---
title: "'ടിക്കറ്റിന് 8 ലക്ഷം, ഖജനാവിൽ നിന്ന് 4 കോടി'! ആഭ്യന്തര മന്ത്രിയ്‌ക്കെതിരെ പോസ്റ്റിട്ട് പണി വാങ്ങി; കെ.എസ് അരുൺകുമാറിനും 'പോരാളി ഷാജി'ക്കുമെതിരെ കേസ്‌ "
english_title: "Case Against KS Arunkumar And Porali Shaji For Defamation Against Ramesh Chennithala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382991/cyber-case-against-ks-arunkumar-porali-shaji-ramesh-chennithala"
published_at: "2026-09-16T20:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaab5e1ec7ef_cyber-case-against-ks-arunkumar-porali-shaji-ramesh-chennithala.jpg"
keywords: ["Ramesh Chennithala", "KS Arunkumar", "Porali Shaji", "Cyber Police"]
---

# 'ടിക്കറ്റിന് 8 ലക്ഷം, ഖജനാവിൽ നിന്ന് 4 കോടി'! ആഭ്യന്തര മന്ത്രിയ്‌ക്കെതിരെ പോസ്റ്റിട്ട് പണി വാങ്ങി; കെ.എസ് അരുൺകുമാറിനും 'പോരാളി ഷാജി'ക്കുമെതിരെ കേസ്‌ 

> **Lead Summary:** **തിരുവനന്തപുരം: **ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ യുഎസ് സന്ദർശനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ അപകീർത്തികരമായ കുറിപ്പുകൾ പങ്കുവച്ചതിനു സിപിഎം നേതാവ് കെ.എസ്.അരുൺകുമാർ ഉൾപ്പെടെ 4 പേർക്കെതിരെ പൊലീസ് കേസെടുത്തു.

## Article Content

**തിരുവനന്തപുരം: **ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ യുഎസ് സന്ദർശനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ അപകീർത്തികരമായ കുറിപ്പുകൾ പങ്കുവച്ചതിനു സിപിഎം നേതാവ് കെ.എസ്.അരുൺകുമാർ ഉൾപ്പെടെ 4 പേർക്കെതിരെ പൊലീസ് കേസെടുത്തു.

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബി.എസ്.സുബിജ നൽകിയ പരാതിയിലാണ് തിരുവനന്തപുരം സൈബർ ക്രൈം പൊലീസിന്റെ നടപടി. അരുൺ, സിപിഎം അനുകൂല ഫെയ്‌സ്ബുക്ക് പേജായ പോരാളി ഷാജി, കുഞ്ഞലൻകുട്ടി, ഷാജി ചാൾസ് എന്നിവർക്കെതിരെയാണു കേസെടുത്തത്.

മാനനഷ്ടം, കലാപമുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ള വ്യാജ പ്രചാരണം എന്നീ വകുപ്പുകൾ ചുമത്തി. മന്ത്രിയുടെ യുഎസ് സന്ദർശനത്തെക്കുറിച്ചുള്ള വ്യാജ പ്രചാരണത്തിനെതിരെ കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർക്കും കന്റോൺമെന്റ് എസിപിക്കും സുബിജ പരാതി നൽകിയത്.

കുടുംബസമേതമുള്ള യാത്രയ്ക്കായി ഒരു വിമാന ടിക്കറ്റിന് എട്ടുലക്ഷം രൂപ വീതം സർക്കാർ ഖജനാവിൽ നിന്ന് നാല് കോടി രൂപയോളം ധൂർത്തടിച്ചു എന്ന രീതിയിലായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രചാരണം. കെ.എസ്. അരുൺകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് അടക്കം ഉൾപ്പെടുത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.**

വിമാനത്തിൽ ഏറ്റവും ഉയർന്ന വിലയുള്ള ടിക്കറ്റിലാണു മന്ത്രി യാത്ര ചെയ്തത്, സർക്കാർ ഖജനാവിൽ നിന്നു പണം ചെലവിട്ടു തുടങ്ങിയ പരാമർശങ്ങളടങ്ങിയ പോസ്റ്റുകളാണ് സമൂഹമാധ്യമത്തിൽ പങ്കുവച്ചതെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. സർക്കാർ പണം ഉപയോഗിച്ചല്ല തന്റെ യാത്രയെന്നും സുഹൃത്തിന്റെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനാണ് യുഎസിൽ എത്തിയതെന്നും രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു.

English Summary:**

Thiruvananthapuram City Cyber Police registered a case over defamatory social media campaigns against Ramesh Chennithala regarding his US trip. CPM leader K.S. Arunkumar has been named as the first accused, while the social media handle 'Porali Shaji' is the second accused, along with two other profiles. The case stems from posts alleging that nearly 4 crore rupees was misspent from the government exchequer for ticket costs. Chennithala had earlier clarified that his travel expenses were not funded by the government.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382991/cyber-case-against-ks-arunkumar-porali-shaji-ramesh-chennithala)