെ ലക്ഷ്യമാണ്.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നായകനെന്ന നിലയിൽ, ആഗോളതലത്തിൽ ഇന്ത്യയുടെ ശബ്ദം കേൾപ്പിക്കാൻ മോദിക്കായി. പതിനെട്ടാമത് ബ്രിക്‌സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചതിലൂടെ ഇന്ത്യ ആഗോള നയതന്ത്രത്തിന്റെ കേന്ദ്രബിന്ദുവായി മാറിയ സമയത്താണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 76-ാം ജന്മദിനമെത്തുന്നത്.

ഗ്ലോബൽ സൗത്തിന്റെ വികസന താൽപ്പര്യങ്ങൾ മുന്നിൽ നിർത്തി നിർമ്മിത ബുദ്ധി, സുസ്ഥിര വികസനം, വ്യാപാരം, സുരക്ഷ എന്നിവയിൽ ലോകരാഷ്ട്രങ്ങളെ ഏകോപിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിന് സാധിച്ചു.

വൻശക്തി രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര തർക്കങ്ങൾക്കിടയിലും ഭാരതത്തിന്റെ സ്വതന്ത്രവും സന്തുലിതവുമായ നിലപാടുകൾക്ക് ആഗോള അംഗീകാരം ലഭിച്ചത് ചെറിയ കാര്യമല്ല.

സ്വാതന്ത്രാനന്തര ഇന്ത്യയിൽ ജനിച്ച പ്രധാനമന്ത്രിയായ നരേന്ദ്രമോദി ഹിന്ദി ഇതര സംസ്ഥാനത്തു നിന്നും ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദത്തിലിരിക്കുന്ന വ്യക്തി കൂടിയാണ്. 2014 മുതൽ പ്രധാനമന്ത്രിയായ നരേന്ദ്രമോദി പ്രധാനമന്ത്രി പദത്തിൽ ജവഹർലാൽ നെഹ്രുവിന്റെ റെക്കോർഡും മറികടന്നിരിക്കുന്നു.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ നിർണായകമാറ്റങ്ങൾ വഴിയൊരുക്കാൻ ഇക്കാലയളവിൽ മോദിക്കായി. കാലാവസ്ഥാ വ്യതിയാനം, ഡിജിറ്റൽ അടിസ്ഥാനസൗകര്യ വികസനം, ഭക്ഷ്യസുരക്ഷ എന്നിവയിൽ ലോകരാജ്യങ്ങൾക്ക് വഴികാട്ടിയാകാനും ഇന്ത്യക്ക് കഴിഞ്ഞു.

ഓപ്പറേഷൻ സിന്ദൂറടക്കമുള്ള സർജിക്കൽ സ്‌ട്രൈക്കുകളിലൂടെ പാകിസ്ഥാന് ശക്തമായ തിരിച്ചടി നൽകിയതും യു.പി.ഐ അധിഷ്ഠിത പണമിടപാടുകളിലൂടെ ലോക ഡിജിറ്റൽ സാമ്പത്തിക രംഗത്ത് മുന്നേറ്റമുണ്ടാക്കാൻ സാധിച്ചതും ജൻധൻ അക്കൗണ്ടുകളിലൂടെ സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെന്നതും ജനതയെ മോദിയോട് അടുപ്പിച്ചു.

വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ, അതിവേഗ ദേശീയപാതകൾ, എയർപോർട്ട്- മെട്രോ ശൃംഖലകൾ എന്നിവ രാജ്യത്തിന്റെ മുഖച്ഛായ മാറ്റി.

ആയുഷ്മാൻ ഭാരത്, പി.എം ആവാസ് യോജന, ജൻ ധൻ യോജന എന്നിവയിലൂടെ ദശകോടിക്കണക്കിന് പാവപ്പെട്ട ജനങ്ങൾക്ക് സുരക്ഷിതത്വവും അന്തസ്സുള്ള ജീവിതവും ഉറപ്പാക്കാനും മോദി സർക്കാരിനായി. ലോകത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയതും മോദിയുടെ നേതൃത്വത്തിനു കീഴിലാണ്.

**English Summary:**

Prime Minister Narendra Modi turns 76 today, with the BJP observing the occasion through nationwide service activities rather than celebrations. A month-long ‘Seva Sankalp Abhiyan’ will also begin today, marking 25 years of Modi’s tenure in governance. The campaign will include blood donation drives, health camps, social service, cleanliness programmes and youth-focused activities. The BJP also plans to highlight the government’s achievements in infrastructure, digital payments, welfare schemes, diplomacy, climate action, food security and other areas during Modi’s tenure. The occasion comes after India hosted the 18th BRICS Summit.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383029/narendra-modi-76th-birthday-seva-sankalp-abhiyan)