---
title: "'നിയമം നിയമത്തിൻ്റെ വഴിക്ക് പോകട്ടെ, തട്ടിപ്പുകാർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാവട്ടെ'; റിപ്പോർട്ടർ ടിവിയിലെ റെയ്ഡ് മാധ്യമസ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമല്ലെന്ന് വി.ടി. ബൽറാം"
english_title: " VT Balram Reporter TV Raid Not For News Financial Fraud Messi Scam SIT Search"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382898/vt-balram-reporter-tv-raid-financial-fraud-not-news"
published_at: "2026-09-16T11:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaa32ca4f13f_vt-balram-reporter-tv-raid-financial-fraud-not-news.jpg"
keywords: ["VT Balram", "Reporter TV Raid", "Messi Scam", "SIT Raid", "Financial Fraud"]
---

# 'നിയമം നിയമത്തിൻ്റെ വഴിക്ക് പോകട്ടെ, തട്ടിപ്പുകാർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാവട്ടെ'; റിപ്പോർട്ടർ ടിവിയിലെ റെയ്ഡ് മാധ്യമസ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമല്ലെന്ന് വി.ടി. ബൽറാം

> **Lead Summary:** **കോഴിക്കോട്: **ഏതെങ്കിലും വാർത്ത നൽകിയതിന്റെ പേരിലല്ല റിപ്പോർട്ടർ ടി.വിക്കെതിരെ പൊലീസ് അന്വേഷണമെന്നും, മറിച്ച് സ്ഥാപന ഉടമകൾ നടത്തിയ വിവിധ തട്ടിപ്പുകളുടെയും സാമ്പത്തിക തിരിമറികളുടെയും പേരിലാണ് റെയ്ഡ് നടത്തിയതെന്നും വി.ടി. ബൽറാം എം.എൽ.എ വ്യക്തമാക്കി. മാധ്യമസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമെന്ന തരത്തിലുള്ള വ്യാഖ്യാനങ്ങൾ തികച്ചും ബാലിശമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

## Article Content

**കോഴിക്കോട്: **ഏതെങ്കിലും വാർത്ത നൽകിയതിന്റെ പേരിലല്ല റിപ്പോർട്ടർ ടി.വിക്കെതിരെ പൊലീസ് അന്വേഷണമെന്നും, മറിച്ച് സ്ഥാപന ഉടമകൾ നടത്തിയ വിവിധ തട്ടിപ്പുകളുടെയും സാമ്പത്തിക തിരിമറികളുടെയും പേരിലാണ് റെയ്ഡ് നടത്തിയതെന്നും വി.ടി. ബൽറാം എം.എൽ.എ വ്യക്തമാക്കി. മാധ്യമസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമെന്ന തരത്തിലുള്ള വ്യാഖ്യാനങ്ങൾ തികച്ചും ബാലിശമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുന്നതിന്റെ പേരിൽ അഗസ്റ്റിൻ സഹോദരന്മാർ നടത്തിയ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടാണ് റെയ്ഡ് പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായി കൊച്ചിയിലെ അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകൾ, കളമശ്ശേരിയിലെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ ഓഫീസ്, വയനാട്ടിലെ വസതികൾ എന്നിവിടങ്ങളിൽ പുലർച്ചെ നാലു മണി മുതൽ എസ്.ഐ.ടി പരിശോധന ആരംഭിച്ചിട്ടുണ്ട്.

തട്ടിപ്പു കേസുകളിലും ക്രിമിനൽ കേസുകളിലും പൊലീസ് റെയ്ഡ് നടത്തുമ്പോൾ ആരോപണവിധേയരുടെയും ബന്ധപ്പെട്ടവരുടെയും പരിസരങ്ങളിൽ ഒരേസമയം പരിശോധന നടത്തുന്നതും ഫോണുകൾ താൽക്കാലികമായി പിടിച്ചുവെക്കുന്നതും സാധാരണ അന്വേഷണ നടപടിക്രമം മാത്രമാണെന്ന് ബൽറാം ചൂണ്ടിക്കാട്ടി. 

**ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം;**

ഏതെങ്കിലും വാർത്ത നൽകിയതിൻ്റെ പേരിലല്ല റിപ്പോർട്ടർ ടിവിക്കെതിരായ അന്വേഷണം, അതിൻ്റെ ഉടമകൾ നടത്തിയ പലതരം തട്ടിപ്പുകളുടേയും സാമ്പത്തിക തിരിമറികളുടേയും പേരിലാണ്. അതിനാൽത്തന്നെ മാധ്യമ സ്വതന്ത്ര്യത്തിനെതിരായ കടന്നുകയറ്റം എന്ന വ്യാഖ്യാനമൊക്കെ ബാലിശമാണ്.

തട്ടിപ്പുകേസുകളിലും മറ്റ് ക്രിമിനൽക്കേസുകളിലും പോലീസ് റെയ്‌ഡ് നടത്തുമ്പോൾ ആരോപണവിധേയരുടേയും അവരുടെ അടുത്തയാളുകളുടേയും എല്ലാ പരിസരങ്ങളിലും ഒരേ സമയം പരിശോധന നടത്തുകയും അവിടെയുള്ളവരുടെ ഫോണുകൾ തൽക്കാലത്തേക്ക് പിടിച്ചുവക്കുകയും ചെയ്യുന്നത് സാധാരണ നടപടിക്രമമാണ്.

കോടതിയുടെ വാറണ്ട് അനുസരിച്ചുള്ള നിയമപരമായ പരിശോധനകൾ മാത്രമാണ് ഇപ്പോൾ നടക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. അതിനോട് സഹകരിക്കുക എന്നത് കുറ്റാരോപിതരുടേയും കൂടെയുള്ളവരുടേയും ഉത്തരവാദിത്തമാണ്. ആവശ്യപ്പെട്ട മുറികൾ തുറന്നുനൽകാൻ സ്ഥാപനത്തിലുള്ളവർ തയ്യാറായില്ലെങ്കിൽ സ്വാഭാവികമായും അന്വേഷണസംഘത്തിന് മറ്റ് വഴി നോക്കേണ്ടിവരും.

നൽകിയ വാർത്തകളുടെ പേരിൽ മാധ്യമ ഓഫീസുകളിൽ റെയ്‌ഡ് നടന്ന സംഭവങ്ങൾ ഈ കേരളത്തിൽത്തന്നെ അധികം മുൻപല്ലാത്ത കാലത്ത് ഉണ്ടായിട്ടുണ്ട്. അതാണ് മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റം, അല്ലാതെ ഇപ്പോഴത്തേത് പോലെ തട്ടിപ്പുകേസിൽ നടത്തപ്പെടുന്ന അന്വേഷണമല്ല.

> എക്സാലോജിക് ഉടമക്കെതിരായ സാമ്പത്തിക ക്രമക്കേട് അന്വേഷണത്തെ പ്രതിപക്ഷ നേതാവിനും സിപിഎമ്മിനുമെതിരായ ഭരണകൂട വേട്ടയാടലായി ചിത്രീകരിക്കാൻ നോക്കുന്ന അതേ പരിഹാസ്യമായ അൽപ്പബുദ്ധി മാത്രമാണ് ഇപ്പോൾ "റിപ്പോർട്ടർ ടിവി സംരക്ഷണ സമിതി"ക്കാരും മുന്നോട്ടുവക്കുന്നത്. ഇഡിയുടെ കാർ തല്ലിപ്പൊളിച്ച് ജീവനക്കാരെ ആക്രമിച്ച ക്രിമിനൽക്കൂട്ടത്തിൻ്റെ ഡിജിറ്റൽ വേർഷനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ `മാധ്യമ സ്വാതന്ത്ര്യ വക്താക്കളായി അവതരിക്കുന്നവരിൽ കാണാനാവുന്നത്. നിയമം നിയമത്തിൻ്റെ വഴിക്ക് പോകട്ടെ, തട്ടിപ്പുകാർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാവട്ടെ.

English Summary:

VT Balram MLA said investigation against Reporter TV is not for any news report but for various frauds and financial irregularities committed by its owners. Calling it attack on media freedom is childish. In fraud and criminal cases, simultaneous search at all premises of accused and associates and temporary seizure of phones is normal procedure. SIT is raiding Augustine brothers' houses in Kochi, Reporter Broadcasting Company's office in Kalamassery and their houses in Wayanad in Messi Kerala fraud case. Search started from 4 am. Only legal searches as per court warrant are happening and it is responsibility of accused and associates to cooperate, he said.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382898/vt-balram-reporter-tv-raid-financial-fraud-not-news)