---
title: "'മോദിയുടെ പാതയിൽ തന്നെയാണ് വിഡി സതീശൻ, ഇത് പുതുയുഗ കേരളമല്ല ഇരുണ്ട യുഗത്തിലേക്കുള്ള പോക്കാണ്'- പി. ജയരാജൻ"
english_title: "Police Raid At Reporter Channel Highly Condemnable Says CPM Leader P Jayarajan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382941/reporter-channel-police-raid-condemnable-p-jayarajan-criticizes-vd-satheesan-modi-path"
published_at: "2026-09-16T15:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaa63317badf_reporter-channel-police-raid-condemnable-p-jayarajan-criticizes-vd-satheesan-modi-path.jpg"
keywords: ["Reporter TV Raid", "P Jayarajan", "Facebook Post", "VD Satheesan"]
---

# 'മോദിയുടെ പാതയിൽ തന്നെയാണ് വിഡി സതീശൻ, ഇത് പുതുയുഗ കേരളമല്ല ഇരുണ്ട യുഗത്തിലേക്കുള്ള പോക്കാണ്'- പി. ജയരാജൻ

> **Lead Summary:** കണ്ണൂർ: മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പി​നെതിരെ കളമശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ ഭാഗമായി റിപ്പോർട്ടർ ചാനലിൽ നടത്തിയ റെയ്ഡിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി. ജയരാജൻ. റിപ്പോർട്ടർ ചാനൽ ആസ്ഥാനത്ത് കേരള പൊലീസ് നടത്തിയ അതിക്രമം അത്യന്തം പ്രതിഷേധാർഹമാണെന്ന് അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

## Article Content

കണ്ണൂർ: മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പി​നെതിരെ കളമശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ ഭാഗമായി റിപ്പോർട്ടർ ചാനലിൽ നടത്തിയ റെയ്ഡിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി. ജയരാജൻ. റിപ്പോർട്ടർ ചാനൽ ആസ്ഥാനത്ത് കേരള പൊലീസ് നടത്തിയ അതിക്രമം അത്യന്തം പ്രതിഷേധാർഹമാണെന്ന് അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

മോദിയുടെ പാതയിൽ തന്നെയാണ് വിഡി സതീശൻ. ഇത്തരമൊരു പോലീസ് അതിക്രമത്തോട് മറ്റുള്ള ചാനലുകൾ എങ്ങനെയാണ് പ്രതികരിച്ചത് എന്നത് കൂടി ഗൗരവമായി സമൂഹം പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചരിത്രത്തിൽ ഇതുവരെയില്ലാത്ത നിലയിലാണ് പൊലീസ് ഒരു ചാനലിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുന്ന തരത്തിൽ ഇടപെടുന്നത്. ഒരു മാധ്യമ സ്ഥാപനത്തിന് ജനാധിപത്യ വ്യവസ്ഥയിൽ നൽകേണ്ട പ്രാധാന്യം പോലും പരിഗണിക്കാതെയാണ് പൊലീസ് പെരുമാറിയത്.

വിഡി സതീശനും ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയും അറിയാതെ ഇത്തരമൊരു ഇടപെടൽ പോലീസ് നടത്തില്ല എന്ന് ഉറപ്പാണ്. ഇത് പുതുയുഗ കേരളമല്ല ഇരുണ്ട യുഗത്തിലേക്കുള്ള പോക്കാണ് എന്ന് ജനങ്ങൾക്ക് മനസ്സിലായി തുടങ്ങി.

എം.ഡി.എം.എ കേസിലെ പ്രതിയായ സതീശന്റെ സോഷ്യൽ മീഡിയ കോഡിനേറ്ററുടെ ഫോൺ ഇതുവരെ പരിശോധിക്കാത്ത പൊലീസാണ് മാധ്യമ പ്രവർത്തകരുടെ ഫോണുകൾ പിടിച്ചെടുത്തത്.

മോഡിയുടെ പാതയിൽ തന്നെയാണ് വിഡിയും. മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ സർക്കാർ നടപടിയിൽ ശക്തമായി പ്രതിഷേധിക്കണം’ -പി. ജയരാജൻ പറഞ്ഞു.

അതേസമയം, റിപ്പോർട്ടർ ടിവിയിൽ നിയമപരമായാണ് പൊലീസ് റെയ്ഡ് നടത്തിയതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. അവിടത്തെ വാർത്ത സംപ്രേഷണം തടസ്സപ്പെടുത്തിയതായി അറിയില്ല. ഈ വാർത്ത താൻ അറിയുന്നത് ആ ടിവി ചാനലിൽ നിന്നു തന്നെയാണെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

രാവിലെ അവർ ലൈവ് ആയിട്ട് ടെലികാസ്റ്റ് ചെയ്തപ്പോഴാണ് വാർത്ത അറിയുന്നത്. മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരുമെന്ന് പറഞ്ഞ് നടത്തിയ വിവാദത്തിൽ കായിക വകുപ്പ് സർക്കാറിന് പരാതി നൽകിയിരുന്നു.

അത് പരിശോധിച്ച് ആഭ്യന്തര വകുപ്പ് ഒരു പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) നിയോഗിച്ചു. ആ എസ്.ഐ.ടി ടീം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എസ്.ഐ.ടി ടീം അവരുടെ അന്വേഷണത്തിന്‍റെ ഭാഗമായാണ് റെയ്ഡ് നടത്തിയത്.

അത് നിയമപരമായ റെയ്ഡാണ് എന്നാണ് തനിക്ക് കിട്ടിയിട്ടുള്ള വിവരമെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകി. മാധ്യമപ്രവർത്തകരുടെ ഫോൺ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട്, അതെല്ലാം പൊലീസ് അന്വേഷണത്തിന്‍റെ ഭാഗമായി ചെയ്യുന്നതാണെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

ജി.എസ്.ടി വകുപ്പ് നടത്തിയ എസ്.ഐ.ടി അന്വേഷണത്തിൽ ജി.എസ്.ടി തട്ടിപ്പ് നടന്നതായി കണ്ടെത്തി. കായിക വകുപ്പിന്‍റെ റിപ്പോർട്ട് പരിശോധിച്ചപ്പോഴും ഗുരുതരമായ ആരോപണങ്ങൾ വന്നിട്ടുണ്ട്. അതിന്‍റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പ് ഒരു എസ്.ഐ.ടി ടീമിനെ രൂപവത്കരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മെസ്സിയെ കേരളത്തിലെത്തിക്കുന്നതിന്റെ പേരിൽ നടന്ന തട്ടിപ്പിൽ അഗസ്റ്റിൻ സഹോദരന്മാരുടെ കൊച്ചിയിലെ വീടുകളിലും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ കളമശ്ശേരിയിലെ ഓഫിസിലും ഇവരുടെ വയനാട്ടിലെ വീടുകളിലുമാണ് എസ്.ഐ.ടി റെയ്ഡ് നടത്തിയത്. പുലർച്ചെ നാലു മണി മുതലാണ് പരിശോധന അരംഭിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382941/reporter-channel-police-raid-condemnable-p-jayarajan-criticizes-vd-satheesan-modi-path)