---
title: "മെസ്സിയുടെ പേരിൽ 126 കോടിയുടെ തട്ടിപ്പ്; അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും ആർ.ബി.സി ഓഫീസിലും എസ്.ഐ.ടി റെയ്ഡ്"
english_title: "Messi Kerala Visit Scam SIT Raids Augustine Brothers Residences And RBC Office"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382844/messi-kerala-visit-scam-sit-raid-augustine-brothers-rbc-office"
published_at: "2026-09-16T07:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa9f5e597cc5_messi-kerala-visit-scam-sit-raid-augustine-brothers-rbc-office.jpg"
keywords: ["Lionel Messi Kerala Scam", "SIT Raid Kochi", "Augustine Brothers", "Reporter Broadcasting Corporation"]
---

# മെസ്സിയുടെ പേരിൽ 126 കോടിയുടെ തട്ടിപ്പ്; അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും ആർ.ബി.സി ഓഫീസിലും എസ്.ഐ.ടി റെയ്ഡ്

> **Lead Summary:** **കൊച്ചി: ** ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ കോടികളുടെ സാമ്പത്തിക തട്ടിപ്പ കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ വ്യാപക റെയ്ഡ്.

## Article Content

**കൊച്ചി: ** ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ കോടികളുടെ സാമ്പത്തിക തട്ടിപ്പ കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ വ്യാപക റെയ്ഡ്.

ആന്റണി അഗസ്റ്റിൻ, റോജി അഗസ്റ്റിൻ എന്നിവരുൾപ്പെടുന്ന അഗസ്റ്റിൻ സഹോദരന്മാരുടെ കൊച്ചിയിലെ വീടുകൾ, വയനാട്ടിലെ കുടുംബവീട്, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ (RBC) ഓഫീസ് ഉൾപ്പെടെയുള്ള അഞ്ച് കേന്ദ്രങ്ങളിലാണ് ഒരേസമയം പരിശോധന നടക്കുന്നത്. തൃക്കാക്കര എ.സി.പിയുടെ നേതൃത്വത്തിൽ കോടതി വാറണ്ടോടെ പുലർച്ചെ മുതലായിരുന്നു അപ്രതീക്ഷിത റെയ്ഡ്.

മെസ്സിയുടെ സന്ദർശനത്തിന്റെ പേരിൽ വിദേശ അക്കൗണ്ടിലേക്ക് 126 കോടി രൂപ കൈമാറിയതിലും കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിക്കൽ എന്നിവയിലുമാണ് അന്വേഷണം. ടെൻഡറുകളില്ലാതെ സ്വകാര്യ കമ്പനിക്ക് സ്പോൺസർഷിപ്പ് നൽകിയതിൽ കായിക വകുപ്പ് ഗുരുതര വീഴ്ച കണ്ടെത്തിയിരുന്നു.

വിദേശത്തേക്ക് പണം അയച്ചതിൽ ഫെമ (FEMA) ചട്ടലംഘനങ്ങൾ നടന്നതായും സന്ദർശനം സംബന്ധിച്ച് അർജന്റീന ടീമിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

എ.ഡി.ജി.പി പി. വിജയന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സ്പോൺസർ കമ്പനിയുടെ അക്കൗണ്ടിലേക്ക് എത്തിയ കോടികളുടെ സ്രോതസ്സും, ഒരു വർഷത്തിനിടെ ഈടായി നൽകിയ ഭൂമിയുടെ വിലയിലുണ്ടായ അസാധാരണ വർധനവും പരിശോധിച്ചുവരികയാണ്. കായികവകുപ്പും ജി.എസ്.ടി വകുപ്പും നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കേസിൽ നിർണായക രേഖകൾ കണ്ടെടുക്കാൻ എസ്.ഐ.ടി നടപടി കടുപ്പിച്ചത്.

**English Summary:**

The Special Investigation Team (SIT) launched simultaneous raids at five locations, including the residences of the Augustine brothers and the RBC (Reporter Broadcasting Corporation) office in Kochi, regarding the ₹126 crore Lionel Messi Kerala visit sponsorship scam. Led by ADGP P. Vijayan and Trikkakara ACP, the searches follow allegations of money laundering, tax evasion, and FEMA violations associated with transferring funds to foreign accounts without official confirmation from the Argentine football team.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382844/messi-kerala-visit-scam-sit-raid-augustine-brothers-rbc-office)