---
title: "കാസർകോട് ഒറ്റമാവുങ്കാലിൽ വീടിനടിയിൽ കണ്ടെത്തിയ ഗുഹയ്ക്ക് 72 മീറ്റർ നീളം; സദന്റെ സ്വപ്നവീട് ഇനി വാസയോഗ്യമല്ലെന്ന് വിദഗ്ധ സംഘം"
english_title: "72 Meter Long Cave Found Under House At Ottamavunkal Kasaragod House Uninhabitable Expert Team"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382879/72-meter-cave-found-under-house-ottamavunkal-kasaragod-house-uninhabitable"
published_at: "2026-09-16T10:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaa245bdcd46_72-meter-cave-found-under-house-ottamavunkal-kasaragod-house-uninhabitable.jpg"
keywords: ["Ottamavunkal Cave", "Kasaragod Sinkhole", "Ground Penetrating Radar", "NCESS"]
---

# കാസർകോട് ഒറ്റമാവുങ്കാലിൽ വീടിനടിയിൽ കണ്ടെത്തിയ ഗുഹയ്ക്ക് 72 മീറ്റർ നീളം; സദന്റെ സ്വപ്നവീട് ഇനി വാസയോഗ്യമല്ലെന്ന് വിദഗ്ധ സംഘം

> **Lead Summary:** ബന്തടുക്ക : കാസർകോട് ഒറ്റമാവുങ്കാലിൽ പണിപൂർത്തിയായ വീടിനടിയിൽ കണ്ടെത്തിയ ഗുഹയ്ക്ക് 72 മീറ്റർ നീളവും അഞ്ചര മീറ്ററോളം വ്യാസവും. തിരുവനന്തപുരം ഭൗമശാസ്ത്ര ഗവേഷണ കേന്ദ്രത്തിലെ വിദഗ്ധ സംഘം സ്ഥലത്തെത്തി ഗ്രൗണ്ട് പെനട്രേഷൻ റഡാർ ഉപയോഗിച്ചാണ് ഭൂമിയുടെ ഉപരിതലവും ഗുഹയുടെ ഉൾവശവും പരിശോധിച്ചത്.

## Article Content

ബന്തടുക്ക : കാസർകോട് ഒറ്റമാവുങ്കാലിൽ പണിപൂർത്തിയായ വീടിനടിയിൽ കണ്ടെത്തിയ ഗുഹയ്ക്ക് 72 മീറ്റർ നീളവും അഞ്ചര മീറ്ററോളം വ്യാസവും. തിരുവനന്തപുരം ഭൗമശാസ്ത്ര ഗവേഷണ കേന്ദ്രത്തിലെ വിദഗ്ധ സംഘം സ്ഥലത്തെത്തി ഗ്രൗണ്ട് പെനട്രേഷൻ റഡാർ ഉപയോഗിച്ചാണ് ഭൂമിയുടെ ഉപരിതലവും ഗുഹയുടെ ഉൾവശവും പരിശോധിച്ചത്.

കുഴലീകൃത മണ്ണൊലിപ്പാണ് ഗുഹ രൂപം കൊള്ളാൻ കാരണമെന്ന് സംഘം പരിശോധനയിൽ കണ്ടെത്തി. വീട് വാസയോഗ്യമല്ലെന്നാണ് സംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ. ​ദിവസവും വലിയ തോതിൽ മണ്ണിടിഞ്ഞ് ഗുഹയുടെ വലുപ്പം കൂടുന്നതായി സംഘം കണ്ടെത്തി.

വീടിന് താഴെയുള്ള 150 മീറ്ററോളം അകലെ തോട്ടത്തിലുള്ള കുളത്തിലേക്കാണ് ഗുഹയിലെ വെള്ളം ഒഴുകിയെത്തുന്നത്. വേനൽ ശക്തമാവുന്ന സമയത്ത് കൂടുതൽ പരിശോധന നടത്തുമെന്ന് സംഘം അറിയിച്ചു.

സബ്ജക്ട് എക്സ്പേർട്ട് സീനിയർ സയന്റിസ്റ്റ് ജി ശങ്കർ, ഡോ. ശ്രാവൺകുമാർ, സുരേഷ് കുമാർ, ഡോ പ്രാൻഷു മിശ്ര, എൽദോസ് കുര്യാക്കോസ്, ഡോ പഞ്ചമി എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

കുറ്റിക്കോൽ പഞ്ചായത്തിലെ കരിവേടകം ആനക്കല്ല് ഒറ്റമാവുങ്കാലിലെ കെ സദൻ പുതുതായി നിർമിച്ച കോൺക്രീറ്റ്‌ വീടിന്റെ പിറകുവശത്ത്‌ മണ്ണുമാന്തി ഉപയോഗിച്ച്‌ കക്കൂസ്‌ കുഴിയെടുക്കുമ്പോൾ ജൂലൈ 26നാണ്‌ ഗുഹ രൂപപ്പെട്ടത്‌.

കുഴി രണ്ട്‌ മീറ്റർ താഴ്‌ചയിലെത്തിയപ്പോഴാണ്‌ പെട്ടെന്ന്‌ മണ്ണ്‌ താഴ്ന്ന്‌ വലിയ വിസ്‌തൃതിയിലും ആഴത്തിലും കുഴിയുണ്ടാവുകയായിരുന്നു. വീട് വാസയോഗ്യമല്ലാതായതിന്റെ മനോവിഷമത്തിലായിരുന്നു ഒന്നരമാസമായി സദനും കുടുംബവും.

വീടിന്റെ പണി പൂർത്തിയായി ആഗസ്‌ത്‌ 28ന്‌ ഗൃഹപ്രവേശം തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ്‌ ഗർത്തം ശ്രദ്ധയിൽപെട്ടത്‌.

ടൈൽസ് ജോലിക്കാരനായ സദൻ മൂന്നുവർഷം മുമ്പാണ് വീട്‌ നിർമാണം തുടങ്ങിയത്. വീട്‌ വാസയോഗ്യമല്ലാതായതോടെ പകരം പുതിയ വീട് നിർമിച്ചുനൽകാൻ സിപിഐ എം നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ തീരുമാനിച്ചിട്ടുണ്ട്‌.

**English Summary:**

Expert team from National Centre for Earth Science Studies Thiruvananthapuram found 72-meter long and about 5.5 meter wide cave under newly built house at Ottamavunkal, Kasaragod, using Ground Penetrating Radar. Cause is identified as piping soil erosion. Preliminary assessment is house is uninhabitable. Team found soil caving daily enlarging cave, water flows to pond 150m below house, more study in summer. Team includes Senior Scientist G Shankar, Dr Sravan Kumar, Suresh Kumar, Dr Pranshu Mishra, Eldos Kuriakose, Dr Panchami. Cave formed July 26 while digging septic pit 2m deep behind concrete house of K Sadan at Karivedakam Anakallu Ottamavunkal, Kuttikol panchayat, whose housewarming was scheduled Aug 28. Tiles worker Sadan started construction three years ago, family distressed for 1.5 months. CPM-led peoples collective decided to build new house.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382879/72-meter-cave-found-under-house-ottamavunkal-kasaragod-house-uninhabitable)