---
title: "തിരുവല്ലത്ത് ജല അതോറിറ്റി പമ്പ് ഓപ്പറേറ്ററെ ആക്രമിച്ച് സ്വർണമാല കവർന്നു; ബൈക്കിലെത്തിയ മൂന്നംഗ സംഘത്തിനായി തിരച്ചിൽ"
english_title: " Water Authority Pump Operator Attacked Gold Chain Robbed At Thiruvallam Thiruvananthapuram Three Member Bike Gang"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382823/water-authority-operator-attacked-gold-chain-robbed-thiruvallam-thiruvananthapuram"
published_at: "2026-09-15T22:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa9787b8aede_water-authority-operator-attacked-gold-chain-robbed-thiruvallam-thiruvananthapuram.jpg"
keywords: ["Pump Operator Attack", "Gold Chain Robbery", "Thiruvananthapuram News", "Crime News"]
---

# തിരുവല്ലത്ത് ജല അതോറിറ്റി പമ്പ് ഓപ്പറേറ്ററെ ആക്രമിച്ച് സ്വർണമാല കവർന്നു; ബൈക്കിലെത്തിയ മൂന്നംഗ സംഘത്തിനായി തിരച്ചിൽ

> **Lead Summary:** തിരുവല്ലം (തിരുവനന്തപുരം): ജല അതോറിറ്റിയുടെ പമ്പ് ഓപ്പറേറ്ററെ ആക്രമിച്ച ശേഷം കഴുത്തിലുണ്ടായിരുന്ന രണ്ടുപവന്റെ സ്വർണമാല പൊട്ടിച്ചെടുത്തു.

## Article Content

തിരുവല്ലം (തിരുവനന്തപുരം): ജല അതോറിറ്റിയുടെ പമ്പ് ഓപ്പറേറ്ററെ ആക്രമിച്ച ശേഷം കഴുത്തിലുണ്ടായിരുന്ന രണ്ടുപവന്റെ സ്വർണമാല പൊട്ടിച്ചെടുത്തു.

വെള്ളായണിക്കായലിന് സമീപം വവ്വാമൂലയിലുളള പമ്പ് ഹൗസിലെ ഓപ്പറേറ്ററും പാറശ്ശാല പുത്തൻകട നെടുവാൻവിള സ്വദേശി ഹരിഹര സുധനെ(54) ആണ് ബൈക്കിലെത്തിയ മൂന്നംഗ സംഘം മുഖത്ത് പെപ്പർ സ്പ്രേ അടിച്ചശേഷം മർദിച്ച് കഴുത്തിലുണ്ടായിരുന്ന സ്വർണമാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞത്. അക്രമികൾ ഹെൽമറ്റ് ധരിച്ച് മുഖംമറച്ചിരുന്നു.

അക്രമികളെ കണ്ടെത്തുന്നതിന് തിരുവല്ലം പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു. ചൊവ്വാഴ്ച പുലർച്ചെ 1.10 ഓടെയാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. പമ്പ് ഹൗസിലേക്ക് ഓടിക്കയറിയ സംഘം ഹരിഹര സുധനെ ബലപ്രയോഗത്തിലൂടെ കസേരയിൽ ഇരുത്തിയശേഷം മാലപൊട്ടിച്ചെടുക്കാൻ ശ്രമിച്ചു.

ഹരിഹര സുധൻ ഇത് കൈകൊണ്ട് തടഞ്ഞു. പ്രകോപിതരായ സംഘം, ഹരിഹര സുധനെ മുഖത്തും ദേഹത്തും അടിച്ചു. തുടർന്ന് മുഖത്ത് പെപ്പർ സ്പ്രേ അടിച്ചശേഷം മാലപൊട്ടിച്ചെടുത്ത് ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.

പോലീസ് കൺട്രോൾ റൂമിൽ വിളിച്ച് ഹരിഹര സുധൻ സഹായം തേടിയതോടെയാണ് തിരുവല്ലം പോലീസ് സ്ഥലത്തെത്തിയത്. ഹരിഹര സുധനെ വിഴിഞ്ഞം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവല്ലം പോലീസ് കേസെടുത്തു. പ്രതികളെ കണ്ടെത്തുന്നതിനുളള അന്വേഷണം തുടങ്ങിയെന്ന് സി.ഐ വി.എം. ശ്രീകുമാർ പറഞ്ഞു.

**English Summary:**

Water Authority pump operator at Vavvamoola pump house near Vellayani lake, Thiruvallam, was allegedly attacked and his two sovereign gold chain robbed by three-member bike gang wearing helmets covering face, police said. Victim is Parassala Puthankada Neduvanvila native Harihara Sudhanan 54. Gang allegedly forced him to chair, tried to snatch chain, beat him on face and body when he resisted, sprayed pepper spray and fled on bike. Incident was around 1.10 am Tuesday. Victim called control room, Thiruvallam police reached, admitted him to Vizhinjam hospital, case registered. CI VM Sreekumar said special investigation team formed and probe started.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382823/water-authority-operator-attacked-gold-chain-robbed-thiruvallam-thiruvananthapuram)